കൊലപാതകമെന്ന വാര്‍ത്ത നിഷേധിച്ച് സൂരജിന്റെ കുടുംബം; മകന്‍ കുറ്റം ചെയ്‌തെന്ന് വിശ്വസിക്കുന്നില്ലെന്ന് സൂരജിന്റെ അച്ഛന്‍

ഉത്രയുടേത് കൊലപാതകമെന്ന വാര്‍ത്ത നിഷേധിച്ച് സൂരജിന്റെ കുടുംബം. മകന്‍ കുറ്റം ചെയ്‌തെന്ന് വിശ്വസിക്കുന്നില്ലെന്ന് സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു. പാമ്പിനെ വിട്ട് കടിപ്പിക്കാന്‍ സാധിക്കില്ല. രണ്ടുപേര്‍ കിടക്കുന്ന മുറിയില്‍ ഉത്രയെ മാത്രം എങ്ങനെ പാമ്പിനെക്കൊണ്ട് കടിപ്പിക്കുമെന്നും സുരേന്ദ്രന്‍ ചോദിച്ചു.

അതേസമയം, കൊല്ലം അഞ്ചലില്‍ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു. അഞ്ചല്‍ ഏറത്ത് ഉത്ര മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചത്. കൊല്ലം റൂറല്‍എസ്പി ഹരിശങ്കറിന്റെയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ അശോകന്റെയും നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

Read More: കൊല്ലത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം കൊലപാതകം: കുറ്റം സമ്മതിച്ച് ഭര്‍ത്താവ്

സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയായിരുന്നുവെന്ന് കുറ്റസമ്മതം നടത്തിയതായാണ് ലഭിക്കുന്ന വിവരം. രണ്ടുതവണ പാമ്പിനെക്കൊണ്ട് കടിപ്പിക്കാന്‍ ശ്രമം നടത്തി. ആദ്യ ശ്രമം നടത്തിയത് മാര്‍ച്ചിലായിരുന്നു. ചാത്തന്നൂരിന് സമീപം കല്ലുവാതുക്കലിലുള്ള സുരേഷ് എന്ന പാമ്പുപിടുത്തക്കാരനില്‍ നിന്നാണ് പാമ്പിനെ വാങ്ങിയത്. പാമ്പിനെ കുപ്പിയിലാക്കി അടൂരിലുള്ള സൂരജിന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു. അന്ന് പാമ്പുകടിയേറ്റ് മൂന്ന് മണിക്കൂറിന് ശേഷമാണ് ഉത്രയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി ഉത്രയുടെ അഞ്ചല്‍ ഏറത്തുള്ള വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതോടെ വീണ്ടും പാമ്പ് പിടുത്തക്കാരെ സമീപിച്ച് മറ്റൊരു പാമ്പിനെ വാങ്ങി. ആറാം തിയതി രാത്രി മുര്‍ഖന്‍ പാമ്പിനെ കുപ്പിയില്‍ നിന്ന് തുറന്നുവിട്ട് വീണ്ടും കടിപ്പിക്കുകയായിരുന്നു. ഇതിനുശേഷം പാമ്പിനെ തിരികെ കുപ്പിയില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ രാവിലെ വീട്ടുകാരെ ഉത്രയെ പാമ്പ് കടിച്ചതായി അറിയിക്കുകയും പാമ്പിനെ തല്ലിക്കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചിടുകയുമായിരുന്നുവെന്നാണ് വിവരം.

Read More: സൂരജിന് പാമ്പിനെ എത്തിച്ചു നൽകിയത് കല്ലുവാതിക്കൽ സ്വദേശി; രണ്ട് പാമ്പുകൾക്കായി നൽകിയത് പതിനായിരം രൂപ

മെയ് ഏഴിനാണ് അഞ്ചലിലെ വീട്ടില്‍ ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നു തന്നെ ഉത്രയുടെ മാതാപിതാക്കളും ബന്ധുക്കളും മരണത്തില്‍ സംശയം ഉന്നയിച്ചിരുന്നു. എസി ഉണ്ടായിരുന്ന, അടച്ചുറപ്പുള്ള മുറിയിലാണ് ഉത്ര ഉറങ്ങാന്‍ കിടന്നത്. ഈ മുറിയില്‍ എങ്ങനെ മൂര്‍ഖന്‍ പാമ്പ് കയറി എന്നതായിരുന്നു പ്രധാന സംശയം. സൂരജിനെതിരെ ഉത്രയുടെ മാതാപിതാക്കള്‍ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

Story Highlights: snake bite, kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top