പീച്ചി ഡാം ഷട്ടറുകൾ നാളെ തുറക്കും

peechi dam shutter to be opened tomorrow

കാലവർഷമെത്തുന്നത് കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തൃശൂർ പീച്ചി ഡാമിൽ നിന്നു നാളെ വെള്ളം തുറന്നു വിടും. ഷട്ടറുകൾ തുറക്കുന്നതിന് പകരം റിവർ സ്ലൂയിസ് വാൽവ് വഴിയായിരിക്കും വെള്ളം തുറന്നു വിടുക. വൈദ്യുതി ഉത്പാദനത്തിന് ശേഷം വെള്ളം മണലിപ്പുഴയിലേക്ക് നിയന്ത്രിത അളവിൽ ഒഴുക്കി വിടും.

പ്രളയ ശേഷം ഡാമുകളുടെ സുരക്ഷ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡാമുകളിൽ റൂൾ കർവുകൾ നിർമിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചിരുന്നു. ഇതിന്റെ നിർമാണ പ്രവർത്തികൾക്കായാണ് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നത്. ആകെ 79.25 മീറ്ററാണ് നിലവിൽ ഡാമിന്റെ സംഭരണ ശേഷി. എന്നാൽ ഇപ്പോഴുള്ള ജലനിരപ്പ് 69.70 മീറ്ററാണ്.

നാളെ രാവിലെ എഴ് മണിയ്ക്ക് ഡാമിന്റെ റിവർ സ്ലൂയിസ് വാൽവുകൾ തുറന്ന് വൈദ്യുതി ഉത്പാദനം നടത്തുന്നതിനായി വെള്ളം ഒഴുക്കി തുടങ്ങും. ഉത്പാദന ശേഷം നിയന്ത്രിത അളവിൽ മണലിപ്പുഴയിലേയ്ക്ക് വെള്ളം തുറന്നു വിടാനാണ് തീരുമാനം.

നിലവിൽ ഇടതുകര കനാലിലൂടെ ഡാമിൽ നിന്നു വെള്ളം തുറന്നുവിട്ടുണ്ട്. സ്ലൂയിസ് വാൽവ് വഴി പുറത്തേക്ക് വിടുന്ന വെള്ളം ഒഴുകിയെത്തി മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നേരിയ തോതിൽ ഉയരുവാൻ സാധ്യതയുണ്ടെന്നും പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ, മത്സ്യബന്ധനം നടത്തുന്നവർ എന്നിവരെല്ലാം ജാഗ്രത പുലർത്തണമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചിട്ടുണ്ട്.

Story Highlights- peechi dam shutter to be opened tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top