സ്റ്റേജ് കലാകാരന്മാർക്ക് സഹായം ഒരുക്കണമെന്ന് നിർമലാ സീതാരാമനോട് അഭ്യർത്ഥിച്ച് കലാഭവൻ

ലോക്ക് ഡൗൺ കാലത്ത് തൊഴിലില്ലാതെ പ്രതിസന്ധിയിലായ സ്റ്റേജ് കലാകാരന്മാർക്ക് സഹായം ഒരുക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനോട് അഭ്യർത്ഥിച്ച് കലാഭവൻ. സെക്രട്ടറി കെഎസ് പ്രസാദാണ് കത്ത് അയച്ചത്. നേരത്തെ സമാന ആവശ്യവുമായി കൊച്ചിൻ കലാഭവൻ സെക്രട്ടറി കെ.എസ് പ്രസാദ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
‘1969 ൽ രൂപംകൊണ്ട കലാഭവനിൽ ഇരുപത്തിയെട്ടോളം കലാരൂപങ്ങൾ പഠിപ്പിക്കുന്നതിനായി നൂറോളം അധ്യാപകരാണ് ഉള്ളത്. 2500 ഓളം വിദ്യാർത്ഥികളുമുണ്ട്. കലാഭവൻ ചരിത്രത്തിലാദ്യമായി കേരളത്തിലെ എല്ലാ സ്‌റ്റേജ് കലാകാരന്മാർക്കുമായി സഹായം അഭ്യർത്ഥിക്കുകയാണ്’- കത്തിൽ കെഎസ് പ്രസാദ് കുറിച്ചു.
Read Also : സ്റ്റേജ് കലാകാരന്മാര്‍ക്കും സര്‍ക്കാര്‍ സഹായം ഒരുക്കണം: കെ എസ് പ്രസാദ്
കൃഷി, മത്സ്യ ബന്ധനം, ക്ഷീര കർഷകർ, തുടങ്ങി സമൂഹത്തിന്റെ വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്കായി കേന്ദ്രം സഹായം ഒരുക്കിയെന്നും എന്നാൽ കേരളത്തിലെ സ്റ്റേജ് കലാകാരന്മാരെ പരിഗണിച്ചില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
Read Also : സ്റ്റേജ് കലാകാരന്മാരുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കും: മുഖ്യമന്ത്രി
കലാരംഗം ഇതുവരെ അഭിമുഖീകരിച്ചതിൽ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് 45 വർഷമായി മിമിക്ര രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കലാകാരനെന്ന നിലയിൽ തനിക്ക് പറയാൻ സാധിക്കും. മിക്ക് തൊഴിൽ രംഗങ്ങളും ജൂൺ മാസത്തോടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെങ്കിലും സ്റ്റേജ് കലാകാരന്മാർക്ക് ഡിസംബറോടെ മാത്രമേ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സാധിക്കുകയുള്ളുവെന്നും, കല ഉപജീവന മാർഗമാക്കിയ തങ്ങളുടെ കാര്യം പരിഗണിക്കണമെന്നും പറഞ്ഞാണ് കെഎസ് പ്രസാദ് കത്ത് അവസാനിപ്പിക്കുന്നത്.
Story Highlights- kalabhavan writes nirmala sitharaman seeking help stage artists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here