പത്തനംതിട്ട ജില്ലയിലെ ആദ്യ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

Covid First Line Treatment Center

പത്തനംതിട്ട ജില്ലയിലെ ആദ്യ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം രാജു ഏബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. റാന്നി മേനാം തോട്ടം ആശുപത്രിയിലാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കൊവിഡ് പോസിറ്റീവാകുകയും എന്നാല്‍ നേരിയ രോഗലക്ഷണങ്ങള്‍ മാത്രം പ്രകടമാക്കുകയും ചെയ്യുന്ന രോഗികളെ കിടത്തി ചികിത്സിക്കുന്നതിനാണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഉപയോഗിക്കുക.

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റേയും എന്‍എച്ച്എമ്മിന്റെയും അങ്ങാടി ഗ്രാമപഞ്ചായത്തിന്റേയും സഹകരണത്തോടു കൂടിയാണു പ്രവര്‍ത്തനമില്ലാതിരുന്ന മേനാംതോട്ടം ആശുപത്രി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റിയത്. ഒരു മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്, നാല് ഡോക്ടര്‍മാര്‍, ഒരു ഹെഡ് നഴ്‌സ്, മൂന്ന് ഗ്രേഡ് ടു ആളുകള്‍, മൂന്ന് നഴ്‌സിംഗ് അസിസ്റ്റന്റ്, എട്ട് സ്റ്റാഫ് നഴ്‌സുകള്‍ ഉള്‍പ്പടെ 18 ജീവനക്കാരെ ആശുപത്രിയിലേക്ക് നിയമിച്ചിട്ടുണ്ട്.

45 അറ്റാച്ച്ഡ് മുറികളിലായി 90 ബെഡുകളും കാഷ്വാലിറ്റിയോട് ചേര്‍ന്ന് സെന്‍ട്രല്‍ ഓക്‌സിജന്‍ കണക്ഷനുള്ള അഞ്ച് ബെഡുകളും ഉള്‍പ്പടെ നൂറോളം രോഗികളെ കിടത്തി ചികിത്സിക്കുവാനുള്ള സജീകരണമാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ജീവനക്കാര്‍ക്ക് താമസിക്കുന്നതിനായി ആറ് ക്വാര്‍ട്ടേഴ്‌സുകളും സജീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഏഴ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍കൂടി തുടങ്ങും. രണ്ടെണ്ണം തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ബാക്കിയുള്ളവ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനസജ്ജമാക്കും.

Story Highlights: Covid First Line Treatment Center in Pathanamthitta District

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top