സംസ്ഥാനത്ത് ഇതുവരെ സാമൂഹവ്യാപനമില്ല; ഇനി ഭയക്കേണ്ടത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ: മുഖ്യമന്ത്രി

cm pinarayi vijayan

സംസ്ഥാനത്ത് ഇതുവരെ സാമൂഹവ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരുടെ എണ്ണം പരിമിതമാണ്. എന്നാല്‍ ഇനി ഭയപ്പെടേണ്ടത് സമ്പര്‍ക്കത്തെ തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ബ്രേക്ക് ദ ചെയിന്‍, ക്വാറന്റീന്‍, റിവേഴ്‌സ് ക്വാറന്റീന്‍ ഇവയെല്ലാം കൂടുതല്‍ ശക്തമായി തുടരണം. കേരളം പുതിയ രോഗികളുടെ എണ്ണം വര്‍ധിക്കാതെ പിടിച്ചുനിന്നിരുന്നു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തിത്തുടങ്ങിയപ്പോള്‍ പ്രതിക്ഷിച്ചപോലെ കൊവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം വര്‍ധിച്ചു. അടുത്ത ഘട്ടം സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനമാണ്. ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരുടെ എണ്ണം പരിമിതമാണ്.

ഭയപ്പെടേണ്ടത് സമ്പര്‍ക്കത്തെ തന്നെയാണ്. പ്രായാധിക്യമുള്ളവര്‍, ക്വാറന്റീനിലുള്ളവര്‍ തുടങ്ങിയ രോഗ സാധ്യതയുള്ള മുന്‍ഗണനാ പട്ടികയിലുള്ളവരെ ആരോഗ്യ പ്രവര്‍ത്തകര്‍ ടെസ്റ്റ് ചെയ്യുന്നത് രോഗ ബാധ എത്രത്തോളം സമൂഹത്തില്‍ നിലനില്‍ക്കുന്നുവെന്ന് മനസിലാക്കാനാണ്.

ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 5630 പേരുടെ സാമ്പിളുകളാണ് ശേഖരിച്ചത്. ഇതില്‍ 5340 പേരുടെ ഫലം നെഗറ്റീവായി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഇതേവരെ കേവലം നാലുപേര്‍ക്ക് മാത്രമാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. ഇതിനര്‍ത്ഥം കൊവിഡ് രോഗത്തിന്റെ സാമൂഹ്യ വ്യാപനം കേരളത്തില്‍ നടന്നിട്ടില്ലെന്നാണ്. സാമൂഹിക അകലം പാലിക്കുക, ആവര്‍ത്തിച്ച് കൈ കഴുകുക, മാസ്‌ക് ധരിക്കുക ഇങ്ങനെയുള്ള ബ്രേക്ക് ദ ചെയിന്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനും ക്വാറന്റീന്‍ കൃത്യമായി നടപ്പാക്കുന്നതിലും നാം മുന്നേറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് നിലവിലുള്ളത് 33 ഹോട്ട്‌സ്‌പോട്ടുകള്‍

Story Highlights: coronavirus, Covid 19, Cm Pinarayi Vijayan,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top