Advertisement

ലൈഫ് മിഷന്‍; ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മുന്നൂറോളം സ്ഥലങ്ങള്‍ കണ്ടെത്തി: മുഖ്യമന്ത്രി

May 22, 2020
Google News 1 minute Read
LIFE MISSION

സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് നല്‍കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് പാര്‍പ്പിട സുരക്ഷാപദ്ധതിയുടെ പുരോഗതി ലൈഫ് മിഷന്‍ യോഗം വിലയിരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 നെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ ഈ പദ്ധതിയെയും ബാധിച്ചിട്ടുണ്ടെങ്കിലും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നല്ല പുരോഗതിയുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഒന്നും രണ്ടും ഘട്ടങ്ങളിലായി 2,19,154 വീടുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. പല കാരണങ്ങളാല്‍ നിര്‍മാണം മുടങ്ങിപ്പോയ വീടുകളുടെ പൂര്‍ത്തീകരണമാണ് ഒന്നാംഘട്ടത്തില്‍ ഏറ്റെടുത്തത്. ഇതില്‍ 52,084 വീടുകള്‍ പൂര്‍ത്തിയായി. ഈ വിഭാഗത്തിലാകെ 54,169 അര്‍ഹരെയാണ് കണ്ടെത്തിയത്. ഇതില്‍ 96.15 ശതമാനം പൂര്‍ത്തിയായി. ബാക്കിയുള്ളതില്‍ 1266 വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്.

രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ കാര്യമാണ് ഏറ്റെടുത്തത്. ഇതില്‍ 77,424 വീടുകള്‍ പൂര്‍ത്തിയായി 81.38 ശതമാനം. ബാക്കിയുള്ള 17,712 വീടുകളില്‍ പുതുതായി എഗ്രിമെന്റ് വച്ച 2065 വീടുകള്‍ ഒഴികെ ബാക്കിയുള്ളവ വിവിധ ഘട്ടങ്ങളില്‍ നിര്‍മാണ പുരോഗതിയിലാണ്. രണ്ടാംഘട്ടത്തില്‍ 3332 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് ധനസഹായമായി നല്‍കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ നാലുലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്.

ഭൂമിയോ വീടോ ഇല്ലാത്തവരുടെ പുനരധിവാസമാണ് മൂന്നാംഘട്ടത്തില്‍ ഏറ്റെടുക്കുന്നത്. ഈ വിഭാഗത്തില്‍ അര്‍ഹരായ 1,06,792 പേരെയാണ് കണ്ടെത്തിയത്. ഗുണഭോക്താക്കളുടെ പഞ്ചായത്ത് തലത്തിലെ ലിസ്റ്റ് നോക്കിയപ്പോള്‍ പല പഞ്ചായത്തുകളിലും അര്‍ഹരായവര്‍ കുറവാണ്. ഗുണഭോക്താക്കളുടെ എണ്ണം എണ്‍പതോ അതില്‍ കുറവോ ആയ പഞ്ചായത്തുകളില്‍, പഞ്ചായത്തുകളുടെ സഹായത്തോടെ ഭൂമി കണ്ടെത്തി പ്രത്യേകം വീട് നിര്‍മിച്ചുനല്‍കാനാണ് ഉദ്ദേശിക്കുന്നത്. 627 പഞ്ചായത്തുകളില്‍ ഗുണഭോക്താക്കളുടെ എണ്ണം എണ്‍പതോ അതില്‍ കുറവോ ആണെന്നാണ് കണ്ടെത്തിയത്.

ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് വിവിധ ജില്ലകളിലായി മുന്നൂറോളം സര്‍ക്കാര്‍ സ്ഥലങ്ങള്‍ ലൈഫ് മിഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നൂറോളം കേന്ദ്രങ്ങളില്‍ ഉടനെ നിര്‍മാണം ആരംഭിക്കാന്‍ കഴിയും. ഏഴ് സമുച്ചയങ്ങളുടെ നിര്‍മാണം ഇതിനകം ആരംഭിച്ചു. ഒമ്പതെണ്ണം ഉടനെ തുടങ്ങും. ഈ 16 സമുച്ചയങ്ങളും 2020 ഡിസംബറില്‍ പൂര്‍ത്തിയാക്കും. ഇതുകൂടാതെ 15 സമുച്ചയങ്ങള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചുകഴിഞ്ഞു. ഇതടക്കം നൂറോളം സമുച്ചയങ്ങള്‍ 2021 ജനുവരിയോടെ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Life mission, Cm Pinarayi Vijayan,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here