കോട്ടയത്ത് ഇന്ന് രണ്ട് യുവാക്കൾക്ക് കൊവിഡ്

kottayam coronavirus

കോട്ടയം ജില്ലയിൽ ഇന്ന് രണ്ടു പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്നുവന്ന അതിരമ്പുഴ സ്വദേശിയുടെയും (29) മഹാരാഷ്ട്രയിൽ നിന്നും വന്ന മുണ്ടക്കയം മടുക്ക സ്വദേശിയുടെയും(23) സാമ്പിൾ പരിശോധനാ ഫലമാണ് പോസിറ്റീവായത്.

മെയ് ഏഴിന് അബുദാബി – കൊച്ചി വിമാനത്തിൽ നാട്ടിലെത്തിയ അതിരമ്പുഴ സ്വദേശി കോട്ടയം കോതനല്ലൂരിലെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയുകയായിരുന്നു. ഇതേ വിമാനത്തിൽ സഞ്ചരിച്ചിരുന്ന എറണാകുളം സ്വേദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ യുവാവ് ഉൾപ്പെടെ കോട്ടയം ജില്ലയിൽ എത്തിയ സഹയാത്രികരായ എട്ടു പേരുടെയും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ മറ്റ് ഏഴു പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. രോഗം സ്ഥീരീകരിച്ചതിനെത്തുടർന്ന് യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു.

Read Also: സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൊവിഡ്

മഹാരാഷ്ട്രയിൽ നിന്ന് മെയ് 13ന് ബസിൽ കോഴിക്കോട്ട് എത്തിയ മടുക്ക സ്വദേശിയെ പിതാവും പിതൃസഹോദരനും അവിടെയെത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ഇയാൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. ഇപ്പോൾ ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വിഭാഗത്തിലാണ്. പിതാവ്, പിതൃസഹോദരൻ, വീട്ടിലെത്തിയ ശേഷം യുവാവുമായി സമ്പർക്കം പുലർത്തിയ അമ്മ, സഹോദരൻ എന്നിവർ ഹോം ക്വാറന്റീനിലാണ്. യുവാവിനൊപ്പം മഹാരാഷ്ട്രയിൽ നിന്ന് ബസിൽ സഞ്ചരിച്ച പാലക്കാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയിൽ കൊവിഡ്-19 ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം നാലായി. നേരത്തെ വിദേശത്തുനിന്നെത്തി രോഗം സ്ഥിരീകരിച്ച ഉഴവൂർ സ്വേദേശിനിയും രണ്ടു വയസുള്ള മകനും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്.

മെയ് ഒൻപതിന് കുവൈറ്റിൽനിന്നെത്തിയ വിമാനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ വിമാനത്തിൽ വന്ന് കോതനല്ലൂരിലെ ക്വാറന്റീൻ കേന്ദ്രത്തിൽ താമസിച്ചിരുന്ന ഒൻപതു പേരുടെ സാമ്പിളുകൾ പരിശോധിച്ചിരുന്നു. എല്ലാവരുടെയും ഫലം നെഗറ്റീവാണ്.

 

kottayam, coronavirus, covidനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More