കത്തിക്കരിഞ്ഞ മൃതദേഹത്തിൽ നിന്ന് രേഖാചിത്രം; പുറത്ത് വിട്ട് ക്രൈംബ്രാഞ്ച്

കോഴിക്കോട് പറമ്പിൽ ബസാറിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ കേസിൽ മരിച്ചയാളുടെ രേഖചിത്രം ക്രൈം ബ്രാഞ്ച് പുറത്തു വിട്ടു. രണ്ടര വർഷം മുൻപ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് ഫേഷ്യൽ റീ കൺസ്‌ട്രേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് രേഖാചിത്രം തയ്യാറാക്കിയത്.
2017 സെപ്റ്റംബർ 14 നാണ് കോഴിക്കോട് പറമ്പിൽ ബസാർ പോലൂരിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ കയറിട്ട് മുറുക്കിയതാണ് മരണകാരണം എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടും വന്നു. ചേവായൂർ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും കേസ് എങ്ങും എത്തിയില്ല. തുടർന്ന് 2018 ലാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. ഫേഷ്യൽ റീ കൺസ്‌ട്രേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് മരിച്ച ആളുടെ രേഖ ചിത്രം അന്വേഷണ സംഘം തയ്യാറാക്കുകയായിരുന്നു. ഇയാളെ കുറിച്ച് അറിയുന്നവർ അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് ക്രൈം ബ്രാഞ്ച് ഐ ജി ഇ ജെ ജയരാജ് പറഞ്ഞു.
ഇക്കഴിഞ്ഞ മാർച്ച് 13 നാണ് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് ഫേഷ്യൽ റീ കാൻസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചത്. മരിച്ച ആളെ തിരിച്ചറിഞ്ഞാൽ മാത്രമേ കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ വിവരം അറിയാൻ സാധിക്കുകയുള്ളൂ. കേസിൽ ഉടൻ വഴിത്തിരിവ് ഉണ്ടാവുമെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
story highlights- kozhikode, facial reconstruction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here