പിജെ ജോസഫ് – ജോസ് കെ മാണി തർക്കത്തിൽ യുഡിഎഫിൻ്റെ മധ്യസ്ഥ ശ്രമം പൊളിഞ്ഞു

PJ Joseph - Jose K Mani

കേരള കോൺഗ്രസ് ജോസഫ് – ജോസ് കെ മാണി തർക്കത്തിൽ യുഡിഎഫിൻ്റെ മധ്യസ്ഥ ശ്രമം പൊളിഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തിൽ വിട്ടു വീഴ്ചക്കില്ലെന്ന് ജോസ് കെ മാണിയും പിജെ ജോസഫും യു ഡി എഫ് നേതൃത്വവുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിൽ വ്യക്തമാക്കി. ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയതോടെ യുഡിഎഫ് നേതൃത്വം പ്രതിസന്ധിയിലായി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ജോസഫ് വിഭാഗത്തിന് നൽകണമെന്ന് കോൺഗ്രസ്, ജോസ് കെ മാണിക്ക് അന്ത്യശാസനം നൽകി.

Read Also:  കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ്-ജോസ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷം

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസ്സ് എമ്മിലെ ഇരുവിഭാഗങ്ങള്‍ തമ്മിലെ തർക്കം മുറുകുന്ന പശ്ചാത്തലത്തിലാണ് മുന്നണി നേതൃത്വം വിഷയത്തിലിടപെട്ടത്. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയില്‍ ഇന്നലെ രാത്രി രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പളളിയും പികെ കുഞ്ഞാലിക്കുട്ടിയും ബെന്നി ബഹനാനും ജോസ് കെ മാണിയും പിജെ ജോസഫുമായി ചർച്ച നടത്തി. പ്രശ്നപരിഹാര ചർച്ചയില്‍ ഇരുവിഭാഗവും നിലപാടിലുറച്ചു നിന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വിട്ടുനല്‍കാനുളള ധാരണ പാലിക്കാന്‍ ജോസ് കെ മാണി തയ്യാറായില്ലെങ്കില്‍ മുന്നണി സംവിധാനത്തില്‍ അർത്ഥമില്ലെന്ന് ജോസഫ് ചൂണ്ടിക്കാട്ടി. മുന്നണിയുടെ കാര്യക്ഷമതയില്ലായ്മയാണ് പ്രശ്നത്തിന് കാരണമെന്നും ജോസഫ് ആരോപിച്ചു. പ്രശ്നപരിഹാരത്തിന് പി ജെ ജോസഫിനോട് രണ്ടുദിവസത്തെ സാവകാശം തേടിയ മുന്നണിനേതൃത്വം, ധാരണപാലിക്കാന്‍ തയ്യാറാകണമെന്ന് ജോസ് കെ മാണിക്ക് അന്ത്യശാസനവും നല്‍കി. മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന നിലപാടുകളില്‍ നിന്ന് ഇരുവിഭാഗവും വിട്ടുനില്‍ക്കണമെന്ന നിർദേശവും നേതൃത്വം മുന്നോട്ടുവെച്ചു.

Read Also: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ മാണി

കോട്ടയത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനമൊഴിയാൻ ധാരണയുണ്ടായിരുന്നില്ലെന്നും പാർട്ടി ശക്തികേന്ദ്രങ്ങളിൽ വിട്ടുവീഴ്ചക്കില്ലെന്നുമായിരുന്നു പ്രശ്നപരിഹാര ചർച്ചയില്‍ ജോസ് കെ മാണിയുടെ നിലപാട്. ജോസഫിന്‍റെ നിലപാടുകളാണ് മുന്നണിയെ ദുർബലപ്പെടുത്തുന്നതെന്നും ജോസ് കെ മാണി ആരോപിച്ചു. പാലാ ഉപതെരഞ്ഞെടുപ്പ് വേളയില്‍ സ്വീകരിച്ച സമീപനവും പിണറായിയെ പുകഴ്ത്തിയതുമെല്ലാം ഉദാഹരണമായി ജോസ് പക്ഷം ചൂണ്ടിക്കാട്ടി. ഒരുവേളയിലും തങ്ങള്‍ യുഡിഎഫിന് എതിരായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ജോസ് കെ മാണി വിശദീകരിച്ചു. ഇരുവിഭാഗവും അവകാശവാദങ്ങളിലുറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ മുന്നണിനേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി നിർണായകം. പി കെ കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയിലാണ് പ്രശ്നപരിഹാര ചർച്ചകള്‍ പുരോഗമിക്കുന്നത്.

Story Highlights: UDF’s mediation attempt collapses in PJ Joseph – Jose K Mani dispute

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top