കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ മാണി

jose k mani

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം. കെഎം മാണിയുടെ കാലത്തെ കരാര്‍ അനുസരിച്ച് മുന്നോട്ട് പോകുമെന്നും, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ജോസ് കെ മാണി പറഞ്ഞു. പിജെ ജോസഫ് പക്ഷം രാജിക്കായി സമ്മര്‍ദ്ദം ഉയര്‍ത്തിയതോടെ യുഡിഎഫ് നേതൃത്വം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.

Read Also: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ്-ജോസ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശം പരസ്യമായി തള്ളിയാണ് ജോസ് കെ മാണി രംഗത്തെത്തിയത്. 2015ല്‍ കെഎം മാണിയുമായി ഉണ്ടാക്കിയ ധാരണ മാത്രമാണ് നിലവിലുള്ളത്. ഏത് സാഹചര്യത്തിലും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി. പിളര്‍പ്പിന് ശേഷം ഉണ്ടായ തര്‍ക്കത്തില്‍ ആദ്യ എട്ടുമാസം ജോസ് കെ മാണി പക്ഷത്തിനും, ശേഷിക്കുന്ന ആറു മാസം ജോസഫ് വിഭാഗത്തിനും പ്രസിഡന്റ് പദവി എന്നായിരുന്നു മുന്നണി ധാരണ. എന്നാല്‍ ഇത് തങ്ങള്‍ അംഗീകരിച്ചിരുന്നില്ല എന്നാണ് ജോസ് പക്ഷത്തിന്റെ പ്രതികരണം.ജോസഫ് ഗ്രൂപ്പും കടുത്ത നിലപാടില്‍ തന്നെയാണ്. മുന്നണി മാറ്റം സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറിയ ജോസ് കെ മാണി, ഇടതുമുന്നണിയെ പ്രകീര്‍ത്തിക്കുന്നത് പിജെ ജോസഫാണെന്നും പരോക്ഷ പ്രതികരണം നടത്തി. ജില്ലാ പഞ്ചായത്തില്‍ തര്‍ക്കം മുറുകുമ്പോള്‍ യുഡിഎഫില്‍ പുതിയ പൊട്ടിത്തെറിക്കുള്ള കളമാണ് ഒരുങ്ങുന്നത്.

Story highlights-Jose K Mani refuse to give district panchayat president position

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top