പഠനത്തിനാണ് പ്രഥമ പരിഗണന; ട്രയൽസിനുള്ള ക്ഷണം നിരസിച്ച് ജ്യോതികുമാരി

ട്രയൽസിൽ പങ്കെടുക്കാനുള്ള സൈക്ലിംഗ് ഫെഡറേഷൻ്റെ ക്ഷണം നിരസിച്ച് ലോക്ക്ഡൗണിൽ കുടുങ്ങിയ പിതാവിനെ നാട്ടിലെത്തിക്കാൻ 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടി വാർത്തകളിൽ ഇടം നേടിയജ്യോതികുമാരി. പഠനത്തിനാണ് പ്രഥമ പരിഗണനയെന്നും 10ആം ക്ലാസ് പാസാകണമെന്നും ചൂണ്ടിക്കാട്ടിയാണ് ജ്യോതികുമാരി ട്രയൽസിനുള്ള ക്ഷണം നിരസിച്ചത്. ഇന്ത്യൻ എക്സ്പ്രസ് അടക്കമുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
“ഏറെ ദൂരം സൈക്കിൾ ഓടിച്ചതു കൊണ്ട് തന്നെ ഞാൻ ക്ഷീണിതയാണ്. കുടുംബപ്രശ്നങ്ങൾ കാരണം പഠിക്കാൻ സാധിച്ചിരുന്നില്ല. വീട്ടുജോലികളൊക്കെ ചെയ്താണ് കഴിഞ്ഞിരുന്നത്. ഇനി ലക്ഷ്യം പത്താം ക്ലാസ് പൂർത്തിയാക്കുക എന്നതാണ്.”- ജ്യോതികുമാരി പറയുന്നു.
ജ്യോതികുമാരിയുടെ പഠന ചെലവുകൾ ഏറ്റെടുക്കാമെന്ന് ലോക്ജനശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ കഴിഞ്ഞ ദിവസം വാഗ്ധാനം ചെയ്തിരുന്നു. ഏത് സിലബസിലുള്ള സ്കൂളിൽ വേണമെങ്കിലും ജ്യോതികുമാരിക്ക് പഠിക്കാമെന്നും അതിനു വേണ്ട ചെലവുകൾ വഹിച്ചുകൊള്ളാമെന്നും അദ്ദേഹം പറഞ്ഞു. പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം മകളെ സൈക്ലിംഗിനു വിടാനാണ് താത്പര്യമെന്ന് പിതാവും അറിയിച്ചിരുന്നു. നിലവിൽ ഒൻപതാം ക്ലാസിലാണ് ജ്യോതികുമാരി പഠിക്കുന്നത്.
Read Also:അച്ഛന് അപകടത്തിൽ പരുക്ക്; വീട്ടിലെത്തിക്കാൻ 15കാരി സൈക്കിൾ ചവിട്ടിയത് 1200 കിലോമീറ്റർ
ലോക്ക് ഡൗൺ പശ്ചാത്തലത്തിലാണ് അച്ഛൻ മോഹൻ പാസ്വാനുമായി ജ്യോതികുമാരി എന്ന പെൺകുട്ടി ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ബീഹാറിലെ ദർഭംഗ വരെ സൈക്കിൾ ചവിട്ടിയത്. ഹരിയാനയിലെ ഗുരുഗ്രാമിൽ ഇ-റിക്ഷ ഓടിച്ചാണ് മോഹൻ പാസ്വാൻ ജീവിച്ചിരുന്നത്. ഒരു അപകടത്തിൽ ഇദ്ദേഹത്തിനു പരുക്കേറ്റതോടെ ഇവരുടെ ജീവിതം വഴിമുട്ടി. ലോക്ക് ഡൗൺ ആരംഭിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ആദ്യ മാസം തന്നെ വാടക നൽകാത്തതിനാൽ വീട്ടുടമ ഇറക്കിവിടാനൊരുങ്ങി. ഇതോടെയാണ് അച്ഛനെയും കൊണ്ട് സൈക്കിളിൽ നാട്ടിലേക്ക് വരാൻ ജ്യോതികുമാരി തീരുമാനിച്ചത്.
ഏഴ് ദിവസം കൊണ്ടാണ് അവർ നാട്ടിലെത്തിയത്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മകൾ ഇവാൻക ട്രംപ് അടക്കം പല പ്രമുഖരും ജ്യോതികുമാരിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
അതേ സമയം, സൈക്ലിംഗ് ഫെഡറേഷൻ്റെ ക്ഷണം നിരസിച്ചിട്ടില്ലെന്നും ജ്യോതി സൈക്കിൾ ചവിട്ടി പരിശീലനം നടത്തുന്നുണ്ടെന്നും ദി പ്രിൻ്റ് റിപ്പോർട്ട് ചെയ്യുന്നു.
Story highlights-jyoti kumari says education is her first priority
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here