കള്ളപ്പണക്കേസിൽ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; ഇബ്രാഹിം കുഞ്ഞിന്റെ മകനെ വിജിലൻസ് ചോദ്യം ചെയ്തു

മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ മകനെ വിജിലൻസ് ചോദ്യം ചെയ്തു. കൊച്ചി വിജിലൻസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. കള്ളപ്പണക്കേസിൽ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ചോദ്യം ചെയ്യൽ. രാവിലെ 11 മണിയോടെയാണ് അബ്ദുൾ ഗഫൂർ ചോദ്യം ചെയ്യലിന് ഹാജരായത്.
ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഇബ്രാഹിംകുഞ്ഞിന്റെ മകൻ അബ്ദുൾ ഗഫൂറിനെ ചോദ്യം ചെയ്തത്. കൊച്ചി കത്രിക്കടവിലുള്ള വിജിലൻസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ഇബ്രാഹിംകുഞ്ഞിനെതിരായ കേസിൽ നിന്ന് പിൻമാറണമെന്ന് അബ്ദുൾ ഗഫൂർ പരാതിക്കാരനോട് ആവശ്യപ്പെടുകയും ഒഴിയുന്നതിനായി പരാതിക്കാരന് പണം വാഗ്ദാനം ചെയ്തതായും പരാതിയുയർന്നിരുന്നു.
മുസ്ലീം ലീഗ് ജില്ലാ ഉപാധ്യക്ഷൻ സിഎം അബ്ബാസും അബ്ദുൾ ഗഫൂറിനൊപ്പം പരാതിക്കാരനെ കണ്ടതായി പറയുന്നുണ്ട്. സിഎം അബ്ബാസാണ് കേസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരനെ ആദ്യം സമീപിച്ചതെന്നും ആക്ഷേപമുണ്ട്. ഈ വിഷയത്തിൽ അന്വേഷണത്തിന് ഹൈക്കോടതി വിജിലൻസിനെ ചുമതലപ്പെടുത്തുകയായിരുന്നു.
അതേസമയം ഗിരീഷ്ബാബുവാണ് ഇബ്രാഹിംകുഞ്ഞിനോട് പണം ആവശ്യപ്പെട്ടതെന്ന് കൊച്ചിയിലെ ഒരു യൂത്ത് കോൺഗ്രസ് നേതാവ് വിജിലൻസിന് മൊഴി നൽകിയിട്ടുണ്ട്. ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തി പണം ആവശ്യപ്പെടുമ്പോൾ താൻ സമീപം ഉണ്ടായിരുന്നെന്നും ഇയാൾ വിജിലൻസിനോട് വ്യക്തമാക്കുകയുണ്ടായി.
Read Also:പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും
നേരത്തെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ മുൻ പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇബ്രാഹിം കുഞ്ഞിനെതിരെ എൻഫോഴ്‌സ്‌മെൻറ് ഡയറ്കടറേറ്റ് കേസെടുത്തിരുന്നു. 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് പരാതി. 2016 നവംബറിൽ നോട്ട് നിരോധനം നിലവിൽ വന്നതിന് തൊട്ടു പിന്നാലെ ചന്ദ്രിക പത്രത്തിന്റെ കൊച്ചിയിലുളള രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി പത്ത് കോടി രൂപ നിക്ഷേപിച്ചത് സംബന്ധിച്ചാണ് കേസ്. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കോഴപ്പണം ആണിതെന്നാണ് ആരോപണം.
Story highlights-vigilance questioned ibrahim kunju son abdul gafoor, chandrika black money case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here