Advertisement

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ കേന്ദ്രം മാറ്റുന്നതിന് ഇന്ന് വൈകുന്നേരം വരെ ഓൺലൈനായി അപേക്ഷിക്കാം

May 21, 2020
Google News 4 minutes Read
exam

എസ്എസ്എൽസി/ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രമാറ്റത്തിനായി ഇന്നുകൂടി ഓൺലൈനായി അപേക്ഷിക്കാം. ലോക്ക്ഡൗൺ കാരണം നിലവിലെ പരീക്ഷാകേന്ദ്രങ്ങളിൽ തുടർന്നുള്ള പരീക്ഷകൾ എഴുതാൻ സാധിക്കാത്ത മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റൽ, പ്രീ മെട്രിക്/ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, സ്‌പോർട്‌സ് ഹോസ്റ്റൽ, സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഷെൽട്ടർ ഹോമുകൾ എന്നിവിടങ്ങളിലെ താമസക്കാരായ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാവുന്നത്. ഹോസ്റ്റൽ സംവിധാനം ലഭ്യമാകാത്ത സാഹചര്യത്തിൽ സൗകര്യപ്രദമായ കേന്ദ്രങ്ങൾ ലഭ്യമാക്കുന്നതിനും ഗൾഫിലും ലക്ഷദ്വീപിലും അടിയന്തര ഘട്ടങ്ങളിൽ മറ്റ് ജില്ലകളിലും പെട്ടുപോയിട്ടുള്ള വിദ്യാർത്ഥികൾക്ക് തുടർന്നുള്ള പരീക്ഷകൾക്ക് സൗകര്യപ്രദമായ സ്‌കൂളുകൾ പരീക്ഷാകേന്ദ്രങ്ങളായി തെരഞ്ഞെടുക്കുന്നതിനുമാണ് ഓൺലൈനായി അപേക്ഷിക്കാവുന്നത്.

ജില്ലകൾക്കകത്തുള്ള പരീക്ഷാകേന്ദ്രമാറ്റം അനുവദനീയമല്ല. ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് അവർ പഠിക്കുന്ന സബ്ജക്ട് കോമ്പിനേഷൻ നിലവിലുള്ള സ്‌കൂളുകൾ മാത്രമേ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുക്കാൻ സാധിക്കൂ. ഓൺലൈൻ അപേക്ഷകൾ ഇന്ന് വൈകിട്ട് അഞ്ചു മണി വരെ സമർപ്പിക്കാം.

അപേക്ഷകളുടെ സാധുതയും പരീക്ഷയ്ക്ക് ആവശ്യമായ സൗകര്യങ്ങളും കേന്ദ്രീകൃതമായി ഉറപ്പാക്കി അർഹരായ വിദ്യാർത്ഥികൾക്ക് പുതിയ പരീക്ഷാകേന്ദ്രം അനുവദിച്ചു ലിസ്റ്റ് മെയ് 23 ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷിക്കുന്ന പരീക്ഷാകേന്ദ്രം അനുവദിക്കാനായില്ലെങ്കിൽ ജില്ലയിലെ സൗകര്യപ്രദമായ മറ്റൊരു കേന്ദ്രം അനുവദിക്കും.

എസ്എസ്എൽസി/ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രങ്ങൾക്ക് യഥാക്രമം https://sslcexam.kerala.gov.in, www.hscap.kerala.gov.in, www.vhscap.kerala.gov.in വെബ്‌സൈറ്റുകളിലെ Application for Centre Change എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് അവർ പഠിക്കുന്ന മീഡിയമുള്ള പരീക്ഷാകേന്ദ്രമാണ് തെരഞ്ഞെടുക്കേണ്ടത്.

ഹയർസെക്കൻഡറി സ്‌കൂളുകളിൽ ലഭ്യമായ കോഴ്‌സ് വിവരങ്ങൾ www.hscap.kerala.gov.in ലെ School List എന്ന മെനുവിൽ ലഭിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ലഭ്യമായ കോഴ്‌സ് വിവരങ്ങൾ മാതൃസ്‌കൂൾ പ്രിൻസിപ്പാളിനെ ബന്ധപ്പെട്ട് ഉറപ്പാക്കണം.

ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നും അപേക്ഷിക്കുന്നവർ ജില്ലയിൽ തങ്ങൾ പഠിക്കുന്ന കോഴ്‌സുകൾ ലഭ്യമായ പരീക്ഷാകേന്ദ്രം കണ്ടെത്തി വേണം ഓൺലൈനായി അപേക്ഷിക്കേണ്ടത്. സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾ അതേ വിഭാഗത്തിലുള്ള സ്‌പെഷ്യൽ സ്‌കൂളുകൾ മാത്രമേ തെരഞ്ഞെടുക്കാവൂ.

read also:കേരള സർവകലാശാല പരീക്ഷാ തീയതി; തീരുമാനം ഇന്ന്

ഐഎച്ച്ആർഡി, ടിഎച്ച്എസ്എൽസി വിദ്യാർത്ഥികളും ജില്ലയിലെ അതേ വിഭാഗം സ്‌കൂളുകൾ മാത്രമേ മാറ്റത്തിനായി തെരഞ്ഞെടുക്കാവൂ. എഎച്ച്എസ്എൽസി, ആർട്‌സ് എച്ച്എസ്എസ് വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രമാറ്റം അനുവദനീയമല്ല. ഓൺലൈൻ അപേക്ഷാ സമർപ്പണത്തെ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ അതത് വെബ്‌സൈറ്റുകളിൽ ലഭ്യമാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

story highlights: SSLC and PLUS two Exam Center change kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here