ശീലമായതിനാൽ ഉമിനീര് ഉപയോഗിക്കും; ബൗളർമാരെ മാസ്ക് ധരിപ്പിക്കണമെന്ന് മിസ്ബാഹ് ഉൾ ഹഖ്

ബൗളർമാരെ മാസ്ക് ധരിപ്പിക്കണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ടീം പരിശീലകൻ മിസ്ബാഹ് ഉൾ ഹഖ്. ശീലമായതിനാൽ അവർ അറിയാതെ ഉമിനീർ പുരട്ടുമെന്നും അതുകൊണ്ട് തന്നെ മാസ്ക് ധരിക്കാൻ അവർക്ക് നിർദ്ദേശം നൽകണമെന്നും മിസ്ബാ പറഞ്ഞു. പന്തിൽ ഉമിനീർ പുരട്ടുന്നത് നിർത്താൻ ബൗളർമാർക്ക് സമയം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പെട്ടെന്ന് ഓര്‍ക്കാതെ അവര്‍ പന്തിൽ ഉമിനീര് പുരട്ടാന്‍ ശ്രമിച്ചേക്കാം. അവര്‍ ക്രിക്കറ്റ് കളി തുടങ്ങിയതു മുതല്‍ തുടരുന്ന ശീലമാണ് അത്. ഉമിനീര് പുരട്ടുന്നത് വിലക്കി എന്ന ബോധ്യമുണ്ടെങ്കിലും ചിലപ്പോൽ അറിയാതെ അവർ അങ്ങനെ ചെയ്യാൻ സാധ്യതയുണ്ട്. അത് പ്രതിരോധിക്കാനുള്ള വഴി കണ്ടെത്തണം. അതുകൊണ്ട് തന്നെ മാസ്‌ക് ധരിക്കാന്‍ ബൗളര്‍മാരോട് നിർദ്ദേശിക്കണം. അങ്ങനെയെങ്കിൽ ഈ പ്രശ്നം ഒഴിവാക്കാം.”- മിസ്ബാ പറഞ്ഞു.
പുതിയ സാഹചര്യത്തിൽ ക്രിക്കറ്റ് എളുപ്പമുള്ള ഒരു കാര്യമില്ല. അത് കളിക്കാർ തിരിച്ചറിയണം. വാക്സിൻ കണ്ട് പിടിക്കുന്നതു വരെ പഴയതു പോലുള്ള ക്രിക്കറ്റ് മത്സരങ്ങൾ നടക്കില്ല. വളരെ സാവധാനത്തിൽ ശ്രദ്ധയോടെ നമുക്ക് ക്രിക്കറ്റിലേക്ക് മടങ്ങാം എന്നും മിസ്ബാ പറഞ്ഞു.
Read Also: പന്തിന് തിളക്കം കൂട്ടാൻ ഉമിനീര് പാടില്ല; വിയർപ്പ് ഉപയോഗിക്കാം: നിർദ്ദേശങ്ങളുമായി ഐസിസി നിയമിച്ച പാനൽ
അനിൽ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐസിസി ക്രിക്കറ്റ് കമ്മറ്റി പാനൽ ആണ് നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്. പന്തിന് തിളക്കം കൂട്ടാൻ ഉമിനീര് ഉപയോഗിക്കാൻ പാടില്ല എന്നാണ് പാനലിൻ്റെ പ്രധാന നിർദ്ദേശം. എന്നാൽ, വിയർപ്പ് ഉപയോഗിക്കുന്നതിന് പ്രശ്നങ്ങളില്ലെന്നും അത് അനുവദിക്കാമെന്നും പാനൽ നിർദ്ദേശിക്കുന്നു.
ഫീൽഡ് അമ്പയർമാർ മത്സരങ്ങൾ നിയന്തിക്കുമ്പോൾ കയ്യുറ ധരിക്കണം. കളിക്കാർ തങ്ങളുടെ തൊപ്പി, സൺഗ്ലാസ്, ടവൽ തുടങ്ങിയവ അമ്പയർമാരെ ഏല്പിക്കരുത്. കായികോപകരണങ്ങൾ മത്സരങ്ങൾക്ക് മുൻപും ശേഷവും അണുവിമുക്തമാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ ഐസിസിയും പുറത്തിറക്കി.
Story Highlights: make bowlers wear mask misbah ul haq
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here