Advertisement

വൈദ്യുതി ബില്ല് കൂടുതലായി തോന്നിയോ..? വീട്ടിലെ വൈദ്യുതിബിൽ സ്വയം പരിശോധിച്ച് നോക്കാം [24 Explainer]

May 23, 2020
Google News 3 minutes Read
electricity bulb

ലോക്ക്ഡൗൺ കാലത്ത് സാമൂഹ്യമാധ്യമങ്ങളിലും മറ്റും ഏറെ കേട്ടൊരു പരാതിയാണ് വൈദ്യുതി ബില്ല് കൂടുതലായി എന്നത്. എന്നാൽ ഇതിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ…? കെഎസ്ഇബിയുടെ ഗാർഹിക ഉപഭോക്താക്കൾക്ക് നിലവിലുള്ള താരിഫനുസരിച്ച് നമ്മുടെ വൈദ്യുതിബിൽ സ്വയമൊന്ന് കണക്കാക്കി നോക്കിയാലോ? രണ്ടു മാസത്തിലൊരിക്കലാണല്ലോ വീട്ടിൽ മീറ്റർ റീഡറെത്തി ബിൽ നൽകുക.

രണ്ടു മാസത്തെ ആകെ ഉപയോഗത്തെ രണ്ടുകൊണ്ട് ഹരിച്ച് പകുതിയാക്കി പ്രതിമാസ ഉപയോഗം കണ്ടെത്തുകയാണ് മീറ്റർ റീഡറുടെ കൈയ്യിലെ ബില്ലിംഗ് മെഷീനകത്തുള്ള സോഫ്റ്റ്‌വെയർ ചെയ്യുന്നത്. സബ്സിഡിയും ഇളവുകളുമൊക്കെ സോഫ്റ്റ്‌വെയർ തന്നെ കണക്കാക്കി പ്രതിമാസബിൽ തുക കണ്ടുപിടിക്കുകയും അതിനെ ഇരട്ടിയാക്കി രണ്ടുമാസത്തെ ബിൽ നൽകുകയും ചെയ്യും. ഇങ്ങനെ കിട്ടുന്ന ബിൽ എങ്ങനെ നമുക്ക് സ്വയം പരിശോധിച്ച് ശരിയെന്ന് എങ്ങനെ ഉറപ്പുവരുത്താം എന്ന് നോക്കാം. (സിംഗിൾ ഫെയ്സ് ഗാർഹിക ഉപഭോക്താവിന്റെ കാര്യം)

ഉദാഹരണത്തിന്, ഒരാളുടെ രണ്ട് മാസത്തെ ഉപയോഗം 234 യൂണിറ്റ് ആണ് എന്ന് വിചാരിക്കുക. അതിന്റെ പകുതി 117 യൂണിറ്റാണല്ലോ.

നിലവിലെ ഗാർഹിക താരിഫ് നിരക്ക് ഇനിപ്പറയും പ്രകാരമാണ്

താരിഫിന് രണ്ട് ഭാഗങ്ങളുണ്ടെന്നറിയാമല്ലോ.

ഫിക്സഡ് ചാർജും എനർജി ചാർജും.

ഫിക്സഡ് ചാർജ് കണക്കാക്കുന്നത് എങ്ങനെയെന്നറിയാൻ താഴെ കൊടുത്തിരിക്കുന്ന പട്ടിക കാണുക.

എനർജി ചാർജ് കണക്കാക്കുന്നത് ഇങ്ങനെ

50 യൂണിറ്റ് വരെ – 3.15 രൂപ

51 മുതൽ 100 വരെ – 3.70 രൂപ

101 മുതൽ 150 വരെ – 4.80 രൂപ

151 മുതൽ 200 വരെ – 6.40 രൂപ

201 മുതൽ 250 വരെ – 7.60 രൂപ…

പ്രതിമാസ വൈദ്യുതി നിരക്കാണ് കണക്കാക്കാൻ പോകുന്നത്

മാസം 250 യൂണിറ്റുവരെ ടെലിസ്കോപ്പിക് ശൈലിയിലാണ് ബിൽ കണക്കാക്കുക.

