ഡിസിൽവയ്ക്ക് പിന്നാലെ ഇഷ്ഫാഖ് അഹ്മദും ബ്ലാസ്റ്റേഴ്സ് വിടുന്നു

ishfaq ahmed kerala blasters

കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ ഇഷ്ഫാഖ് അഹ്മദ് ക്ലബ് വിടുന്നു എന്ന് റിപ്പോർട്ട്. ക്ലബ് സിഇഓ വിരേൻ ഡിസിൽവയ്ക്കും സന്ദേശ് ജിങ്കനും ശേഷമാണ് ഇഷ്ഫാഖ് അഹ്മദും ക്ലബ് വിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പുതിയ മാനേജ്മെൻ്റാണ് ഈ നീക്കത്തിനു പിന്നിലെന്ന് സൂചനയുണ്ട്.

Read Also: ജിങ്കനോടുള്ള ആദരം; കേരള ബ്ലാസ്‌റ്റേഴ്‌സിൽ ഇനി മുതൽ 21-ാം നമ്പർ ജഴ്‌സിയില്ല

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ദീർഘകാലമായി പ്രവർത്തിച്ചു വരുന്നയാളാണ് ഇഷ്ഫാഖ് അഹ്മദ്. 2014 മുതൽ 2017 വരെ കളിക്കാരനായി ടീമിനൊപ്പം ഉണ്ടായിരുന്ന ഇഷ്ഫാഖ് 2015-17 വർഷങ്ങളിൽ സഹപരിശീലകൻ കൂടിയായിരുന്നു. 2017-18 സീസണിൽ ജംഷഡ്പൂരിൻ്റെ സഹപരിശീലക റോളിലേക്ക് കൂടുമാറിയ അദ്ദേഹം കഴിഞ്ഞ സീസണിൽ വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകനായി തിരികെ എത്തുകയായിരുന്നു.

വരുൺ ത്രിപുരനേനിയുടെ ഒഴിവിൽ കഴിഞ്ഞ വർഷമാണ് വിരേൻ ഡിസിൽവ ക്ലബിൽ എത്തിയത്. കഴിഞ്ഞ സീസണിൽ മികച്ച ടീമിനെ ഒരുക്കാൻ അദ്ദേഹത്തിനു സാധിച്ചിരുന്നു. പുതിയ മാനേജ്മെൻ്റിൻ്റെ വരവോടെയാണ് ഡിസിൽവ ക്ലബ് വിട്ടത്. അതേ സമയം, മാനേജ്മെൻ്റുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതിനെ തുടർന്ന് അദ്ദേഹം രാജി വെക്കുകയായിരുന്നു എന്നും ചില റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ എല്ലാ സീസണുകളിലും ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന സന്ദേശ് ജിങ്കനും ക്ലബ് വിട്ടിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമാണ് ജിങ്കൻ ക്ലബ് വിടുന്നതെന്നാണ് മാനേജ്മെൻ്റിൻ്റെ വിശദീകരണം. വിദേശ ക്ലബിലേക്കാണ് ജിങ്കൻ പോകുന്നതെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അത്തരം വാർത്തകൾക്ക് സ്ഥിരീകരണമില്ല.

Read Also: പുതിയ മാനേജ്മെന്റിനു കീഴിൽ ബ്ലാസ്റ്റേഴ്സ് അടുമുടി മാറുന്നു; സിഇഓ വിരേൻ ഡിസിൽവ ക്ലബ് വിട്ടു

അതേ സമയം, ഒരു സീസൺ നീണ്ട പരുക്കാണ് താരത്തെ ഒഴിവാക്കാൻ ക്ലബിനെ പ്രേരിപ്പിച്ചതെന്ന് ആക്ഷേപമുണ്ട്. മുൻ സൂപ്പർ താരമായ ഇയാൻ ഹ്യൂം തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഇത്തരത്തിൽ ഒരു ആരോപണം ഉയർത്തിയിരുന്നു. ഹ്യൂമും ഒരു സീസൺ നീണ്ട പരുക്കിനു ശേഷം ടീമിൽ നിന്ന് പുറത്തായിരുന്നു. അത് ജിങ്കനും സംഭവിച്ചു എന്നാണ് ഹ്യൂം പറയുന്നത്. മറ്റൊരു മുൻ താരം മൈക്കൽ ചോപ്ര ഹ്യൂമിനെ പിന്തുണക്കുകയും ചെയ്തു. മാനേജ്മെൻ്റിന് ക്ലബ് നടത്താൻ അറിയില്ലെന്നാണ് ചോപ്ര കുറിച്ചത്.

Story Highlights: ishfaq ahmed to exit kerala blasters

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top