Advertisement

ജലസേചന വകുപ്പ് ആവശ്യമായ മഴക്കാല മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചു: മന്ത്രി കെ കൃഷ്ണന്‍കുട്ടി

May 18, 2020
Google News 1 minute Read
Irrigation Department adopts necessary monsoon preparations

മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. കേരളത്തില്‍ ജലസേചന വകുപ്പിന് കീഴില്‍ 16 ഡാമുകളും 4 ബാരേജുകളും നിലവിലുണ്ട്. 16 ഡാമുകളുടെ മൊത്ത സംഭരണശേഷി 1570.99 ദശലക്ഷം ഘനമീറ്റര്‍ ആണ്. ഞായറാഴ്ചത്തെ നിലയില്‍ ജലസേചനവകുപ്പിന്റെ കീഴിലുള്ള ഡാമുകളില്‍ 39.17 ശതമാനം (615.35 ദശലക്ഷം ഘനമീറ്റര്‍) ജലം ഉണ്ട്.

ജല സേചന വകുപ്പില്‍ കേന്ദ്ര ജല കമ്മീഷന്‍ നിഷ്‌കര്‍ഷിച്ച പ്രകാരം തയാറാക്കിയ 14 എമര്‍ജന്‍സി ആക്ഷന്‍ പ്ലാനില്‍ 12 എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ (നെയ്യാര്‍, മലങ്കര, ചിമ്മിനി, വാഴാനി, മലമ്പുഴ, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, ചുള്ളിയാര്‍, മീങ്കര, വാളയാര്‍, കുറ്റ്യാടി, പഴശ്ശി), ജലസേചന വകുപ്പിന്റെ വെബ്‌സൈറ്റിലും, കേന്ദ്ര ജല കമ്മീഷന്റെ, ഡാം സേഫ്റ്റി വെബ്‌സൈറ്റിലും പ്രസിദ്ധികരിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും കൈമാറിയിട്ടുണ്ട്. ഇതിന്‍ പ്രകാരം പാലക്കാട് ജില്ലയിലെ 6 ഡാമുകളുടെ സ്റ്റേക്ക് ഹോള്‍ഡേഴ്സ് മീറ്റിംഗ് മാര്‍ച്ച് 2020 ല്‍ നടത്തി. കല്ലട, പീച്ചി എന്നിവയുടെ എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ പ്രസിദ്ധികരിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുവരുകയാണ്. ഏഴ് ദിവസത്തിനകം ഇവ പ്രസിദ്ധീകരിക്കും.

ജല സേചന വകുപ്പിന് കീഴിലുള്ള 18 ഡാമുകളുടെ ബാരേജ് ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റെനന്‍സ് മാനുവല്‍ തയാറാക്കിയിട്ടുണ്ട്. കേന്ദ്ര ജല കമ്മീഷന്റെ നിര്‍ദേശാനുസരണം 11 ഡാമുകളുടെയും (നെയ്യാര്‍, കല്ലട, മലങ്കര, പീച്ചി, ചിമ്മിനി, വാഴാനി, മലമ്പുഴ, പോത്തുണ്ടി, ചുള്ളിയാര്‍, മീങ്കര, വാളയാര്‍) ഭൂതത്താന്‍കെട്ട് ബാരേജിന്റെയും ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റെനന്‍സ് മാനുവല്‍ പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

കേന്ദ്ര ജല കമ്മീഷന്റെ നിര്‍ദേശാനുസരണം 200 ദശലക്ഷം ഘനമീറ്ററിന് മുകളില്‍ സംഭരണശേഷിയുള്ള ഡാമുകളുടെ വെള്ളപൊക്ക നിയന്ത്രണത്തിനായിട്ടാണ് സാധാരണ റൂള്‍ കര്‍വ് വിഭാവനം ചെയ്യുന്നത്. ജല സേചന വകുപ്പിന് കിഴില്‍ രണ്ട് ഡാമുകള്‍മാത്രമാണ് (കല്ലട, മലമ്പുഴ) 200 ദശലക്ഷം ഘനമീറ്ററിനു മുകളില്‍ സംഭരണശേഷിയുള്ളവ. എന്നാല്‍ ജലസേചന വകുപ്പിന് കീഴിലുള്ള പ്രധാനപ്പെട്ട 10 ഡാമുകളുടെ റൂള്‍ കര്‍വ് തയാറാക്കുവാന്‍ ജലസേചന വകുപ്പ് നടപടി സ്വീകരിക്കുകയും, ഈ ഡാമുകളുടെ (നെയ്യാര്‍, കല്ലട, പീച്ചി, ചിമ്മിനി, വാഴാനി, മലമ്പുഴ, പോത്തുണ്ടി, മംഗലം, കാഞ്ഞിരപ്പുഴ, കുറ്റ്യാടി) കരട് റൂള്‍ കര്‍വ് ചീഫ് എഞ്ചിനീയര്‍മാരുടെ കമ്മിറ്റി അംഗീകരിച്ച് ഡാം എഞ്ചിനീയര്‍മാര്‍ക്ക് നടപടികള്‍ക്കായി നല്‍കിയിട്ടുണ്ട്.

മലങ്കര ഡാമിന്റെ ജലനിരപ്പ് ഏതാണ്ട് മൂന്നാം വാണിംഗ് ലെവല്‍ എത്തിയ സ്ഥിതിക്ക് ഡാമിന്റെ ഷട്ടര്‍ 20 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. കല്ലട, പീച്ചി എന്നീ ഡാമുകളുടെ ജല നിരപ്പ് മഴക്കാലത്തിനു മുന്‍പ് ഉയരുകയാണെങ്കില്‍ നിയന്ത്രിക്കുവാനായി ജില്ലാ ഭരണാധികാരികളുമായി തീരുമാനിച്ച നടപടിയെടുക്കുവാന്‍ ഡാം എഞ്ചിനീര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

ജലസേചന വകുപ്പിനു കീഴിലുള്ള ഡാമുകളുടെ ജലനിരപ്പുകള്‍ അതതു ദിവസം 8 മണി, 12 മണി, 4 മണി എന്നീസമയങ്ങളില്‍ രേഖപ്പെടുത്തി മേലധികാരികള്‍ക്ക് സമര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
എല്ലാ ഡാമുകളിലും മഴക്കാലത്ത് മുഴുവന്‍ സമയ നിരീക്ഷണത്തിനായി ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് ഇടുവാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ എല്ലാ ഡാമുകളിലും സാറ്റ്‌ലൈറ്റ് ഫോണ്‍ നല്‍കിയിട്ടുണ്ട്. ജലസേചന വകുപ്പിന് കീഴിലുള്ള ഡാമുകളില്‍, കാലവര്‍ഷത്തിനു മുന്നോടിയായി വിശദമായ ഡാം സുരക്ഷാ പരിശോധന നടത്തിയിട്ടുണ്ട്. ഡാം ഗേറ്റുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുകയും, അടിയന്തിര സാഹചര്യങ്ങളില്‍ ഗേറ്റ് ഓപ്പറേറ്റ് ചെയ്യുന്നതിനായി ഡിജി സെറ്റുകളുടെ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ ഡാമിന്റെയും നിലവിലെ സ്ഥിതി വിലയിരുത്തി മഴക്കാലത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ നിര്‍ദ്ദേശങ്ങള്‍ ഡാം എഞ്ചിനീയര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

 

Story Highlights: Irrigation Department adopts necessary monsoon preparations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here