അതായത് നമ്മുടെ മാസ ഉപയോഗമായ 117 യൂണിറ്റിന്റെ ആദ്യത്തെ 50 യൂണിറ്റിന് 3.15 രൂപനിരക്കിലും അടുത്ത 50 യൂണിറ്റിന് 3.70രൂപ നിരക്കിലും 17 യൂണിറ്റിന് 4.80 രൂപ നിരക്കിലുമാണ് എനർജി ചാർജ് കണക്കാക്കുക

എനർജി ചാർജ് (EC) = (50 x 3.15) + (50 x3.70) + (17 x 4.80) = 424.10 രൂപ

നികുതി 10% = 42.41രൂപ

മീറ്റർ വാടക = 6.00 രൂപ (സിംഗിൾ ഫെയ്സിന്)

വാടകയുടെ നികുതി 18% = 1.08 രൂപ

മീറ്റർ വാടകയുടെ സെസ്സ് = 0.06 രൂപ (1%)

ഫ്യൂവൽ സർചാർജ് = 11.70 (യൂണിറ്റിന് പത്തു പൈസ നിരക്കിൽ)

ഫിക്സഡ് ചാർജ് = 55 രൂപ (ടേബിൾ നോക്കുക)

ആകെ = 540.35

ഇനി സബ്സിഡി കണക്കാക്കാം

21-25 വരെ യൂണിറ്റിന് 1.50 നിരക്കിൽ 5 x 1.50 = 7.50രൂപ

26-40 വരെ യൂണിറ്റിന് 0.35 നിരക്കിൽ 15 x 0.35 = 5.25 രൂപ

41-117 വരെ യൂണിറ്റിന് 0.50 നിരക്കിൽ 77 x 0.50 = 38.50 രൂപ

എനർജി ചാർജ് സബ്സിഡി = 7.50 + 5.25 + 38.50 = 51.25 രൂപ

ഫിക്സഡ് ചാർജ് (സബ്സിഡി) = 20രൂപ

ആകെ സബ്സിഡി = 51.25+20 = 71.25 രൂപ

ഒരു മാസത്തെ ബിൽ തുക = 540 – 71.25 = 468.75

ദ്വൈമാസ ബിൽ = (468.75x 2) = 937.50 രൂപ

അതായത് രണ്ടുമാസത്തിൽ 234 യൂണിറ്റുപയോഗിക്കുന്നയാളിന് 938 രൂപ ബിൽ വരും.

ഇനി ഒരാളുടെ ദ്വൈമാസ ഗാർഹിക ഉപയോഗം 780 യൂണിറ്റായാലോ?

പ്രതിമാസ ഉപയോഗം 390 യൂണിറ്റായി.
മാസ ഉപയോഗം 250 യൂണിറ്റ് പിന്നിട്ടാൽ പിന്നെ ടെലിസ്കോപ്പിക് ശൈലിയല്ലെന്നോർക്കണം.

390 x 6.90 = 2691 രൂപയാവും എനർജി ചാർജ്

നികുതി 10% = 269.1 0രൂപ

മീറ്റർ വാടക = 6.00 രൂപ (സിംഗിൾ ഫെയ്സിന്)

വാടകയുടെ നികുതി 18% = 1.08 രൂപ

മീറ്റർ വാടകയുടെ സെസ്സ് = 0.06 രൂപ (1%)

ഫ്യൂവൽ സർചാർജ് = 39.00 (യൂണിറ്റിന് പത്തു പൈസ നിരക്കിൽ)

ഫിക്സഡ് ചാർജ് = 120 രൂപ

മാസ ഉപയോഗം 120 യൂണിറ്റ് കടന്നാൽ സബ്സിഡിയും ഇല്ല

ആകെ (2691 + 269.1 +6 +1.08 +0.06 +39 + 120) = 3126.24 രൂപ

രണ്ടുമാസത്തേക്ക് = 6252.48 രൂപ

3 ഫെയ്സ് കണക്ഷനുള്ളവർക്ക് പട്ടികയിലുള്ളതുപ്രകാരം ഫിക്സഡ് ചാർജും മീറ്റർ വാടകയും മാറും.

സംശയമുള്ളവർക്ക് ഇതേ ശൈലിയിൽ സ്വന്തം ഗാർഹിക ഇലക്ട്രിസിറ്റി ബിൽ കണക്കാക്കാവുന്നതാണ്

Story highlighjts-electricity bill seem too much ,24 Explainer

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here