ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്; വാഹനത്തില്‍ കൂടുതല്‍ ആളുകളെ കയറ്റിയാല്‍ ലൈസന്‍സ് റദ്ദാക്കും

ലോക്ക്ഡൗണില്‍ വിവിധ ഘട്ടങ്ങളിലായി ചില ഇളവുകള്‍ വന്നിട്ടുണ്ട്. ഇത് ദുരുപയോഗം ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കടകളിലും ചന്തകളിലും വലിയ ആള്‍ക്കൂട്ടം കാണുന്നുണ്ട്. ഈ രീതി തുടരാന്‍ പറ്റില്ല. നമ്മുടെ ജാഗ്രതയില്‍ അയവു വന്നുകൂടാ. അതുകൊണ്ട് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ എംഎല്‍എമാരുടെയും എംപിമാരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോക യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Read More : ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഇതുവരെ എത്തിയത് 1,01,779 പേര്‍

നിയന്ത്രണങ്ങള്‍ നടപ്പാക്കുമ്പോള്‍ തന്നെ ജനങ്ങള്‍ക്ക് ജീവനോപാധിക്കു വേണ്ട സൗകര്യം നല്‍കേണ്ടതുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ഇളവുകള്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. ജനങ്ങളെയാകെ ബോധവത്കരിക്കുക എന്നതാണ് ജനപ്രതിനിധികളുടെ മുമ്പിലുള്ള കടമ. കൊവിഡിനെതിരായ പോരാട്ടത്തില്‍ ജനങ്ങളാകെ അണിനിരക്കണം. ഒറ്റ മനസ്സോടെ ഇറങ്ങിയാല്‍ രോഗവ്യാപനം നമുക്ക് തടയാന്‍ കഴിയും.

Read More : സംസ്ഥാനത്തേക്ക് പാസ് ഇല്ലാതെ വരുന്നവര്‍ക്ക് കനത്ത പിഴ ചുമത്തും: 28 ദിവസം നിര്‍ബന്ധിത ക്വാറന്റീനും

ബസുകളിലും ബസ് സ്റ്റാന്‍ഡുകളിലും അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുകയാണ്. ഓട്ടോകളിലും കൂടുതല്‍ ആളുകള്‍ സഞ്ചരിക്കുന്നു. ഇത് സംസ്ഥാനത്തിന്റെ പല ഭാഗത്തുമുള്ള കാഴ്ചയാണ്. വിലക്ക് ലംഘിച്ച് ആളുകളെ കയറ്റുന്ന വാഹന ഉടമകള്‍ക്കെതിരെ നടപടികളെടുക്കും. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകും. തിരക്ക് ഒഴിവാക്കാന്‍ പൊലീസും കാര്‍ക്കശ്യത്തോടെ ഇടപെടും.

വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് ഇപ്പോള്‍ നിയന്ത്രണമുണ്ട്. മരണാനന്തര ചടങ്ങുകള്‍ക്ക് ആകെ 20 പേരെ പാടുള്ളൂ. എന്നാല്‍ ഇത് ഒരു സമയം 20 പേരാണ് എന്ന് ദുര്‍വ്യാഖ്യാനിച്ച് പല ഘട്ടങ്ങളിലായി ആളുകള്‍ മരണവീടുകളില്‍ കയറിയിറങ്ങുന്നു. വിവാഹത്തിന് പരമാവധി 50 പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്. ഇത് ലംഘിച്ച് വിവാഹത്തിന് മുമ്പും ശേഷവും ആളുകള്‍ കൂടുന്ന സ്ഥിതിയുണ്ട്. അതുകൊണ്ട് കൂടുതല്‍ കര്‍ശനമായ നിലപാട് വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Cm Pinarayi Vijayan, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top