Advertisement

അച്ഛനെ പിന്നിലിരുത്തി സൈക്കിളോടിച്ച ജ്യോതി കുമാരിക്ക് അഭിനന്ദനം അറിയിച്ച് ഇവാൻക ട്രംപ്

May 23, 2020
Google News 7 minutes Read

ഗുരുഗ്രാമിൽ നിന്ന് ബിഹാർ വരെ 1,200 കിലോമീറ്ററോളം അച്ഛനെ പിന്നിലിരുത്തി സൈക്കിളോടിച്ച പെൺകുട്ടിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ്. ട്വിറ്ററിലൂടെയാണ് ഇവാൻക പതിനഞ്ചുകാരിയായ ജ്യോതി കുമാരിക്ക് അഭിനന്ദനമറിയിച്ചത്.

‘സഹനശക്തിയും സ്നേഹവും നിറഞ്ഞ മനോഹരമായ ഈ സാഹസകൃത്യം ഇന്ത്യൻ ജനതയുടെ മനോധർമത്തേയും സൈക്കിളിംഗ് ഫെഡറേഷനേയുമാണ് കീഴടക്കിയിരിക്കുന്നു’- എന്ന് ഇവാൻക ട്വീറ്റ് ചെയ്തു.

 

ഡൽഹി- ഹരിയാന അതിർത്തിയായ ഗുരുഗ്രാമിൽ നിന്നാണ് വയ്യാത്ത അച്ഛനെയും പിന്നിലിരുത്തി ജ്യോതി സൈക്കിൾ ചവിട്ടി സ്വന്തം നാടായ ബിഹാറിലെത്തിയത്. അപകടത്തിൽ പരിക്കു പറ്റി എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ജ്യോതിയുടെ അച്ഛൻ മോഹൻ പാസ്വാൻ. ഡൽഹിയിൽ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു മോഹൻ അപകടത്തിൽ പെട്ടത്തിനു പിന്നാലെയാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഓട്ടോ വാടകയ്ക്ക് എടുത്തായിരുന്നു മോഹൻ കുടുംബം പുലർത്തിയിരുന്നത്. എന്നാൽ, ലോക്ക് ഡൗൺ വന്നതിനു പിന്നാലെ ഓട്ടോറിക്ഷയുടെ ഉടമ മോഹനനോട് ഓട്ടോ തിരികെ നൽകാൻ ആവശ്യപ്പെട്ടു. ഇതോടെ ജീവിതം കൂടുതൽ ദുരിതപൂർണമാകുമെന്ന ഘട്ടം വന്നതോടെയാണ് ജ്യോതി എങ്ങനെയും വയ്യാത്ത അച്ഛനെ സ്വന്തം നാട്ടിലേക്ക് കൊണ്ടു വരാൻ തീരുമാനിച്ചത്. എന്നാൽ, ലോക്ക് ഡൗൺ കാലത്ത് എങ്ങനെ 1200 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് പോകുമെന്ന ചോദ്യം ജ്യോതിക്കു മുന്നിലുണ്ടായി. അതിന് ആ പതിനഞ്ചുകാരി കണ്ടെത്തിയ വഴിയായിരുന്നു, കൈയിലുണ്ടായിരുന്ന പണം കൊടുത്ത് ഒരു സൈക്കിൾ വാങ്ങുകയെന്നത്. സൈക്കിൾ കിട്ടിയ അവൾ മറ്റൊന്നും പിന്നെയാലോചിച്ചില്ല, പിന്നിടേണ്ട ദൂരമോ, വഴിയിലെ ബുദ്ധിമുട്ടുകളോ, വിശപ്പോ ദാഹമോ ഒന്നും. ഒടുവിൽ അവളുടെ നിശ്ചയദാർഢ്യം വിജയം കാണുകയും ചെയ്തു.

ബിഹാറിലെ ദർബാംഗ എന്ന പ്രദേശത്തെ വീട്ടിലെത്തിയ ജ്യോതിയേയും മോഹനനെയും നാട്ടുകാർ ആവേശത്തോടെയാണ് സ്വീകരിച്ചത്. നാട്ടിലെത്തിയതിനു പിന്നാലെ അച്ഛനും മകളും ക്വാറന്റീനിൽ പോയി. യാത്രയിലൂട നീളം വെള്ളം കുടിച്ചാണ് വിശപ്പ് അടക്കിയതെന്നും ചിലർ തങ്ങളുടെ കഷ്ടപ്പാട് കണ്ട് ഭക്ഷണം നൽകിയിട്ടുണ്ടെന്നും ജ്യോതി മാധ്യമങ്ങളോടു പറഞ്ഞു.

ജ്യോതിയുടെ സൈക്കിൾ യാത്രയുടെ കഥകേട്ട ദേശീയ സൈക്ലിങ് ഫെഡറേഷൻ ജ്യോതിയുടെ കായികശേഷിയിൽ മതിപ്പ് പ്രകടിപ്പിച്ചാണ് അവളെ ട്രയൽസിന് ക്ഷണിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടാൽ ദേശീയ സൈക്ലിംഗ് അക്കാദമിയിൽ വിദഗ്ധ പരിശീലനം നൽകുമെന്നാണ് ഫെഡറേഷൻ ചെയർമാൻ ഓംകോർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞത്. 1200 കിലോമീറ്റർ ദൂരം തുടർച്ചയായി സൈക്കിൾ ഓടിക്കുന്നത് നിസ്സാരമായ കാര്യമല്ല. അതിന് അസാധാരണമായ കായികശേഷിയും മനക്കരുത്തും വേണം. നല്ല പരിശീലനം കിട്ടിയാൽ അവൾ ഏറെ ഉയരത്തിലെത്തും’ ഓംകോർ സിംഗ് മാധ്യമങ്ങളോട് ജ്യോതിയെക്കുറിച്ചു പറഞ്ഞു. ലോക്ക് ഡൗൺ അവസാനിച്ചശേഷം ഡൽഹിയിൽ വച്ചായിരിക്കും ട്രയൽസ് നടക്കുക.

Story highlight: Ivanka Trump congratulates Jyoti Kumari after cycling after her father

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here