കത്തിയമർന്നത് വീണ്ടെടുക്കാം, ജോർജ് ഫ്ളോയിഡിന് നീതി വേണം; മിനിയപോളിസിലെ ഇന്ത്യൻ റെസ്റ്റോറന്റ് ഉടമയ്ക്ക് കൈ കൊടുത്ത് സോഷ്യൽ മീഡിയ

അമേരിക്കയിലെ മിനിയപോളിസിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊലപ്പെടുത്തിയ ജോർജ് ഫ്ളോയിഡിന് നീതി തേടിയുള്ള പ്രതിഷേധം കനക്കുന്നതിനിടെ ഇന്ത്യൻ റെസ്റ്റോറന്റിന് പ്രതിഷേധക്കാർ തീയിട്ടു. മിനിയപോളിസിലെ പ്രശസ്തമായ ഗാന്ധി മഹൽ റെസ്റ്റോറന്റാണ് പ്രതിഷേധക്കാർ നശിപ്പിച്ചത്. എന്നാൽ അതിനോടുള്ള റെസ്റ്റോറന്റ് ഉടമ ഹഫ്സ ഇസ്മയിലിന്റെ പ്രതികരണമാണ് ശ്രദ്ധേയമായിരിക്കുന്നത്.
റെസ്റ്റോറന്റ് അഗ്നിക്കിരയാക്കുമ്പോഴും പൊലീസിന്റെ ക്രൂരതയിൽ ഞെരിഞ്ഞമർന്ന ജോർജ് ഫ്ളോയിഡിന് നീതി വേണമെന്നായിരുന്നു ഹഫ്സ പറഞ്ഞത്. ഹഫ്സയുടെ മകളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അച്ഛനൊപ്പം ന്യൂസ് കാണുന്നതിനിടെ അദ്ദേഹം ഫോണിൽ പ്രതികരിക്കുന്നത് താൻ കേട്ടു. തന്റെ കെട്ടിടം അവർ കത്തിക്കട്ടെ, നീതി നടപ്പാകേണ്ടതുണ്ട്. ജോർജ് ഫ്ളോയിഡിന്റെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ ജയിലിലടയ്ക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും മകൾ ഫേസ്ബുക്കിൽ കുറിച്ചു. ഗാന്ധി മഹൽ തങ്ങൾ പുനർനിർമിക്കുകയും വീണ്ടെടുക്കുകയും ചെയ്യുമെന്നും അവർ പറഞ്ഞു. ഗാന്ധി മഹലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം എത്തിയത്. നിരവധി പേർ ഹഫ്സ ഇസ്മയിലിനും കുടുംബത്തിനും പിന്തുണയുമായി എത്തി.
ചെറുകിട ഭക്ഷണശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന ജോര്‍ജ് ഫ്‌ളോയിഡ്(46) കഴിഞ്ഞ ദിവസമാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ജോർജിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. നാല് പൊലീസുകാർ ചേർന്ന് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ജോർജിനെ ഇപ്രകാരം കൈകാര്യം ചെയ്തത്. ഷർട്ട് അഴിച്ച് മാറ്റുകയും റോഡിൽ കമിഴ്ത്തി കിടത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് അമേരിക്കയിൽ വ്യാപക പ്രതിഷേധം അരങ്ങേറുകയാണ്. മിനിയപോളിസ് പൊലീസ് സ്റ്റേഷന് കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ തീയിട്ടു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മിനിയപോളിസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
Story highlights-Indian restaurant in Minneapolis ‘Gandhi Mahal’ set ablaze, but owner wants ‘justice’ for George Floyd
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here