സംസ്ഥാനത്ത് നിലവിൽ സമൂഹവ്യാപനമില്ല; സമ്പർക്ക രോഗബാധയുടെ തോത് കൂടുതൽ കണ്ണൂരിൽ

സംസ്ഥാനത്ത് നിലവിൽ സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹ വ്യാപന സാധ്യതയറിയാൻ സെന്റിനൽ സർവെയിൻസ് നടത്തുന്നതിന്റെ ഭാഗമായി ഓഗ്‌മെന്റഡ് ടെസ്റ്റ് നടത്തിയിരുന്നു. ഈ ഫലം അടിസ്ഥാനമാക്കിയാണ് സമൂഹവ്യാപന ആശങ്ക മുഖ്യമന്ത്രി തള്ളിയത്.
ഏപ്രിൽ 26ന് 3128 സാമ്പിളുകൾ പരിശോധിച്ചു. ഇതിന് പുറമെ ആരോഗ്യ പ്രവർത്തകരെയും, പൊതുജനങ്ങളുമായി ഇടപഴകേണ്ടി വരുന്ന സമൂഹ അടുക്കളയിലെ ജീവനക്കാർ, പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, റേഷൻ കട ജീവനക്കാർ തുടങ്ങി നിരവധി വിഭാഗങ്ങളെ ടെസ്റ്റിന് വിധേയമാക്കി. ടെസ്റ്റിന്റെ ഭാഗമായി 4 പേർക്ക് മാത്രമേ പോസിറ്റീവ് കണ്ടെത്തിയുള്ളു. തിരിച്ചെത്തിയ പ്രവാസികളുടെ സെന്റിനൽ സർവെയിലൻസ് പരിശോധനയിൽ 29 പേർക്ക് പോസിറ്റീവായി. ഈ കണക്കുകൾ പ്രകാരമാണ് സമൂഹ വ്യാപനം ഇല്ലെന്ന് പറയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നതിന്റെ നിരക്ക് സംസ്ഥാനത്ത് 10 ശതമാനമാണെങ്കിൽ കണ്ണൂരിൽ അത് 20 ശതമാനമാണ്. ജില്ലയിലെ 93 ആക്ടീവ് കേസുകളിൽ 19 എണ്ണം സമ്പർക്കത്തിലൂടെ വന്നതാണ്. അവിടെ കൂടുതൽ കർകശ നിലപാടിലേക്ക് പോകേണ്ടി വരും. മാർക്കറ്റുകളിൽ ചിലത് രോഗവ്യാപന സാധ്യതയുള്ള ഇടങ്ങളാണെന്ന് മനസിലാക്കി അടച്ചിടണമെന്നും മുഖ്യന്ത്രി പറഞ്ഞു. രോഗവ്യാപനം കൂടിയാൽ ട്രിപ്പിൾ ലോക്ക്ഡൗൺ അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ആഴ്ച സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 27 പേർക്കാണ്. സമ്പർക്ക രോഗവ്യാപനം വർധിച്ചാൽ ഇപ്പോഴുള്ള നിയന്ത്രണം പോരാതെ വരുമെനന്ും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights- contact virus spread rate more in kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here