Advertisement

വാഹനത്തോടൊപ്പം മോഷ്ടിക്കപ്പെട്ട ഒരു പുസ്തകം; ആ പുസ്തകത്തിൽ മകളുടെ 14 വർഷത്തെ ജീവിതത്തിൻ്റെ ഓർമ്മകൾ: ഫേസ്ബുക്ക് പോസ്റ്റ്

May 30, 2020
Google News 1 minute Read
theft story facebook post

ഒരു മോഷണക്കഥ പറഞ്ഞ് ഫേസ്ബുക്ക് കുറിപ്പ്. 2013ൽ തൻ്റെ വാഹനത്തോടൊപ്പം ഒരു പുസ്തകം കൂടി മോഷ്ടിക്കപ്പെട്ട സംഭവമാണ് സതീഷ് കുമാർ എന്ന ഫേസ്ബുക്ക് യൂസർ കുറിച്ചിരിക്കുന്നത്. മകൾ ജനിച്ചതു മുതലുള്ള ഓർമ്മകൾ ആ പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നു എന്നും അവളുടെ 14 വർഷത്തെ ജീവിതമാണ് അതിലൂടെ നഷ്ടപ്പെട്ടതെന്നും കുറിപ്പിൽ സൂചിപ്പിക്കുന്നു. സംവിധായകൻ അരുൺ ഗോപി, പ്രശാന്ത് എൻ ഐഎഎസ് തുടങ്ങിയവർ ഈ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

Read Also: അജ്മീരിലെ ഭീമൻ അണ്ടാവിന്റെ കഥ; ഫേസ്ബുക്ക് കുറിപ്പ്

കുറിപ്പ് വായിക്കാം:

രണ്ടായിരത്തി പതിമൂന്നിലാണ്‌ ചിത്രത്തിൽ കാണുന്ന എന്റെ വണ്ടി മോഷണം പോയത്‌. പതിനഞ്ച്‌ വർഷത്തോളം അംബാസിഡർ ഓടിച്ച്‌ നടന്നിട്ട്‌, അത്രയേറെ മോഹിച്ച്‌ വാങ്ങിയ ഒരു വണ്ടിയായിരുന്നു. അന്നത്തെ എന്റെ സാമ്പത്തിക അവസ്ഥയ്ക്ക്‌ എനിക്ക്‌ ശരിക്കും ‌ താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അത്‌. എങ്കിലും വനയാത്രകൾ ജീവിത രീതിയായി മാറിക്കഴിഞ്ഞിരുന്ന എനിക്ക്‌ അങ്ങനെയൊരെണ്ണം അത്രമേൽ ആവശ്യമായിരുന്നു.

വാങ്ങി കൃത്യം ഒരുവർഷം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ പുതുമയും പൂതിയും തീർന്നിട്ടുണ്ടായിരുന്നില്ല. നല്ല പോലെ മഴപെയ്ത ഒരു രാത്രിയിൽ വീടിന്റെ മുന്നിൽ നിന്ന് അതിന്റെ പൂട്ടുകൾ തകർത്ത്‌ വണ്ടി ആരോ എടുത്തുകൊണ്ടുപോയി.

ഒരു കൂർഗ്ഗ്‌ യാത്ര കഴിഞ്ഞ്‌ വന്ന ദിവസമായിരുന്നു. ചാരുമംജൂംദാരുടെ ജന്മദിവസമോ മരണ ദിവസമോ ആയിരുന്നു എന്നാണോർമ്മ.
മാവോയിസ്റ്റ്‌ ആക്രമണ ഭീഷണിയെ പ്രതി ഒരു ജില്ല മുഴുവൻ പോലീസുകാർ ഉറങ്ങാതെ തെരുവുകളിൽ ചിലവഴിച്ച രാത്രിയായിരുന്നു അത്‌.
അങ്ങനെയുള്ള അതിജാഗ്രതാ രാത്രിയിൽ, അതിനേക്കാൾ ജാഗ്രതയോടെ കള്ളന്മാർ എന്റെ സ്വപ്നവണ്ടി മോഷ്ടിച്ച്‌ കടന്നുകളഞ്ഞു. ഒരു ബേസ്‌ ബാൾ ബാറ്റ്‌ (കളിക്കാനല്ല, പണ്ട്‌ ഒരു പാതിരാത്രിയിൽ പെരിന്തൽമണ്ണ മുക്കം റോഡിൽ വെച്ച്‌ ഞാനും ശൈലജയും മോളും ആക്രമിക്കപ്പെട്ടിരുന്നു. അന്ന് മുതൽ ഞാൻ ഡ്രൈവർ സീറ്റിന്റെ സൈഡിൽ സൂക്ഷിക്കുന്ന ഒരു ആയുധമായിരുന്നു അത്‌.) ഒരു പുസ്തകം, കൊഡേയ്സ്‌ റമ്മിന്റെ ഒരു കുപ്പി എന്നിവയാണ്‌ വണ്ടിയോടൊപ്പം നഷ്ടപ്പെട്ട്‌ പോയ മറ്റ്‌ സാധനങ്ങൾ.

