Advertisement

കേന്ദ്രം ടൂറിസം പദ്ധതികള്‍ ഉപേക്ഷിച്ചത് വഞ്ചന: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

May 30, 2020
Google News 2 minutes Read
kadakampally surendran

കേന്ദ്രം സംസ്ഥാനത്ത് തുടങ്ങി വച്ച ടൂറിസം പദ്ധതികള്‍ ഉപേക്ഷിച്ചത് വഞ്ചനയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിനും, തീര്‍ത്ഥാടന ടൂറിസത്തിന്റെ സാധ്യതകള്‍ക്കും തിരിച്ചടിയാകുന്ന രീതിയില്‍ 154 കോടി രൂപയുടെ പദ്ധതികള്‍ തുടങ്ങിവെച്ച ശേഷം ഉപേക്ഷിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയക്കുമെന്നും കേന്ദ്ര ടൂറിസം മന്ത്രിക്ക് താന്‍ കത്തയക്കുമെന്നും മന്ത്രി പറഞ്ഞു.

69.47 കോടിയുടെ ശിവഗിരി ശ്രീനാരായണ ഗുരു തീര്‍ഥാടന സര്‍ക്യൂട്ടും 133 ആരാധനാലയങ്ങള്‍ ക്രേന്ദീകരിച്ചുള്ള 85.22 കോടിയുടെ കേരള സ്പിരിച്വല്‍ സര്‍ക്യൂട്ട് പദ്ധതിയുമാണ് ഉപേക്ഷിച്ചത്.ശിവഗിരിയും ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി ഒരു തീര്‍ത്ഥാടന സര്‍ക്യൂട്ട് നടപ്പാക്കണമെന്ന് 2017 ഫെബ്രുവരി രണ്ടിന് വര്‍ക്കല എംഎല്‍എ വി. ജോയി നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. 2017 ഫെബ്രുവരി 17 ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയും ഇങ്ങനെയൊരു പദ്ധതി നടപ്പാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഇതുപ്രകാരമാണ് കേന്ദ്രസര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതി പ്രകാരം ശിവഗിരി തീര്‍ത്ഥാടന വികസനം നടത്താനാകുമെന്ന് മനസിലാക്കി 118 കോടി രൂപയുടെ പദ്ധതി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മുന്നോട്ട് വെച്ചത്. ശിവഗിരി, അഞ്ചുതെങ്ങ് കോട്ട, ആലുവ അദ്വൈതാശ്രമം, നാഗര്‍കോവില്‍ മരുത്വാമല, വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രം എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ബൃഹത് പദ്ധതിയായിരുന്നു ഉദ്ദേശിച്ചത്. കണ്ണൂര്‍ ആസ്ഥാനമായ പ്രമുഖ ആര്‍ക്കിടെക്ട് മധുകുമാര്‍ സംസ്ഥാന സര്‍ക്കാരിന്റെ കണ്‍സെപ്റ്റ് നോട്ട് പ്രകാരം വിശദമായ പദ്ധതി രേഖ (ഡിപിആര്‍) തയാറാക്കി. ശ്രീനാരായണ ധര്‍മസംഘം ഭാരവാഹികളുമായി ചര്‍ച്ച ചെയ്ത് അവര്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ കൂടി വരുത്തിയാണ് ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ടിന്റെ ഡിപിആര്‍ തയാറാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളും, സാംസ്‌കാരിക സ്ഥാപനങ്ങളും ഈ വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിശദമായ പദ്ധതി രേഖ നല്‍കിയത്. ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ തീര്‍ത്ഥാടന സര്‍ക്യൂട്ട് ആവിഷ്‌കരിച്ചത്. ഗുരു ജനിച്ച ചെമ്പഴന്തി ശ്രീ നാരായണ ഗുരുകുലം, അരുവിപ്പുറം, അണിയൂര്‍ ശ്രീ ദുര്‍ഗാദേവീ ക്ഷേത്രം, കോലത്തുകര ശിവക്ഷേത്രം, കന്നുംപാറ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകം, കായിക്കര കുമാരനാശാന്‍ സ്മാരകം, ശിവഗിരി ശ്രീനാരായണ ഗുരു ആശ്രമം എന്നിവയെല്ലാം ബന്ധപ്പെടുത്തിയുള്ള തീര്‍ത്ഥാടന സര്‍ക്യൂട്ടിന്റെ ഭാഗമായി വന്‍തോതിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ വിഭാവനം ചെയ്തത്. എന്നാല്‍, സംസ്ഥാന ടൂറിസം വകുപ്പ് മുന്നോട്ട് വെച്ച 118 കോടി രൂപയുടെ പദ്ധതി വെട്ടിച്ചുരുക്കി 69.47 കോടി രൂപയുടെ പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര വിനോദസഞ്ചാര വകുപ്പ് തീരുമാനിക്കുകയായിരുന്നു. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐടിഡിസിയെ പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. അപ്രകാരം 2019 ജനുവരിയില്‍ അനുമതി നല്‍കി പ്രവര്‍ത്തനമാരംഭിച്ച പദ്ധതിയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചത്. 2019 ഫെബ്രുവരിയില്‍ അന്ന് കേന്ദ്ര ടൂറിസം മന്ത്രിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനമാണ് ശിവഗിരിയില്‍ പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചത്.

Read Also:ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി

സംസ്ഥാന ടൂറിസം വകുപ്പിനെ ഒഴിവാക്കി ഐടിഡിസിയെ കൊണ്ട് പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനത്തിലെ ചില സംശയങ്ങള്‍ സംസ്ഥാനം ചൂണ്ടി കാണിച്ചെങ്കിലും, പദ്ധതി തടസം കൂടാതെ നടപ്പാക്കണമെന്ന നിലപാടുള്ളതിനാല്‍ എല്ലാ സഹകരണവും തുടര്‍ന്നും നല്‍കി. ടൂറിസം വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബന്ധപ്പെട്ട വകുപ്പിനെ പൂര്‍ണമായും ഒഴിവാക്കി ഒരു ടൂറിസം പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ പദ്ധതിയുടെ മേല്‍ ടൂറിസം വകുപ്പിന് യാതൊരു നിയന്ത്രണവും ഇല്ലാതായി. അതിന്റെ ഫലമാണ് ഇന്ന് ഏകപക്ഷീയമായി ശ്രീനാരായണ സര്‍ക്യൂട്ട് കേന്ദ്രസര്‍ക്കാരിന് ഉപേക്ഷിക്കാന്‍ കഴിഞ്ഞത്. ഇതില്‍ ശക്തമായി പ്രതികരിക്കാനും, പ്രതിഷേധിക്കാനും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റും, ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ ബഹുമാനിക്കുന്നവരും രംഗത്ത് വരണമെന്ന് മന്ത്രി പറഞ്ഞു.

Story highlights-deceit is Center tourism projects abandoned Kadakampally Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here