ഓൺലൈൻ ക്ലാസിനു സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ബദൽ സംവിധാനമൊരുക്കാൻ മാർഗനിർദേശം

ഓൺലൈൻ ക്ലാസിനു സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ബദൽ സംവിധാനമൊരുക്കാൻ മാർഗനിർദേശം പുറപ്പെടുവിച്ചു. ലാപ്‌ടോപ്പുകളും ടിവികളും വിദ്യാർത്ഥികളുടെ ആവശ്യത്തിനായി വിനിയോഗിക്കും. ക്ലാസുകൾ കാണാൻ ആരും പ്രത്യേകം തുക ചെലവഴിക്കേണ്ടതില്ലെന്ന് കൈറ്റ് സിഇഒ വ്യക്തമാക്കി. ഈ ആഴ്ച തന്നെ ബദൽ സംവിധാനം തയാറാക്കാനാണ് നിർദേശം.

ഓൺലൈൻ ക്ലാസിനു സൗകര്യമില്ലാത്ത 2.6 ലക്ഷം കുട്ടികളുണ്ടെന്ന് സർവേയിൽ കണ്ടെത്തിയിരുന്നു. ഇവർക്ക് ബദൽ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ ആഴ്ച തന്നെ ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്തും. സ്മാർട്ട് ക്ലാസ് റൂമുകൾക്കായി സ്‌കൂളുകൾക്ക് 1.20 ലക്ഷം ലാപ്‌ടോപ്പുകളും 70000 പ്രൊജക്ടറുകളും നൽകിയിട്ടുണ്ട്. ഇത് കുട്ടികൾക്കായി വിനിയോഗിക്കാനാണ് മാർഗ നിർദേശത്തിൽ പറയുന്നത്. ഇതോടൊപ്പം 4500 ടെലിവിഷനുകളും സ്‌കൂളുകൾക്ക് നൽകിയിട്ടുണ്ട്. ഇതും കുട്ടികൾക്കായി ഉപയോഗിക്കും.

ഓരോ സ്‌കൂളിലേയും പ്രാദേശിക സാഹചര്യം വിലയിരുത്തി ഇതുപയോഗിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. വാർഡ് തലത്തിൽ ചുമതലയുള്ള അധ്യാപകർക്കോ തദ്ദേശഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കോ ഉപകരണങ്ങൾ നൽകും. നാലു കുട്ടികൾക്കുവരെ ഒരേ സമയം ക്ലാസ് കാണാൻ ഒരു ലാപ്ടോപ്പ് ഉപയോഗിക്കാം. ഡിടിഎച്ച് കണക്ഷനുള്ള സ്ഥലങ്ങളിൽ ടിവിയോ ലാപ്ടോപ്പോ പ്രൊജക്ടറോ ഉപയോഗിക്കാം. ഈ ആഴ്ച മുതൽ ട്രയൽ അടിസ്ഥാനത്തിലായതിനാലും ക്ലാസുകൾ പലതവണ കാണിക്കുന്നതിനാലും മുഴുവൻ കുട്ടികൾക്കും ഇതു കാണാൻ അവസരം ലഭിക്കുന്ന തരത്തിൽ ക്രമീകരണം ഒരുക്കണമെന്നാണ് നിർദേശം. ഈ ക്ലാസുകൾ കാണാൻ ആർക്കും പ്രത്യേക തുക ചെലവഴിക്കേണ്ടതില്ലെന്നും ഉപകരണങ്ങൾ വാങ്ങേണ്ടതില്ലെന്നും കൈറ്റ് വ്യക്തമാക്കി. ആവശ്യമായ സാങ്കേതിക നിർദേശങ്ങൾക്കായി സ്‌കൂളുകൾ കൈറ്റിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്നും കൈറ്റ് സിഇഒ കെ.അൻവർസാദത്ത് അറിയിച്ചു.

Story highlight: Guidelines for Creating an Alternative System for Students Who Do Not Have Online Class

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top