തൃശൂർ, കോട്ടയം ജില്ലകളിൽ കൊവിഡ് സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയവർക്ക്

തൃശൂർ കോട്ടയം ജില്ലകളിൽ ഇന്ന് മൂന്നു പേർക്ക് വീതം കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരെല്ലാം വിദേശത്ത് നിന്നെത്തിയവരാണ്. കോട്ടയത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു വയസുകാരൻ രോഗ മുക്തനായി.

മെയ് ഒമ്പതിന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ മാങ്ങാനം സ്വദേശിയായ 83 വയസുകാരിയും അതേ വിമാനത്തിൽ വന്ന ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിയുമാണ് രോഗം സ്ഥിരീകരിച്ച രണ്ടുപേർ. മെയ് ഒൻപതിന് കുവൈറ്റ്- കൊച്ചി വിമാനത്തിൽ എത്തിയ നീണ്ടൂർ സ്വദേശിയാണ് രോഗബാധിതനായ മൂന്നാമത്തെയാൾ. മൂന്നു പേർക്കും കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുമെത്തിയ വിമാനത്തിലെ ഓരോ യാത്രക്കാർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

നിലവിൽ കോട്ടയം ജില്ലക്കാരായ ആറു പേരാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. നേരത്തെ രോഗം സ്ഥീരീകരിച്ച് അമ്മയ്‌ക്കൊപ്പം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടു വയസുകാരൻ രോഗമുക്തനായി.

തൃശൂർ ജില്ലയിലും ഇന്ന് മൂന്നു പേർക്ക് രോഗം സ്ഥിരീകരിച്ചു. എല്ലാവരും മെയ് 17ന് അബുദാബിയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞു വരികയായിരുന്നു. പുതുക്കാട്, വേലൂപ്പാടം, മാള സ്വദേശികളാണ് രോഗബാധിതർ. ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന തൃശൂർ ജില്ലക്കാരുടെ എണ്ണം 15 ആയി. 13 പേര് തൃശൂരിൽ ആശുപത്രിയിലും ഒരാൾ പാലക്കാടും മറ്റൊരാൾ എറണാകുളത്തും ചികിത്സയിലുണ്ട്.

Story highlight: covid has been confirmed in Thrissur and Kottayam districts for foreigners

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top