എംപി വിരേന്ദ്ര കുമാറിന് വിട; സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ

അന്തരിച്ച രാജ്യസഭാ എംപി വീരേന്ദ്രകുമാർ എംപിയുടെ സംസ്‌കാരം നടന്നു. പുളിയാർമലയിലെ കുടുംബശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. മകൻ സ്രെയംസ് കുമാറാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി എകെ ശശീന്ദ്രൻ, കെ കൃഷ്ണൻകുട്ടി എന്നിവർ കൽപറ്റയിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. സികെ ശശീന്ദ്രൻ എംഎൽഎയും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. അന്തിമോപചാരം അർപ്പിക്കാൻ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ എംഎൽഎ, പ്രദീപ് കുമാർ എംഎൽഎ, മാതൃഭൂമി ഡയറക്ടർ പി.വി ചന്ദ്രൻ, സംവിധായകൻ രഞ്ജിത്ത് ഉൾപ്പടെ നിരവധി പ്രമുഖർ എത്തിയിരുന്നു.
ഇന്നലെ രാത്രിയാണ് എംപി വീരേന്ദ്രകുമാർ അന്തരിച്ചത്. കോഴിക്കോട് വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നിലവിൽ രാജ്യസഭാംഗമായ വീരേന്ദ്രകുമാർ മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി എംഡിയുമാണ്. എം.കെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കൽപറ്റയിലാണ് വീരേന്ദ്രകുമാറിന്റെ ജനനം. മദിരാശി വിവേകാന്ദ കോളേജിൽ നിന്ന് ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽനിന്ന് എം.ബി.എ. ബിരുദവും നേടി.
2009 ൽ വടകര ലോക്‌സഭാ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സിപിഐഎമ്മുമായി പിണങ്ങി വീരേന്ദ്രകുമാർ മുന്നണി വിട്ടതും രാഷ്ട്രീയ കേരളം കണ്ടു. യു.ഡി.എഫിന്റെ ഭാഗമായി മാറിയ സോഷ്യലിസ്റ്റ് ജനതാദൾ പിന്നീട് നിതീഷ് കുമാറിന്റെ ഐക്യ ജനതാദളിൽ ലയിച്ചെങ്കിലും നിതീഷും സംഘവും എൻ.ഡി.എയിലേക്ക് മടങ്ങിയപ്പോൾ വീരേന്ദ്രകുമാർ വിഭാഗം പാർട്ടി വിടുകയായിരുന്നു. തുടർന്ന് ശരത് യാദവിന്റെ നേതൃത്വത്തിൽ ലോക് താന്ത്രിക് ജനതാദൾ രൂപീകരിച്ചു. യു.ഡി.എഫ് വിട്ട വീരേന്ദ്രകുമാർ വിഭാഗം ഇടതുമുന്നണിയിൽ തിരിച്ചെത്തി. ഇടതുമുന്നണിക്കൊപ്പം ചേർന്നു നിൽക്കാനാണ് എന്നും താൽപര്യമെന്നായിരുന്നു വീരേന്ദ്രകുമാർ അന്ന് പറഞ്ഞത്.
രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനും എന്ന നിലയിൽ കൂടിയാണ് വിരേന്ദ്രകുമാർ ശ്രദ്ധനേടിയിരുന്നത്. സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ആത്മാവിലേക്കൊരു തീർത്ഥയാത്ര, രോക്ഷത്തിന്റെ വിത്തുകൾ, രാമന്റെ ദുഃഖം എന്നിങ്ങനെ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ഹയമതഭൂവിൽ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.
ഉഷയാണ് ഭാര്യ , ശ്രേയാംസ്‌കുമാർ, ആഷ ,നിഷ, ജയലക്ഷ്മി എന്നിവരാണ് മക്കൾ.
Story Highlights- MP Veerendra Kumar cremated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here