ഓൺലൈൻ റിലീസിനെ പിന്തുണച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

ഓൺലൈൻ റിലീസിനെ പിന്തുണച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഇന്ന് ചേർന്ന വെർച്യുൽ യോഗത്തിൽ ഓൺലൈൻ റിലീസിന് അനുകൂലമായ തീരുമാനമാണ് ഉണ്ടായത്.
നിലവിലെ സാഹചര്യത്തിൽ ഒ.ടി.ടി. റിലീസ് വേണോയെന്ന് നിർമ്മാതാക്കൾക്ക് തീരുമാനിക്കാം. ചിത്രീകരണം പൂർത്തിയായ 15 സിനിമകളുടെ നിർമ്മാതാക്കളുമായി അസോസിയേഷൻ ചർച്ച നടത്താനും തീരുമാനമായി. അതേസമയം ഒ.ടി.ടി. റിലീസിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നൽകിയ കത്തിന് മറുപടി ലഭിച്ച ശേഷം മാത്രം തുടർ ചർച്ചകളെന്ന് തിയേറ്റർ ഉടമകളുടെ സംഘടന അറിയിച്ചു.
ജയസൂര്യ നായകനായെത്തുന്ന സൂഫിയും സുജാതയും എന്ന ചിത്രം ഓൺലൈൻ വഴി റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ചിത്രത്തിന്റെ നിർമാതാവ് നിലപാടിൽ ഉറച്ച് നിന്നതോടെ വിവിധ ചലച്ചിത്ര സംഘടനകൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിഷയം ചർച്ചയ്ക്കെടുത്തത്.
മലയാള സിനിമയിലെ ഓൺലൈൻ റിലീസ് സംബന്ധിച്ച് വ്യത്യസ്ത നിലപാടാണ് സിനിമാ സംഘടനകൾക്കുള്ളത്. ഓൺലൈൻ റിലീസ്‌നോട് സഹകരിക്കണമെന്ന് മാക്ടാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ വിലക്കുകളും പ്രതികാര നടപടികളുമല്ല പരസ്പര സഹകരണമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Story highlights- producers association, soofiyum sujathayum, O.T.T
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here