Advertisement

കൊവിഡ് ഭേദമായവരെയും നിരീക്ഷണത്തിലുള്ളവരെയും ഒറ്റപ്പെടുത്തരുത്; മുഖ്യമന്ത്രി

May 20, 2020
Google News 2 minutes Read
Don't alienate the people cured from covid; CM

കൊവിഡ് ബാധിച്ച് ഭേദമായവരെയും വീടുകളില്‍ മറ്റും നിരീക്ഷണത്തില്‍ കഴിയുന്നവരെയും സമൂഹം ഒറ്റപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരം സ്ഥിതിവിശേഷം ചുരുക്കം ചില സ്ഥലങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം ഒറ്റപ്പെടുത്തലുകള്‍ക്കെതിരെ ബോധവത്കരണം നടത്തുന്നതിന് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ പ്രത്യേക ബോധവത്കരണ പരിപാടികള്‍ക്ക് രൂപം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

യുവജനങ്ങള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്കിടയില്‍ മാസ്‌ക്ക് ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിന് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ബോധവത്കരണം നടത്തും. കേരള പൊലീസ് ഇപ്പോള്‍ നടത്തിവരുന്ന ക്യാമ്പയിനിന്റെ ഭാഗമായാണിത്. ഐജിമാരായ എസ് ശ്രീജിത്ത്, പി വിജയന്‍ എന്നിവരെ ഈ പരിപാടിയുടെ സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍മാരായി നിയോഗിച്ചിട്ടുണ്ട്.
മാസ്‌ക്ക് ധരിക്കാത്ത 3396 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റീന്‍ ലംഘനത്തിന് 12 പേര്‍ക്കെതിരെ കേസ് എടുത്തു.

ലോക്ക്ഡൗണ്‍ കാരണം ഓരോസ്ഥലത്ത് കുടുങ്ങിപ്പോയ സര്‍ക്കാര്‍ ജീവനക്കാര്‍ അവര്‍ താമസിക്കുന്ന ജില്ലയിലെ കളക്ടറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നവരെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലടക്കം നിയോഗിക്കണം. കണ്ണൂര്‍, കാസര്‍കോട്, വയനാട് തുടങ്ങിയ ജില്ലകളില്‍ ജോലിയുള്ളവര്‍ തിരുവനന്തപുരത്തും മറ്റും വീടുകളില്‍ തുടരുന്നുണ്ട്. അവരുടെ വിശദാംശങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ ശേഖരിച്ച് പ്രത്യേക കെഎസ്ആര്‍ടിസി ബസില്‍ അവരെ ജോലിയുള്ള ജില്ലകളില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാരെ ബ്ലോക്ക് തലത്തില്‍ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് ആഴ്ചയില്‍ രണ്ടുദിവസം വീതം കളക്ഷന്‍ സ്വീകരിക്കുന്നതിനും ഒരുദിവസം പോസ്റ്റോഫീസില്‍ തുക നിക്ഷേപിക്കുന്നതിനും അനുമതി നല്‍കും. കറന്‍സിയും നാണയങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ ഗ്ലൗസ് ഉപയോഗം നിര്‍ബന്ധമാണ്. 65 വയസ് കഴിഞ്ഞ ഏജന്റുമാര്‍ ഭവനസന്ദര്‍ശനം നടത്തരുത്.
ഇലക്ട്രിസിറ്റി ഭേദഗതി ബില്‍ 2020മായി ബന്ധപ്പെട്ട് സംസ്ഥാനത്തിനുള്ള ആശങ്കകള്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ സംസ്ഥാനം ഇപ്പോള്‍ കെഎസ്ഇബിയിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വിവിധ സബ്‌സിഡികള്‍ തുടരാനാകില്ല. പാരമ്പര്യേതര ഊര്‍ജ സ്രോതസുകളുടെ ഉപയോഗം എത്ര വേണം എന്നു തീരുമാനിക്കുന്നതും സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിലേക്ക് പ്രതിനിധികളെ നിശ്ചയിക്കുന്നതും അടക്കം കേന്ദ്ര സര്‍ക്കാര്‍ ആയിരിക്കും. കണ്‍കറന്റ് ലിസ്റ്റില്‍പ്പെടുന്ന വിഷയത്തില്‍ കൂടുതല്‍ കേന്ദ്രീകരണം വരുത്തുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. അതുകൊണ്ടുതന്നെ സംസ്ഥാനവുമായി കൂടിയാലോചന നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു.

 

Story Highlights: Don’t alienate the people cured from covid; CM

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here