Advertisement

പ്രളയനിയന്ത്രണം: നദീതട അടിസ്ഥാനത്തില്‍ നിരീക്ഷണ സമിതികള്‍ രൂപീകരിക്കും

May 19, 2020
Google News 2 minutes Read
Kerala Flood control: Monitoring committees will be formed

പ്രളയ പ്രതിരോധത്തിനായി നദീതട അടിസ്ഥാനത്തില്‍ നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സംസ്ഥാനത്ത് പെയ്യുന്ന മഴയുടെ അടിസ്ഥാനത്തില്‍ ഡാമുകളിലെ ജലസംഭരണവും തുറന്നുവിടലും ക്രമീകരിക്കുന്നതിനാണ് നദീതട അടിസ്ഥാനത്തില്‍ നിരീക്ഷണ സമിതികള്‍ രൂപീകരിക്കുന്നത്. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന ജലവിഭവ വകുപ്പ് സെക്രട്ടറി, ചീഫ് എന്‍ജിനീയര്‍മാര്‍ എന്നിവരുടെ യോഗത്തിലാണ് തീരുമാനം.

ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍മാരായിരിക്കും ഈ നിരീക്ഷണ സമിതികളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുക. സമായാസമയങ്ങളില്‍ യോഗം ചേരുകയും ലഭിക്കുന്ന മഴ, കാലാവസ്ഥ പ്രവചനം അനുസരിച്ച ലഭിച്ചേക്കാവുന്ന മഴ തുടങ്ങിയവ വിശകലനം ചെയ്ത് തുറന്നുവിടേണ്ട ജലത്തിന്റെ അളവ് നിശ്ചയിക്കുകയും ചെയ്യുക ഈ നിരീക്ഷണ സമിതികളായിരിക്കും. നിരീക്ഷണ വിവരങ്ങള്‍ കൃത്യമായി മേലധികാരികള്‍ക്ക് നല്‍കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്ക് ലഭിക്കാനായി ഐഡിആര്‍ബിയുടെ വെബ്സൈറ്റിലും അപ്ലോഡ് ചെയ്യും.

പ്രളയം നേരിടുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ഡാമുകളിലെയും റെഗുലേറ്ററുകളിലെയും ജലത്തിന്റെ ഒഴുക്ക് തടസപ്പെടാതിരിക്കാനുള്ള അടിയന്തര പ്രവൃത്തികള്‍ക്കായി ജലസേചന വകുപ്പിലെ എക്സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ക്ക് 30 ലക്ഷം രൂപ വീതം അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്താകെ 24 എക്സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ക്കാണ് ഈ തുക അനുവദിച്ചത്. മുന്‍കൂര്‍ പണം ലഭ്യമാക്കുന്നതിനാല്‍ അടിയന്തര പ്രവൃത്തികള്‍ക്ക് അനുമതി തേടി പണം അനുവദിച്ചുവരുന്നതുവരെയുള്ള കാലതാമസം ഒഴിവാക്കാനാവും. ഡാമുകളിലെയും റെഗുലേറ്ററുകളിലെയും അത്യാവശ്യ പ്രവൃത്തികള്‍, ജലത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കല്‍, ഒടിഞ്ഞുവീണ മരങ്ങളും മറ്റും നീക്കം ചെയ്യല്‍ തുടങ്ങിയ പ്രവൃത്തികള്‍ ഇതില്‍ ഉള്‍പ്പെടും.

നിലവില്‍ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. കല്ലട, പീച്ചി എന്നീ ഡാമുകളുടെ ജല നിരപ്പ് മഴക്കാലത്തിനു മുന്‍പായി ഉയരുകയാണെങ്കില്‍ നിയന്ത്രിക്കുവാനായി ജലം തുറന്നുവിടേണ്ടിവരും. ഇക്കാര്യം ജില്ലാ ഭരണാധികാരികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ഡാം എന്‍ജിനീര്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 8 മണി, ഉച്ചയ്ക്ക് 12 മണി, വൈകിട്ട് 4 മണി എന്നീ സമയങ്ങളില്‍ ഡാമുകളിലെ ജല നിരപ്പ് രേഖപ്പെടുത്തും. ഇവരുടെ ഉപയോഗത്തിനായി സാറ്റ്ലൈറ്റ് ഫോണ്‍ നല്‍കിക്കഴിഞ്ഞു.
വകുപ്പിന് കീഴിലുള്ള ഡാമുകളില്‍ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും മഴക്കാലത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച നിര്‍ദേശങ്ങളും ഡാം എന്‍ജിനീര്‍മാര്‍ക്ക് കൈമാറുകയും ചെയ്തു. ഡാം ഗേറ്റുകളുടെ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തിവരുന്നു. അടിയന്തിര സാഹചര്യങ്ങളില്‍ ഗേറ്റ് ഓപ്പറേറ്റ് ചെയ്യുന്നതിനായി ഡിജി സെറ്റുകള്‍ ലഭ്യമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു.

 

Story Highlights: Kerala Flood control: Monitoring committees will be formed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here