ഉത്രയെ കൊന്നത് ഇൻഷുറൻസ് തുക തട്ടാനെന്നും സൂചന; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കൊല്ലം അഞ്ചലിൽ ഉത്രയെ പാമ്പുകടിപ്പിച്ചു കൊലപ്പെടുത്തിയത് ഇൻഷുറൻസ് തുക തട്ടാനെന്നും സൂചന. ഉത്രയുടെ പേരിലുള്ള ഇൻഷുറൻസ് പോളിസിയെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ വീണ്ടും ഹാജരാക്കും.
വലിയ തുകയ്ക്ക് ഉത്രയുടെ പേരിൽ സൂരജ് ഇൻഷുറൻസ് പോളിസി എടുത്തു എന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. ഈ തുക തട്ടിയെടുക്കുക കൂടിയാണ് കൊലപാതകത്തിന് പിന്നിലുള്ള ലക്ഷ്യമെന്നാണ് സൂചന. ഇതിന്റെ രേഖകൾ അന്വേഷണ സംഘം പരിശോധിക്കും.
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടുകൂടി പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കും. ഒരാഴ്ച കൂടി കസ്റ്റഡി കാലാവധി നീട്ടി നൽകാൻ പൊലീസ് കോടതിയിൽ ആവശ്യപ്പെടും. പൊലീസിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന മുറയ്ക്ക് വനം വകുപ്പും പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇതിനായി ജൂൺ ഒന്നിന് പുനലൂർ വനംവകുപ്പ് കോടതിയിൽ അഞ്ചൽ റേഞ്ച് ഓഫീസ് അപേക്ഷ നൽകും. പ്രതികളായ സൂരജ്, സുരേഷ് എന്നിവർക്കെതിരെ 1972ലെ വന്യജീവി നിയമം 9, 39 വകുപ്പുകൾ ചുമത്തി കേസെടുത്തു.
Read Also:കൊല്ലം അഞ്ചല്‍ ഉത്ര കൊലക്കേസ്; പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു
നേരത്തെ അഞ്ചൽ റേഞ്ചിന്റെ നേതൃത്വത്തിൽ സുരേഷിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയിരുന്നു. ഇതിന് സുരേഷിനെതിരെ മറ്റു വകുപ്പുകൾ കൂടി ചേർത്ത് കേസെടുത്തിട്ടുണ്ട്.
Story highlights-new evidence against sooraj on uthra murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here