രാജ്യത്ത് 24 മണിക്കൂറിനിടെ 5611 പുതിയ കൊവിഡ് കേസുകള്‍, 140 മരണം

5611 new covid cases  and 140 deaths reported in india

രാജ്യത്ത് കൊവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനിടെ 5611 പോസിറ്റീവ് കേസുകളും 140 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 106,750 ആയി. ആകെ 3303 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്. അതേസമയം, 42298 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ 40000ലേക്ക് അടുക്കുകയാണ്. രാജ്യത്ത് 24 മണിക്കൂറിനിടെ 1,08,121 സാമ്പിളുകള്‍ പരിശോധിച്ചുവെന്ന് ഐസിഎംആര്‍ അറിയിച്ചു.

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണം ഏറെയും മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലും. പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ കാര്യമായ വ്യത്യാസമില്ലെങ്കിലും തമിഴ്‌നാടിനേക്കാള്‍ ഒന്‍പത് മടങ്ങ് അധികം മരണമാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ ആകെ മരണം 87 ആണെങ്കില്‍, 749 പേരാണ് ഗുജറാത്തില്‍ ഇതുവരെ മരിച്ചത്. അതേസമയം, രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 39.62 ശതമാനമായി ഉയര്‍ന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലക്ഷത്തില്‍ ഏഴ് പേര്‍ക്ക് കൊവിഡ് ബാധിക്കുന്നുണ്ട്. എന്നാല്‍, ലക്ഷത്തില്‍ 62 ആണ് ആഗോളനിരക്കെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 2250 കേസുകളും 65 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് കേസുകള്‍ 39297 ആയി. 1390 പേര്‍ മരിച്ചു. അതേസമയം, രോഗം ഭേദമാകുന്നവരുടെ എണ്ണം 10,000 കടന്നു. ഗുജറാത്തില്‍ 398 പുതിയ കേസുകളും 30 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 12539 ആയി. തമിഴ്‌നാട്ടില്‍ രോഗബാധിതര്‍ 13000 കടന്നു. 743 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം രോഗബാധിതര്‍ 8228 ആയി. ഡല്‍ഹിയില്‍ പോസിറ്റീവ് കേസുകള്‍ 11000 കടന്നു. 24 മണിക്കൂറിനിടെ 534 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

Story Highlights: 5611 new covid cases  and 140 deaths reported in india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top