പോലീസ്‌ പരാതിയിൽ റം ബോട്ടിലിന്റെ കാര്യമൊഴിച്ച്‌ ഞാൻ എല്ലാം സൂചിപ്പിച്ചു. പുസ്തകം എന്ന് പറഞ്ഞതും എഴുതിക്കൊണ്ടിരുന്ന റൈട്ടർ തലയുയർത്തി നോക്കി, “പുസ്തകമോ”എന്ന മട്ടിൽ! പുസ്തകം ഒരു മുതലാണ്‌ എന്ന് അയാൾക്ക്‌ തോന്നാത്തതു കൊണ്ടാവണം അയാൾ അത്‌ അവഗണിച്ച്‌ വണ്ടിയും അതിലുണ്ടായിരുന്ന “ചില്ലറ സാധനങ്ങളും” എന്ന് ചുരുക്കിയെഴുതി.

ആ പുസ്തകം എനിക്ക്‌ പക്ഷേ വിലപ്പെട്ടതായിരുന്നു. ആ പുസ്തകത്തെക്കുറിച്ചാണ്‌ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്‌. എനിക്ക്‌ പാതിവഴിയിൽ നഷ്ടമായതും നിങ്ങളിൽ പലർക്കും ഇനി തുടങ്ങാവുന്നതുമായ ഒരു സംഗതി എന്ന നിലയിലാണ്‌ എന്റെ ഈ പറച്ചിലും ആ പുസ്തകവും പ്രസക്തമാവുന്നത്‌.

അത്‌ കൃഷ്ണയുടെ ജാതകമായിരുന്നു, അവളുടെ അച്ഛൻ എഴുതിയ അവളുടെ ജാതകം. നാളും നക്ഷത്രവും ഗ്രഹനിലയുമില്ലാത്ത, ഊഹങ്ങളും പ്രവചനങ്ങളുമില്ലാത്ത അവളുടെ ജീവിതത്തിന്റെ സത്യപുസ്തകം.

ചിന്തുവിനെ പ്രസവിച്ച്‌ വളരെയേറെ വർഷങ്ങൾ കഴിഞ്ഞാണ്‌ ശൈലജ കൃഷ്ണയെ പ്രസവിക്കുന്നത്‌. അവൾ ജനിച്ച അറുപത്‌ ദിവസം തികയുന്നതിനുമുൻപേ അവളേയും കൊണ്ട്‌ ഞങ്ങൾ ചുരം തിരിച്ചുകയറി കാട്ടിക്കുളത്തെത്തി. അന്നുമുതൽ അവൾ വളരുന്നത്‌ ബന്ധുക്കളല്ലാത്ത മനുഷ്യർക്കിടയിലാണ്‌. അതായത്‌ അവളുടെ കുഞ്ഞിക്കാൽ വളർച്ചകളും കുസൃതികളുമൊക്കെ മനസിൽ എഴുതി സൂക്ഷിക്കാൻ അമ്മൂമ്മമാരോ, അമ്മായി/മേമ്മമാരോ, കുഞ്ഞേച്ചികളോ ഇല്ലാതിരുന്ന ഒരു ജീവിത പരിസരം. അതുകൊണ്ട്‌ തന്നെ ഞാൻ അവളുടെ ജീവിതത്തെ അടയാളപ്പെടുത്തിവെക്കാൻ തീരുമാനിച്ചു. തൃശൂർ കൂർക്കഞ്ചേരിയിലെ എലൈറ്റ്‌ ആശുപത്രിയിൽ അവൾ ജനിച്ച നാൾ മുതലുള്ള വിവരങ്ങൾ. അവളെ ആദ്യം കണ്ടവർ, വല്യച്ഛൻ കൊണ്ടുവന്ന ആദ്യത്തെ ഉടുപ്പ്, ആ രാത്രിയിൽ അവളെക്കാണാൻ വയനാട്ടിൽനിന്ന് നടത്തിയ രാത്രിയാത്ര തൊട്ട്‌ ആ പുലർച്ചയിൽ ഞാനും ചിന്തുവും ആശുപത്രിമുറ്റത്തെ തട്ടുകടയിൽ നിന്ന് ഓംലറ്റ്‌ തിന്നതു വരെയുള്ള അത്രയും വിശദമായ കാര്യങ്ങൾ, അവൾ ജനിക്കുമ്പോൾ ജീവിച്ചിരുന്നിരുന്ന അവളുടെ ബന്ധുക്കൾ, അവർക്കും മുൻപുള്ള ഒരു തലമുറയിലെ എനിക്ക്‌ അറിയാവുന്നവർ, അവൾ പറഞ്ഞ “ബൈലബ”എന്ന ആദ്യത്തെ വാക്ക്‌. അവളുടെ അബദ്ധങ്ങൾ, ആദ്യത്തെ സ്കൂൾ കൂട്ടുകാർ, അദ്ധ്യാപകർ, അയൽക്കാർ, ആദ്യത്തെ വാക്ക്‌, ആദ്യത്തെ പാട്ട്‌, ആദ്യത്തെ നൃത്തം എന്നിങ്ങനെ വർഷത്തിൽ ചുരുങ്ങിയത്‌ നാല്‌ തവണ എന്ന കണക്കിലും പിന്നെ എനിക്ക്‌ തോന്നുമ്പോഴൊക്കെയും ഞാൻ ആ പുസ്തകത്തിൽ വിസ്തരിച്ചെഴുതി.

