ജോർജ് കുട്ടിയും കുടുംബവും തിരികെ എത്തുന്നു; ‘ദൃശ്യം 2’ അനൗൺസ്മെന്റ് വീഡിയോയുമായി മോഹൻലാൽ

മോഹൻലാലിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ദൃശ്യം എന്ന സിനിമയുടെ രണ്ടാം ഭാഗം എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 24ലെ മോർണിംഗ് ഷോയിൽ സംവിധായകൻ ജീത്തു ജോസഫും നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരും ഈ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ, അണിയറ പ്രവർത്തകർ ‘ദൃശ്യം 2’ അനൗൺസ്മെന്റ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
Read Also: മലയാളത്തിന്റെ സ്വന്തം മോഹൻലാലിന് ഇന്ന് അറുപതാം പിറന്നാൾ
തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് വീഡിയോ പങ്കുവച്ചത്. 22 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മോഹൻലാലിൻ്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ വീഡിയോ പുറത്തുവിട്ടത്.
ദൃശ്യം പോലെ ഈ ചിത്രവും ഒരു ഫാമിലി ഡ്രാമ ആയിരിക്കുമെന്നാണ് സംവിധായകൻ 24 മോർണിംഗ് ഷോയിൽ പങ്കെടുത്ത് സംസാരിക്കവെ അറിയിച്ചത്. രണ്ടാം ഭാഗം എടുക്കാൻ വേണ്ടി എടുക്കുന്ന ഒരു ചിത്രമല്ലെന്നും നല്ല ഒരു പ്ലോട്ട് മാസങ്ങളോളം കൊണ്ട് മികച്ച ഒരു തിരക്കഥയാക്കി പൂർണ തയ്യാറെടുപ്പുകളോടെയാണ് ദൃശ്യം 2 പുറത്തിറക്കുന്നതെന്നും ജീത്തു കൂട്ടിച്ചേർത്തു. ഇതൊരു നല്ല സിനിമയായിരിക്കും എന്ന് തനിക്ക് പറയാനാവുമെന്നും ജീത്തു പറഞ്ഞു.
Read Also: ‘എന്റെ ലാലിന്’; മോഹൻലാലിന് ഹൃദ്യമായ ജന്മദിനാശംസകളുമായി മമ്മൂട്ടി
2013ലാണ് ജീത്തു മോഹൻലാലിനെ നായകനാക്കി ദൃശ്യം പുറത്തിറക്കിയത്. ഫാമിലി ഡ്രാമ എന്ന തരത്തിൽ തീയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ഘട്ടത്തിൽ അത്ര മികച്ച പ്രതികരണം ലഭിച്ചിരുന്നില്ല. എന്നാൽ, പിന്നീട് ചിത്രം കത്തിക്കയറുകയായിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ. എസ്തർ അനിൽ, കലാഭവൻ ഷാജോൺ, ആശാ ശരത്, സിദ്ധിക്ക്, റോഷൻ ബഷീർ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ വേഷമിട്ടിരുന്നു. തുടർന്ന് നാല് ഇന്ത്യൻ ഭാഷകളിലും രണ്ട് വിദേശ ഭാഷകളിലും ചിത്രം റീമേക്ക് ചെയ്തിരുന്നു.
Story Highlights: drishyam 2 announcement video
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!