ലൈഫ് ഭവന പദ്ധതി; റേഷന്‍ കാര്‍ഡ് ഇല്ലെന്ന കാരണത്താല്‍ ഒഴിവാക്കപ്പെട്ടവരെ ഉള്‍പ്പെടുത്തി ഗുണഭോക്തൃ പട്ടിക പുതുക്കും

റേഷന്‍ കാര്‍ഡ് ഇല്ലായെന്ന കാരണത്താല്‍ ലൈഫ് ഭവന നിര്‍മാണ പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട അര്‍ഹതയുള്ള ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക പുതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2020 മാര്‍ച്ച് 31 വരെ പുതുതായി റേഷന്‍ കാര്‍ഡ് ലഭിച്ച അര്‍ഹതയുള്ളവരെയായിരിക്കും ഇപ്രകാരം ഉള്‍പ്പെടുത്തുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലൈഫ് മിഷന്റെ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ഇതിനായി 2017 ല്‍ കുടുംബശ്രീ മുഖേന നടത്തിയ സര്‍വേയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള മാര്‍ഗരേഖക്ക് യോഗം അംഗീകാരം നല്‍കി. ഭവന സമുച്ചയങ്ങളുടെ നിര്‍മാണത്തിനായി 500 കോടി രൂപ കൂടി ലോണ്‍ എടുക്കുന്നതിനും യോഗം തീരുമാനിച്ചു.
ഭവന സമുച്ചയ നിര്‍മാണം, ഭവന നിര്‍മാണത്തിന് ഭൂമി ലഭ്യമാക്കി ഭവന സമുച്ചയം / ഭവനങ്ങള്‍ സ്വന്തമായോ പാര്‍ട്ട്ണര്‍ഷിപ്പ്, സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥയിലോ നിര്‍മിക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള മാര്‍ഗരേഖയ്ക്കും യോഗം അംഗീകാരം നല്‍കി.
പട്ടികജാതി, പട്ടിക വര്‍ഗ, മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട ഭൂമിയുള്ളതും ഇല്ലാത്തതുമായ ഗുണഭോക്താക്കളുടെ പട്ടിക അതതു വകുപ്പുകള്‍ മിഷനു കൈമാറിയിട്ടുണ്ട്. ഈ പട്ടികകള്‍ അര്‍ഹതാ പരിശോധന നടത്തി ജൂണ്‍ 15 നകം അന്തിമമാക്കും. ഭൂമിയില്ലാത്ത ഭവനരഹിതരുടെ പുനരധിവാസത്തിനായി നിര്‍മാണം ആരംഭിച്ചതും ആരംഭിക്കാനിരിക്കുന്നതുമായ എല്ലാ പദ്ധതികളും 2021 ഫെബ്രുവരിക്ക് മുന്‍പായി പൂര്‍ത്തീകരിക്കണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
വിദൂര സങ്കേതങ്ങളില്‍ താമസിക്കുന്ന പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട ഭൂമിയുള്ള ഭവനരഹിതരായ ഗുണഭോക്താക്കള്‍ക്ക് സംസ്ഥാന വിഹിതമായി നല്‍കുന്ന മൂന്ന് ലക്ഷം രൂപ ഓണ്‍ലൈന്‍ സങ്കേതമുപയോഗിച്ച് നല്‍കുന്നതിനും തീരുമാനമെടുത്തു.
Story Highlights: LIFE MISSION beneficiary list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here