മരുന്ന് നിര്‍മാണരംഗത്തെ ഏക പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് റെക്കോർഡ് ലാഭത്തിൽ

മരുന്ന് നിര്‍മാണരംഗത്തെ ഏക പൊതുമേഖലാസ്ഥാപനമായ കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി) 2019-20 സാമ്പത്തിക വര്‍ഷം 7.13 കോടിയുടെ റെക്കോർഡ് ലാഭം നേടി. 66.25 കോടി രൂപയുടെ ഉത്പാദനവും 53.76 കോടിരൂപയുടെ വിറ്റുവരവും ഉണ്ടായി. 2018-19 സാമ്പത്തിക വര്‍ഷം 2.75 കോടിയായിരുന്നു ലാഭം. 2019-20 ല്‍ മൂന്നിരട്ടിയോളമാണ് ലാഭം വര്‍ധിപ്പിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന വര്‍ഷമായ 2015-16 ല്‍ 4.98 കോടി രൂപ നഷ്ടത്തിലായിരുന്നു കെഎസ്ഡിപി. ഇന്ന് ആന്റിബയോട്ടിക്കുകളും ഇഞ്ചക്ഷന്‍ മരുന്നുകളും നിര്‍മിക്കുന്നു. കാന്‍സര്‍ മരുന്ന് നിര്‍മാണവും വിദേശത്തേക്ക് മരുന്ന് കയറ്റുമതിയും ഉടന്‍ തുടങ്ങും.

2017-18 ല്‍ 10 കോടി രൂപയുടെ ബീറ്റാലാക്ടം ഇന്‍ജക്ഷന്‍ പ്ലാന്റ് സ്ഥാപിച്ചു. 2018-19 ല്‍ 32.15 കോടി രൂപ ചെലവില്‍ നോണ്‍ ബീറ്റാലാക്ടം മരുന്ന് നിര്‍മാണ പ്ലാന്റ് കമ്മീഷന്‍ ചെയ്തു. കുറഞ്ഞ വിലയ്ക്ക് കുത്തിവെപ്പിനുള്ള മരുന്നുകള്‍ ലഭ്യമാക്കാന്‍ ലാര്‍ജ് വോളിയം പാരന്‍ഡ്രല്‍(എല്‍ വി പി), സ്മാള്‍ വോളിയം പാരന്‍ഡ്രല്‍ (എസ് വി പി), ഒപ്താല്‍മിക് എന്നീ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുകയാണ്.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നേട്ടങ്ങളുടെ നീണ്ട പട്ടികയാണ് കെഎസ്ഡിപി സ്വന്തമാക്കിയത്. നോണ്‍ ബീറ്റാലാക്ടം മരുന്ന് നിര്‍മാണത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു. സ്ഥാപനത്തിന്റെ ലാബിന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസ് (എന്‍ എ ബി എല്‍) അംഗീകാരവും ലഭിച്ചു. ആറിനം മരുന്നുകളുടെ കയറ്റുമതിക്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൊഡക്ട് (സി ഒ പി പി) അംഗീകാരവും നേടി.

Story Highlights: kerala state drugs and pharmaceuticals

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top