സിറ്റി സെന്ററിലെ സ്റ്റേഷനറി സെക്ഷനിൽ നിന്നും വാങ്ങിയ , മുന്നൂറ്‌ പേജോളമുള്ള എ ഫോർ സൈസിലുള്ള ഒരു വരയിട്ട പുസ്തകമായിരുന്നു അത്‌. കൃഷ്ണക്കുള്ള എന്റെ സമ്പാദ്യമായിരുന്നു അത്‌. എന്റെ മരണശേഷം മാത്രം അവളുടെ കൈയ്യിലെത്തണമെന്ന് ഞാൻ ആഗ്രഹിച്ച ഒരു സമ്മാനം. അച്ഛനില്ലാത്ത ലോകത്തിരുന്നുകൊണ്ട്‌ ഒരു മകൾ വായിക്കേണ്ടതായ അച്ഛൻ എഴുതി വെച്ച അവളുടെ ജീവിതം. ഒരു ഭ്രാന്തൻ സ്വപ്നമായിരുന്നു അത്‌! പലപ്പോഴും ആ രംഗം ഞാൻ മനസിൽ കണ്ടു. പുസ്തകമടയ്ക്കുമ്പോൾ തീർച്ചയായും അവളുടെ കണ്ണുകൾ സജലങ്ങളായിട്ടുണ്ടാകുമെന്ന് ഞാൻ വെറുതേ പലപ്പോഴും മനോവിചാരം ചെയ്തു.

ആ പുസ്തകമാണ്‌ കാറിനോടൊപ്പം മോഷണം പോയത്‌. അങ്ങനെ പറഞ്ഞാൽ ശരിയല്ല, അത്‌ മോഷണം പോയ കാറിനൊപ്പം നഷ്ടപ്പെടുകയാണ്‌ സത്യത്തിൽ ഉണ്ടായത്‌! അത്‌ ആരും മോഷ്ടിക്കുമായിരുന്നില്ല, എനിക്കും കൃഷ്ണക്കുമല്ലാതെ മറ്റാർക്കും അത്‌ വിലമതിക്കുന്ന ഒന്ന് ആയിരുന്നില്ല, ഒരിക്കലും!

ജീപ്പ്‌ മോഷണമായിരുന്നു വീണ വന്മരം. അതിനിടയിൽ പെട്ട്‌ ചതഞ്ഞുപോയ ഒരു കുഞ്ഞു മുക്കൂറ്റി പൂന്തോട്ടമായിരുന്നു ആ പുസ്തകം. ഒരു അച്ഛൻ അയാളുടെ മകൾക്കുവേണ്ടി അവൾ പോലുമറിയാതെ വളർത്തിക്കൊണ്ട്‌ വന്ന ഒന്ന്. മകളുടെ പതിനാല്‌ വർഷത്തെ ജീവിതമുണ്ടായിരുന്നു അതിൽ.

