വിക്ടേഴ്സ് ചാനലുമായി ബന്ധപ്പെട്ട ഉമ്മൻചാണ്ടിയുടെ പ്രസ്താവന തരംതാണത്: വിഎസ് അച്യുതാനന്ദൻ

vs achuthanandan oommen chandy

വിക്ടേഴ്സ് ചാനലുമായി ബന്ധപ്പെട്ട് ശ്രീ ഉമ്മൻചാണ്ടിയുടെ പ്രസ്താവന തരംതാണതെന്ന് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വിഎസ് അച്യുതാനന്ദൻ. എൽഡിഎഫ് സർക്കാരാണ് വിക്ടേഴ്സ് ചാനൽ എന്ന ആശയം പ്രാവർത്തികമാക്കിയതെന്നും 2006 ഓഗസ്റ്റിൽ താനാണ് ചാനൽ ഉദ്ഘാടനം ചെയ്തതെന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

വിഎസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

വിക്ടേഴ്സ് ചാനലുമായി ബന്ധപ്പെട്ട് ശ്രീ ഉമ്മൻചാണ്ടിയുടെ പ്രസ്താവന തരംതാണതാണ്. ഐടി അറ്റ് സ്കൂൾ എന്ന ആശയം രൂപപ്പെടുന്നത് പ്രഫസർ യു.ആർ റാവു അദ്ധ്യക്ഷനായ ഒരു കർമ്മസമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ്. ആ സമിതിയെ നിയോഗിച്ചത് നായനാർ സർക്കാരിൻറെ കാലത്താണ്. സമിതിയുടെ റിപ്പോർട്ട് കിട്ടിയതും വിദ്യാഭ്യാസത്തിൽ ഐടിയുടെ സാന്നിദ്ധ്യം ഉറപ്പാക്കിയതും നായനാർ സർക്കാരിൻറെ കാലത്താണ്.

തുടർന്നുവന്ന യുഡിഎഫ് സർക്കാർ മൈക്രോസോഫ്റ്റിനു വേണ്ടി പാഠപുസ്തകങ്ങളടക്കം തയ്യാറാക്കിയപ്പോൾ അതിനെ എതിർത്തതും സ്വതന്ത്ര സോഫ്റ്റ്‍വേറിനു വേണ്ടി പോരാട്ടം നടത്തിയതും എൽഡിഎഫ് സർക്കാരാണ്. ആ പോരാട്ടത്തിൽ അന്ന് പ്രതിപക്ഷ നേതാവായിരുന്ന എൻറെ നിലപാട് വ്യക്തമായതുകൊണ്ട് കൂടിയാണ് ഇത് പറയുന്നത്. മൈക്രോസോഫ്റ്റിനു വേണ്ടി മാത്രം നടത്തുന്ന പത്താംതരം ഐടി പരീക്ഷ ബഹിഷ്കരിച്ച് കുത്തകവിരുദ്ധ പോരാട്ടം നടത്താൻ അന്ന് കെ.എസ്.ടി.എ പോലുള്ള അദ്ധ്യാപക സംഘടനകളുണ്ടായിരുന്നു. അതിൻറെ ഫലമായിട്ടാണ് ഇന്ന് സ്കൂളുകളിൽ സ്വതന്ത്ര സോഫ്റ്റ്‍വെയർ മാത്രം ഉപയോഗിക്കുന്നത്.

യുഡിഎഫ് സർക്കാരിൻറെ കാലത്താണ് കേരളത്തിലെ വിദ്യാഭ്യാസമേഖല സ്വകാര്യ കുത്തകകൾക്ക് തീറെഴുതാൻ തീരുമാനിക്കുന്നതും, അന്നത്തെ മുഖ്യമന്ത്രി എകെ ആൻറണിക്ക് അതിൻറെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഞാൻ കത്തെഴുതുന്നതും, അതേത്തുടർന്ന് ശ്രീ ആൻറണി പ്രസ്തുത തീരുമാനം ഉപേക്ഷിക്കുന്നതും. വിദ്യാഭ്യാസ മേഖലയിലെ ഏത് അവസരവും കച്ചവടത്തിനായി മാത്രം ഉപയോഗിക്കുക എന്നതായിരുന്നു, അന്ന് യുഡിഎഫ് നിലപാട്.

തുടർന്ന് അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരാണ് വിക്ടേഴ്സ് ചാനൽ എന്ന ആശയം പ്രാവർത്തികമാക്കിയത്. അതായത്, ഇത് വായിക്കുന്ന ആരെങ്കിലും വിക്ടേഴ്സ് ചാനൽ കാണുന്നത് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം മാത്രമാണ്. ഐടി അറ്റ് സ്കൂൾ പദ്ധതിയുടെ പലവിധ സംരംഭങ്ങളിൽ ഒന്നായിരുന്നു, വിക്ടേഴ്സ് ചാനൽ. ഇടതുപക്ഷം ആ ചാനലിനെ എതിർത്തിട്ടില്ല. ആ ചാനലിനെ എന്നല്ല, കേരളത്തിലെ വിദ്യാഭ്യാ മേഖലയിലേക്ക് വിവരസാങ്കേതികവിദ്യയുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കുക മാത്രമേ എൽഡിഎഫ് ചെയ്തിട്ടുള്ളു. എന്തിന്, വിക്ടേഴ്സ് ചാനലിൻറെ ഉദ്ഘാടനം നിർവ്വഹിച്ചത് 2006 ഓഗസ്റ്റിൽ ഞാനായിരുന്നു. ആ ശിലാഫലകം യുഡിഎഫ് സർക്കാരിൻറെ കാലത്ത് നശിപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ അതവിടെ ഇന്നും കാണും.

എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ, അതിൻറെ ആള് ഞാനാണ് എന്ന് വിളിച്ചുപറയുന്നതല്ല, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട്. കോവിഡ് വ്യാപനത്തിൻറെ കാലത്ത് എൽഡിഎഫ് സർക്കാർ കൈക്കൊള്ളുന്ന നടപടികളും അതിന് കിട്ടുന്ന പൊതുജന അംഗീകാരവും ഉമ്മൻചാണ്ടിയെ അസ്വസ്ഥനാക്കുന്നുണ്ടാവാം. അസ്വസ്ഥത മാറ്റാൻ വേണ്ടത് ക്രിയാത്മകമായ സഹകരണമാണ്. അല്ലാതെ, അപ്രസക്തവും അസത്യവുമായ കാര്യങ്ങൾ വിളിച്ചുപറയുന്നതല്ല.

Story Highlights: vs achuthanandan against oommen chandy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top