എറണാകുളം പ്രളയ ഫണ്ട് തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം

എറണാകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികൾക്ക് ജാമ്യം. കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഇതോടെ കേസിലെ മൂന്ന് പ്രതികൾ ജയിൽ മോചിതരായി. അതേസമയം പ്രളയഫണ്ട് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തു.

ഒന്നാം പ്രതി വിഷ്ണുപ്രസാദ്, രണ്ടാം പ്രതി മഹേഷ്, ആറാം പ്രതി നിഥിൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. സിപിഐഎം പ്രവർത്തകർ ഉൾപ്പെട്ട പ്രളയഫണ്ട് തട്ടിപ്പ് കേസിൽ മാർച്ച് രണ്ടിനാണ് ആദ്യ അറസ്റ്റ് നടന്നത്. എന്നാൽ 90 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചില്ല. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ഫോറൻസിക് പരിശേധനാഫലമടക്കം വൈകിയെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. കേസിൽ ഇനിയും പിടിയിലാകാത്ത പ്രതികൾ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് വാദം.

read also: കളമശേരി പ്രളയ ഫണ്ട് തട്ടിപ്പ്: ക്രൈം ബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തു

അതിനിടെ സമാന വിഷയത്തിൽ മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തു. ദുരിതാശ്വാസ നിധിയിൽ നിന്ന് 73 ലക്ഷം രൂപ കാണാനില്ലെന്ന എഡിഎമ്മിന്റെ പരാതിയിലാണ് പുതിയ കേസ്. കളക്ട്രേറ്റ് ജീവനക്കാരന്റെ നേതൃത്വത്തിലുള്ള 27 ലക്ഷം രൂപയുടെ പ്രളയഫണ്ട് തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് കലക്ടർ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ അന്വേഷണത്തിലാണ് കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തിയത്. തുടർന്ന് എഡിഎം ക്രൈബ്രാഞ്ചിന് രണ്ടാമത്തെ പരാതി നൽകി. ദുരിതാശ്വാസ നിധിയിൽ 73 ലക്ഷം രൂപയുടെ കുറവാണ് കണ്ടെത്തിയത്. നേരത്തെ തട്ടിപ്പ് നടത്തിയവർ തന്നെയാണ് പണാപഹരണത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. വ്യാജ രസീതുകളുണ്ടാക്കിയാണ് തുക തട്ടിയതെന്നാണ് നിഗമനം. കളക്ട്രേറ്റ് ജീവനക്കാരനായ വിഷ്ണു പ്രസാദ് പണം തട്ടാൻ വ്യാജമായി തയ്യാറാക്കിയ 287 രസീതുകൾ ക്രൈംബ്രാഞ്ച് കണ്ടെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കലക്ട്രേറ്റ് വഴി ലഭിച്ച തുകയുടെ വിവരങ്ങളടങ്ങിയ ഫയലുകൾ കാണാതായിരുന്നു. കലക്ട്രേറ്റ് ജീവനക്കാരനായ വിഷ്ണു പ്രസദാണ് കേസിലെ മുഖ്യ ആസൂത്രകൻ. തൃക്കാക്കരയിലെ പ്രാദേശിക സിപിഐഎം നേതാക്കളും കേസിൽ പ്രതികളാണ്. സിപിഐഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളായിരുന്ന അൻവർ, ഭാര്യ ഖൗറത്ത്, എൻഎൻ നിതിൻ, ഭാര്യ ഷിന്റു എന്നിവർ കേസിൽ പ്രതികളാണ്. ഇവരെ കേസിന് പിന്നാലെ പാർട്ടി പുറത്താക്കിയിരുന്നു.

Story highlights- flood fund, fraud case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top