ഈ മാസം ഒൻപതിന് അർധരാത്രി മുതൽ കേരളാ തീരത്ത് ട്രോളിംഗിന് നിരോധനം

trolling banned in kerala coast from june 9

ഈ മാസം ഒൻപതിന് അർധരാത്രി മുതൽ കേരളാ തീരത്ത് ട്രോളിംഗ് നിരോധനം നിലവിൽവരും. ജൂലൈ 31 അർധരാത്രിവരെ 52 ദിവസം നീണ്ടുനിൽക്കുന്നതാണ് സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം. ജില്ലയിൽ നിലവിൽ പ്രവർത്തിക്കുന്ന എല്ലാ ഇതരസംസ്ഥാന ബോട്ടുകളും ജൂൺ ഒൻപതിന് മുൻപായി തീരം വിട്ട്‌പോകണം. ഹാർബറിലെ ഡീസൽ ബങ്കറുകൾ, തീരപ്രദേശത്തെ മറ്റു ഡീസൽ ബങ്കുകൾ എന്നിവ ട്രോളിംഗ് നിരോധന കാലയളവിൽ അടച്ചിടണം.

ഇൻബോർഡ് വള്ളങ്ങൾക്ക് മത്സ്യഫെഡ് ബങ്കുകളും മറ്റ് തെരഞ്ഞെടുത്ത ബങ്കുകളും മുഖേനെ ഡീസൽ ലഭ്യമാക്കും. യന്ത്രവത്കൃത ബോട്ടുകൾക്ക് ഡീസൽ നൽകുവാൻ പാടില്ല. ട്രോളിംഗ് നിരോധന നടപടികൾ വിലയിരുത്തുന്നതിനായി എഡിഎം കെ.ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

ട്രോളിംഗ് നിരോധന കാലയളവിൽ രാസവസ്തുക്കൾ കലർന്ന മത്സ്യങ്ങളുടെ വിപണനം തടയുന്നതിന് നടപടികൾ സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ, ഫിഷറീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ട്രോളിംഗ് നിരോധനം മൂലം തൊഴിൽ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികൾ, പീലിംഗ് ഷെഡ് തൊഴിലാളികൾ എന്നിവർക്ക് മുൻകാലങ്ങളിലേതുപോലെ സൗജന്യ റേഷൻ അനുവദിക്കും. ഇതിനായി മത്സ്യത്തൊഴിലാളികൾ അതാത് മത്സ്യഭവൻ ഓഫിസുകളുമായി ബന്ധപ്പെടണം.

ട്രോളിംഗ് നിരോധകാലത്തും യന്ത്രവത്കൃത ഇൻബോർഡ് വള്ളങ്ങൾക്ക് മത്സ്യബന്ധനത്തിന് അനുമതിയുണ്ട്. എന്നാൽ ഒരു ഇൻബോർഡ് വള്ളത്തിനൊപ്പം ഒരു ക്യാരിയർ വള്ളം മാത്രമെ അനുവദിക്കൂ. ക്യാരിയർ വള്ളത്തിന്റെ രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ അതാത് ഫിഷറീസ് ഓഫീസുകളിൽ യാന ഉടമകൾ നൽകണം.

ഈകാലയളവിൽ കടലിൽപോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നിർബന്ധമായും ബയോമെട്രിക് തിരിച്ചറിയൽ കാർഡും, സുരക്ഷാ ഉപകരണങ്ങളും കരുതുകയും ജാഗ്രത പാലിക്കേണ്ടതുമാണ്. തൊഴിലാളികൾ കാലാവസ്ഥ മുന്നറിയിപ്പുകൾ പാലിക്കണം. കടലിലുണ്ടാകുന്ന അപകടങ്ങൾ നേരിടാൻ മൂന്ന് പട്രോളിംഗ് ബോട്ടുകളും വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കോസ്റ്റ് ഗാർഡ് കപ്പലും ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിനും പട്രോളിംഗിനുമായി മുഴുവൻസമയവും സജ്ജമായിരിക്കും.

കടലിൽ രക്ഷാപ്രവർത്തനം ആവശ്യമായിവരുന്ന സാഹചര്യത്തിൽ താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം. ഫിഷറീസ് കൺട്രോൾ റൂം 0484 2502768, 9496007037, 9496007029. മറൈൻ എൻഫോഴ്‌സ്‌മെന്റ് 9496007048. കോസ്റ്റൽ പോലീസ് സ്‌റ്റേഷൻ അഴീക്കോട് 0480 2815100, ഫോർട്ട് കൊച്ചി 0484 2215006, 1093. കോസ്റ്റ് ഗാർഡ് 0484 2218969, ടോൾ ഫ്രീ നമ്പർ 1554. നേവി 0484 2872354, 2872353.

Story Highlights – trolling banned in kerala coast from june 9

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top