വന്ദേഭാരത് മിഷൻ തുണയായി; ദുബായിൽ 6 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരൻ നാട്ടിലേക്ക് കടന്നു

ദുബായിൽ 6 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മുംബൈ സ്വദേശി വന്ദേഭാരത് മിഷൻ വഴി നാട്ടിലേക്ക് കടന്നു. വണ്ടിച്ചെക്ക് നൽകി 25ഓളം വ്യാപാരികളെ കബളിപ്പിച്ച യോഗേഷ് എന്നയാളാണ് ഇന്ത്യയിലേക്ക് കടന്നത്. മെയ് 11ന് ഇയാൾ നാട്ടിലേക്ക് വന്നു എന്നാണ് തട്ടിപ്പിന് ഇരയായ വ്യാപാരികളുടെ ആരോപണം.

ദുബായ് ആയിരുന്നു ഇയാളുടെ തട്ടിപ്പിൻ്റെ കേന്ദ്രം. 30,000 മുതല്‍ മൂന്ന് ലക്ഷം ദിര്‍ഹം വരെയുള്ള തുകയുടെ ചെക്കുകള്‍ നല്‍കി, വ്യാജ കമ്പനി ഉപയോഗിച്ച് ഇയാൾ ചരക്കുകൾ കൈപ്പറ്റി. വിവിധ കമ്പനികളിൽ നിന്നാണ് ഇയാൾ സാധനങ്ങൾ വാങ്ങിയത്. ആദ്യഘട്ടത്തിൽ ചെറിയ തുകയ്ക്കുള്ള ഭക്ഷ്യ വസ്തുക്കളും മറ്റും വാങ്ങിയ ശേഷം പണം കൃത്യ സമയത്ത് നല്‍കിയ ഇയാൾ വിശ്വാസം പിടിച്ചു പറ്റി. തുടർന്ന് വൻ തുകയ്ക്കുള്ള സാധനങ്ങൾ വാങ്ങിയ ഇയാൾ വണ്ടിച്ചെക്കുകൽ നൽകുകയായിരുന്നു. ഈ മാസം 18, 20 തീയതികളിലായിരുന്നു ചെക്ക് ഡേറ്റ്. എന്നാൽ ഈ ചെക്കുകൾ മടങ്ങാൻ തുടങ്ങിയതോടെ ബാങ്കിനു സംശയമായി. യോഗേഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ കമ്പനി പൂട്ടിയതായി കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇയാൾ നാട്ടിലേക്ക് കടന്നുവെന്ന് മനസ്സിലായത്.

അതേ സമയം, വന്ദേഭാരത് ദൗത്യത്തിൽ മുൻഗണനാ ക്രമം പാലിച്ചാണ് യാത്രക്കാരെ കൊണ്ടുപോകുന്നതെന്ന അവകാശവാദങ്ങൾ നിലനിൽക്കെ എങ്ങനെ ഇയാൾ വിമാനത്തിൽ കയറിപ്പറ്റി എന്നത് ചോദ്യ ചിഹ്നമാണ്. ഇയാൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തട്ടിപ്പിനിരയായവരുടെ തീരുമാനം.

Story highlights-An Indian who embezzled Rs 6 crore in dubai reached the country with vandebharat mission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top