കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ്-ജോസ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷം

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ്-ജോസ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായി. പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന കോണ്‍ഗ്രസ് നിര്‍ദേശം ജോസ് കെ മാണി വിഭാഗം തള്ളി. ഇതോടെ മുപ്പതിന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് ജോസഫ് പക്ഷം വ്യക്തമാക്കി.
കേരള കോണ്‍ഗ്രസിന്റെ ഊഴത്തില്‍ ആദ്യ എട്ടു മാസം ജോസ് കെ മാണി പക്ഷത്തിനും, ശേഷിക്കുന്ന ആറുമാസം ജോസഫ് വിഭാഗത്തിനും പ്രസിഡന്റ് പദവി എന്നായിരുന്നു മുന്നണി ധാരണ. ഇതു പ്രകാരം ജൂലൈ 25ന് സ്ഥാനമേറ്റ ജോസ് ഗ്രൂപ്പിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പദവി ഒഴിയാത്തതാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചത്. ധാരണ പാലിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം ജോസ് പക്ഷം തള്ളി. 30ന് തിരുവനന്തപുരത്ത് ചേരുന്ന യുഡിഎഫ് യോഗത്തില്‍ അനുകൂല തീരുമാനം വന്നില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് ജോസഫ് ഗ്രൂപ്പിന്റെ മുന്നറിയിപ്പ്. ജോസ് പക്ഷം ഇടത് മുന്നണിയിലേക്ക് മാറ്റത്തിന് മുന്നോടിയായാണ് യുഡിഎഫ് നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതെന്ന് ജോസഫ് വിഭാഗം ആരോപിച്ചു. ഇടതു മുന്നണി വിപുലീകരണം ഉണ്ടാകുമെന്ന മന്ത്രി ഇപി ജയരാജന്റെ പ്രതികരണത്തോടെ കേരള കോണ്‍ഗ്രസുകളുടെ മുന്നണി മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്.
Story highlights-Kerala Congress factions dispute over kottayam district panchayat presidet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here