ഇടക്കൊക്കെ എന്റെ അലസതമൂലം ചില കുറവുകൾ വന്നിട്ടുണ്ട്‌. എങ്കിലും പതിനാലുകൊല്ലം ഒരു കുഞ്ഞ്‌ നടന്ന് വളർന്ന പ്രധാനവഴികളെല്ലാം അതിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടായിരുന്നു. വണ്ടിയും അതിലെ “ചില്ലറ സാധനങ്ങളും” എന്ന് ആ പൊലീസുകാരൻ എഴുതിയ ആ ചില്ലറകളിൽ പെട്ടതായിരുന്നു ആ പുസ്തകം. എനിക്കത്‌ എന്തായിരുന്നു എന്ന് അയാൾക്ക്‌ എങ്ങനെ അറിയാനാണ്‌?

പിന്നീട്‌ ഞാൻ അവളുടെ ജീവിതം എഴുതുകയുണ്ടായില്ല. അവളുടെ ഓർമ്മകളെ സ്വയം അടുക്കിയൊതുക്കിവെക്കാൻ അപ്പോഴേക്കും പര്യാപ്തമായിട്ടുണ്ടായിരുന്നു അവളുടെ തലച്ചോറ്!

അതു പോട്ടെ സ്വന്തം സങ്കടങ്ങളെക്കുറിച്ച്‌ എഴുതി നിറക്കുന്നത്‌ ഭോഷത്തമാണ്‌ എന്ന് എനിക്കറിയാം. അപരന്‌ അതിൽ താത്പര്യമുണ്ടാവില്ല, എന്നും. എങ്കിലും ഞാൻ ഇത്രയും എഴുതിവെക്കുന്നതിന്‌ ഒരു ഉദ്ദേശമുണ്ട്‌. എന്റെ വായനക്കാരിൽ നവമാതാപിതാക്കളായ ആർക്കെങ്കിലുമൊക്കെ ‌ എന്റെ സ്വപ്നത്തെ അനുകരിക്കാവുന്നതാണ്‌. മക്കളുടെ ജീവിതത്തെ, അവരുടെ വളർച്ചയുടെ പടവുകളെ, അവളെ ലാളിക്കുകയും സ്നേഹിക്കുകയും വളർത്തുകയും ചെയ്ത മനുഷ്യരെ ഒക്കെ അവൾക്ക്‌ പിന്നീട്‌ അറിയുവാൻ വേണ്ടി ഒന്ന് പകർത്തിവെക്കുന്നത്‌ എത്ര നല്ലതായിരിക്കും. ചുറ്റിനും സ്നേഹമുള്ളവർ മാത്രമുണ്ടായിരുന്ന ഒരു കുട്ടിയായിരുന്നു ഒരിക്കൽ അവൾ എന്ന അറിവ്‌ എത്ര കുളിരുള്ളതായിരിക്കും അവൾക്ക്‌..? “എത്രയോ മനുഷ്യർ സ്നേഹത്തോടെ യജ്ഞിച്ചിട്ടാണ്‌ എന്റെയീ ജീവിതമുണ്ടായത്‌ “എന്ന അറിവ്‌ അവളെ ജീവിതത്തെ കുറച്ചുകൂടി സ്നേഹിക്കാൻ പഠിപ്പിക്കും. വിട്ടുമാറാത്ത ചുമയുണ്ടായിരുന്ന അവൾക്ക്‌ വേണ്ടി ചെറിയാടലോടകം തേടി നടന്ന അവൾ കാണാത്ത ഒരമ്മൂമ്മയുണ്ടായിരുന്നു അവൾക്ക്‌ എന്ന അറിവ്‌ അവളിൽ സ്നേഹം നിറയ്ക്കും.

അതു കൊണ്ട്‌ പ്രിയമുള്ളവരേ,
എനിക്ക്‌ സാധിക്കാതെ വന്ന ആ സ്വപ്നത്തെ നിങ്ങളിൽ ചിലർക്കെങ്കിലും നെഞ്ചിലേറ്റാൻ കഴിയട്ടെ എന്ന ആശംസയോടെ അവസാനിപ്പിക്കുന്നു
വിസ്താരഭയത്തെ അവഗണിച്ചുകൊണ്ട്‌ ഞാനെഴുതിയ ഈ നെടുങ്കൻ കുറിപ്പ്……

Story Highlights: theft story facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here