കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ് വില്ലനായി; അമേരിക്കയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ മലയാളി കുടുംബം

കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ് കാരണം നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ അമേരിക്കയിൽ ഐടി കമ്പനി ഉദ്യോഗസ്ഥനായ ഗുരുവായൂർ സ്വദേശി രാഹുൽ സോമനും കുടുംബവും. രാഹുലിന്റെ എച്ച്1ബി വീസ കാലാവധി അവസാനിച്ചതിനാൽ സാൻ ഫ്രാൻസിസ്‌കോയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന യാത്രക്കാരുടെ മുൻഗണനാ പട്ടികയിൽ ഇടംപിടിക്കേണ്ടതാണ് കുടുംബം. അവിടെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ് വില്ലനായത്. ഈ ഉത്തരവ് മുടക്കിയത് ഈ കുടുംബത്തിന്റെ മാത്രം മടക്കയാത്രയല്ല, മറിച്ച് നിരവധി പേരുടെ നാടണയാനുള്ള സ്വപ്‌നങ്ങളും കൂടിയാണ്.
ഒസിഐ കാർഡ് ഉടമകൾക്ക് രാജ്യത്ത് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്. ഇതോടെ ഇന്ത്യൻ പൗരന്മാരായ രാഹുലിനും അഞ്ജുവിനും പിറന്ന അമേരിക്കൻ പൗരത്വമുള്ള മകൻ മൂന്ന് വയസുകാരൻ റെയാന് ഇന്ത്യയിൽ പ്രവേശിക്കാൻ സാധിക്കാതായി. ‘ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഈ ഘട്ടത്തിൽ സർക്കാർ ഒസിഐ കാർഡ് അസാധുവാക്കുമെന്ന് കരുതിയില്ല. ഒസിഐ കുട്ടികൾക്ക് മാതാപിതാക്കൾക്കൊപ്പം രാജ്യത്ത് പ്രവേശിക്കാൻ സർക്കാർ അനുമതി നൽകണം’- രാഹുൽ പറയുന്നു.
Read Also : കൊവിഡ് വാക്‌സിൻ വികസിപ്പിച്ചാലും ഇല്ലെങ്കിലും അമേരിക്കയിലെ നിയന്ത്രണങ്ങൾ നീക്കും: ട്രംപ്
ഈ പുതിയ നിയമം കാരണം പ്രതിസന്ധിയിലായിരിക്കുന്നത് നിരവി പ്രവാസി കുടുംബംഗങ്ങളാണ്. വീസാ കാലാവധി കഴിഞ്ഞതിനാൽ ജോലിക്ക് പോകാൻ സാധിക്കാത്ത രാഹുൽ ജോലിയില്ലാതെ അമേരിക്കയിൽ തങ്ങാൻ നിർബന്ധിതനായിരിക്കുകയാണ്. വീസ കാലാവധി കഴിഞ്ഞ് വിദേശ രാജ്യത്ത് നിൽക്കേണ്ടി വരുന്ന നിയമ നടപടി നേരിടേണ്ടി വരിക മാത്രമല്ല, അവിടുത്തെ ജീവിത ചെലവുകളും രാഹുലിനെ അലട്ടുന്നുണ്ട്. വീസ കാലാവധി അവസാനിച്ച രാഹുൽ നിലവിൽ ടൂറിസ്റ്റ് വീസയിലേക്ക് വീസ സ്റ്റാറ്റസ് മാറ്റിയാണ് രാജ്യത്ത് തുടരുന്നത്.
മേയ് 23നു സാൻ ഫ്രാന്സിസ്കോയിൽ നിന്ന് കൊച്ചിയിലേക്ക് വിമാന സർവീസ് ഉണ്ട്. എന്നാൽ വളരെ കുറച്ചു പേർക്ക് മാത്രമേ ഈ സർവീസ് ഉപകാരപ്പെടുകയുള്ളൂവെന്ന് രാഹുൽ ട്വന്റിഫോർ ന്യൂസ്.കോമിനോട് പറഞ്ഞു. ‘ഒരു സംസ്ഥാനത്ത് നിന്ന് വിമാനം അനുവദിക്കുമ്പോൾ ആ സംസ്ഥാനത്തെ ജനങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്. എന്നാൽ സാൻഫ്രാൻസിസ്കോയിൽ നിന്ന് വളരെ കുറച്ച് പേരെ മാത്രമേ അധികൃതർ തെരഞ്ഞെടുത്തിട്ടുള്ളൂ. ബാക്കിയെല്ലാം മാറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. സംസ്ഥാനങ്ങൾ തമ്മിൽ നല്ല ദൂരം ഉള്ളതുകൊണ്ട് തന്നെ വളരെ കുറച്ച് പേര് മാത്രമേ അതു താണ്ടി എത്തുകയുള്ളൂ. അതുകൊണ്ട് തന്നെ വിമാന സർവീസിൽ പ്രതീക്ഷിക്കുന്നതിൽ നിന്നും വളരെ കുറച്ചു പ്രവാസികൾ മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ നടപടിയിലൂടെ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങേണ്ടതായി അത്യാവശ്യം ഇല്ല എന്ന പ്രതീതി ഉണ്ടാക്കുകയാണ് അധികൃതർ’- രാഹുൽ പറയുന്നു.
അമേരിക്കയിൽ കുടുങ്ങി കിടക്കുന്നവർ ചേർന്ന് ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന് രൂപം നൽകിയിട്ടുണ്ട്. ഒസിഐ കാർഡ് ഉടമകളെ രാജ്യത്തു പ്രവേശിപ്പിക്കുക, കൂടുതൽ വിമാന സർവീസുകൾ തുടങ്ങുക എന്നിങ്ങനെയുള്ള തങ്ങളുടെ ആവശ്യങ്ങളും, തങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും കേന്ദ്ര സർക്കാരിന്റെ മുന്നിലേക്ക് എത്തിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. 25,000 ഓളം ഇന്ത്യക്കാരാണ് അമേരിക്കയിൽ വിവിധ കാരണങ്ങളാൽ കുടുങ്ങി കിടക്കുന്നത്. ഇതിൽ നൂറുകണക്കിന് മലയാളികളുമുണ്ട്.
Story Highlights- OCI, America
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here