കെഎസ്എഫ്ഇ നിക്ഷേപങ്ങൾക്കുള്ള പലിശ ഉയർത്തി; വായ്പ നൽകാൻ പുതിയ പദ്ധതി

ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികൾക്ക് മൂന്നു ശതമാനം പലിശ നിരക്കിൽ ഒരു ലക്ഷം രൂപയുടെ സ്വർണ വായ്പ കെ.എസ്.എഫ്.ഇ നൽകുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. നിക്ഷേപങ്ങൾക്കുള്ള പലിശ ഉയർത്തി. വ്യാപാരികൾക്ക് വായ്പ നൽകാൻ പുതിയ പദ്ധതിയും പ്രഖ്യാപിച്ചു. ഖജനാവിലേക്ക് പണം വരാൻ മദ്യം വിൽക്കേണ്ടതില്ലെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.

കൊവിഡിന്റെ പശ്ചാത്തലത്തിലാണ് കെ.എസ്.എഫ്.ഇ കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ചത്. ജീവനം സൗഹൃദപ്പാക്കേജിന്റെ ഭാഗമായിട്ടാണ് പദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടു വർഷം കാലാവധിയുള്ള ഗ്രൂപ്പ് ഫിനാൻസ് സ്‌കീം തുടങ്ങും. നാലു മാസങ്ങൾക്ക് ശേഷം ആവശ്യക്കാർക്ക് തുക മുൻകൂറായി നൽകും. 12 തുല്യമാസ തവണകളായി തിരിച്ചടയ്ക്കാവുന്ന 10 ലക്ഷം വരെയുള്ള സ്വർണപ്പണയ വായ്പ നൽകും. സുവർണ ജൂബിലി ചിട്ടികളും ഓൺലൈൻ വഴി ചിട്ടി അടയ്ക്കാനുള്ള സൗകര്യവും ഏർപ്പെടുത്തും.

നിക്ഷേപങ്ങൾക്കുള്ള പലിശയും ഉയർത്തി. ചിട്ടിനിക്ഷേപത്തിനുള്ള പലിശ 7.75 ശതമാനമായും മുതിർന്ന പൗരന്മാർക്കുള്ള പലിശ 8.5 ശതമാനമായും ഉയർത്തി. ഖജനാവിലേക്ക് പണം വരാനായി മദ്യം വിൽക്കേണ്ടതില്ലെന്നും മദ്യമില്ലാതിരുന്നപ്പോൾ വ്യാജവാറ്റ് വർധിച്ചതായും മന്ത്രി തോമസ് ഐസക് പറഞ്ഞു. അടുത്ത മാസം ശമ്പളം നൽകാൻ ബുദ്ധിമുട്ടുണ്ടാകില്ല. വാർഷികത്തിന് ലഘുലേഖ അച്ചടിക്കുന്നത് ധൂർത്തല്ലെന്നും സാധാരണ നടപടി ക്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

story highlights- thomas issac, ksfe

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top