സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട്

മധ്യ-പശ്ചിമ അറബിക്കടലിൽ യെമൻ-ഒമാൻ തീരത്തിന് അടുത്ത് രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ചു. അടുത്ത മണിക്കൂറുകളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി വടക്ക് – പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മെയ് 31 ഓടെ കേരള തീരത്തിനടുത്തായി തെക്ക് കിഴക്കൻ അറബിക്കടലിൽ മറ്റൊരു ന്യൂനമർദം രൂപപ്പെട്ടേക്കും. ന്യൂനമർദം രൂപപ്പെടുന്നതിൻറെ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Read Also: അറബിക്കടലിൽ ഇരട്ട ന്യൂനമർദത്തിന് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
കാലവർഷം ജൂൺ ഒന്നോടെ സംസ്ഥാനത്ത് എത്തിയേക്കുമെന്നും പ്രവചിക്കുന്നു. ഇന്ന് ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ,കണ്ണൂർ എന്നിങ്ങനെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ പത്ത് ജില്ലകളിലും, തിങ്കളാഴ്ച്ച 7 ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമിയിൽ വിള്ളൽ ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിൻ്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കാൻ തയ്യാറാകണം. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായി നിരോധിച്ചു.
Story Highlights: heavy rain kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here