പി ജെ ജോസഫും ജോസ് കെ മാണിയും യുഡിഎഫില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നാണ് പ്രതീക്ഷ: പി കെ കുഞ്ഞാലിക്കുട്ടി

പി ജെ ജോസഫും ജോസ് കെ മാണിയും യുഡിഎഫില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഇരുവിഭാഗവും തമ്മിലെ പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാളെ തിരുവനന്തപുരത്ത് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം വിഷയം ചർച്ച ചെയ്യും.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തിൽ വിട്ടു വീഴ്ചയ്ക്കില്ലെന്നാണ് ജോസ് കെ മാണിയും പിജെ ജോസഫും യു ഡി എഫ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പ്രശ്നപരിഹാരത്തിന് രണ്ടുദിവസത്തെ സാവകാശം തേടിയ കോണ്‍ഗ്രസ് നേതൃത്വം നാളെ നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിഷയം ചർച്ച ചെയ്യും. ഇരുകൂട്ടർക്കും പരിക്കില്ലാത്ത ഫോർമുല ഹൈക്കമാന്‍റിന്‍റെ അനുമതിയോടെ അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടുമെന്ന് മധ്യസ്ഥ ചർച്ചകള്‍ക്ക് നേതൃത്വം നല്‍കിയ പി കെ കുഞ്ഞാലിക്കുട്ടി പ്രതീക്ഷ പ്രകടിപ്പിച്ചു.
കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയില്‍ കേരളാ കോണ്‍ഗ്രസിലെ ഇരുവിഭാഗവുമായി മുതിർന്ന നേതാക്കള്‍ ഇടപെട്ട് നടത്തിയ പ്രശ്നപരിഹാര ചർച്ച പരാജയപ്പെട്ടിരുന്നു. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തതാണ് കാരണം. ഇരുവിഭാഗവും അവകാശവാദങ്ങളിലുറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ മുന്നണിനേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി നിർണായകം. ഇരുകൂട്ടരും അത് എത്രകണ്ട് അംഗീകരിക്കുമെന്നതും ശ്രദ്ധേയമാണ്.
Story highlights- kerala congress m, PK Kunhalikutty