Advertisement

അരുവിക്കര ഡാം തുറന്നത് ചട്ടങ്ങള്‍ പാലിച്ച് കൊണ്ടെന്ന് കളക്ടര്‍

May 23, 2020
Google News 2 minutes Read
Aruvikkara Dam was opened following the regulations; Collector

അരുവിക്കര ഡാം തുറന്ന് വിട്ടത് ചട്ടങ്ങള്‍ എല്ലാം പാലിച്ച് കൊണ്ടാണെന്ന് കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍. മുന്നറിയിപ്പില്ലാതെ ചട്ടങ്ങള്‍ ലംഘിച്ചാണ് ഡാം തുറന്ന് വിട്ടതെന്ന് പരക്കെ ആരോപണം ഉയര്‍ന്നിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഡാം തുറന്നു വിടാനുണ്ടായ സാഹചര്യത്തെ കുറിച്ച് കളക്ടര്‍ വിശദീകരണം നല്‍കിയത്.

അരുവിക്കര ഡാം ഒരു സ്റ്റോറേജ് ഡാം അല്ല മറിച്ചു ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് വേണ്ട സംവിധാനത്തോടുകൂടിയ ഡാം മാത്രമാണ്. തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധ ജലം എത്തിക്കുന്നത് അരുവിക്കര ഡാമില്‍ നിന്നുമാണ്. 46.6 മീറ്ററാണ് ഈ ഡാമിന്റെ ആകെ സംഭരണ ശേഷി. 46.2 മീറ്റര്‍ വരെ വെള്ളം എപ്പോഴും ഉണ്ടാകും. എങ്കില്‍ മാത്രമേ തിരുവനന്തപുരം നഗരത്തിനു ആവശ്യമായ ജലം എത്തിക്കുവാന്‍ കഴിയുകയുള്ളു. വ്യാഴാഴ്ച്ച ഉച്ചക്ക് ഒരു മണി മുതല്‍ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിവരെ ജില്ലയില്‍ യെല്ലോ അലേര്‍ട് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. സാധാരണ നിലയില്‍ ആറു മുതല്‍ 11 സെന്റി മീറ്റര്‍ മഴയാണ് യെല്ലോ അലേര്‍ട് സമയത്തു പ്രതീക്ഷിക്കുന്നത്. എന്നാല്‍ 22.3 സെന്റി മീറ്റര്‍ മഴയാണ് ഈ ദിവസങ്ങള്‍ ലഭിച്ചത്. അതായത് 2018 ലെ പ്രളയത്തിലെ മൂന്ന് ദിവസങ്ങളില്‍ ലഭിച്ച മഴയുടെ പകുതി മഴ ഇന്നലെ പുലര്‍ച്ചെ പെയ്ത മഴയില്‍ നിന്നുമാത്രം ലഭിച്ചു. ഇത് അരുവിക്കര ഡാമിന്റെ സംഭരണ ശേഷിക്കും അപ്പുറമാണെന്നും കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

വെള്ളിയാഴ്ച്ച പുലര്‍ച്ചെ 3.30 നാണ് ഷട്ടറുകള്‍ തുറക്കുവാന്‍ ആരംഭിച്ചത്. പൊലീസ്, റവന്യൂ മറ്റ് വകുപ്പുകള്‍ക്കും വിവരം കൈമാറിയിരുന്നു. ഇവരുമായി കൂടിആലോചിച്ചതിനു ശേഷമാണ് ഡാം തുറന്നത്. ഇതിന് മുന്നോടിയായുള്ള മുന്‍കരുതല്‍ നടപടികളെല്ലാം സ്വീകരിച്ചിരുന്നു. ഇതില്‍ ഒരു വീഴ്ച്ചയും സംഭവിച്ചിട്ടില്ല. കിള്ളിയാര്‍, നെയ്യാര്‍ എന്നീ ആറുകളുടെ ക്യാച്ച്‌മെന്റ് ഏരിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചിരുന്നു. ഇതായിരുന്നു ഈ ആറുകളിലേക്കു അമിത ജലം ഒഴുകിയെത്താന്‍ കാരണമായതെന്നും കളക്ടര്‍ വ്യക്തമാക്കി.

 

Story Highlights: Aruvikkara Dam was opened following the regulations; Collector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here