മണീടിലെ ക്വാറി അപകടം; കരിങ്കൽ ക്വാറി പ്രവർത്തിച്ചത് നിയമ വിരുദ്ധമായെന്ന് പഞ്ചായത്ത് അധികൃതർ

പിറവം മണീടിൽ രണ്ട് പേർ കൊല്ലപ്പെട്ട ക്വാറി പ്രവർത്തിച്ചത് നിയമ വിരുദ്ധമായിട്ടെന്ന് പഞ്ചായത്തധികൃതർ. ക്വാറിക്ക് തുടർന്നും പ്രവർത്തനാനുമതി നൽകരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം ജീവനും സ്വത്തിനും ഭീഷണി ഉയർത്തി പ്രവർത്തിക്കുന്ന ഡയമണ്ട് അഗ്രിഗേറ്റ്‌സ് ക്വാറിക്കെതിരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.

മാർച്ചിൽ പഞ്ചായത്തധികൃതർ പ്രവർത്തനാനുമതി നിഷേധിച്ച ക്വാറി ഹൈക്കോടതി വിധിയുടെ ബലത്തിലാണ് പ്രവർത്തനം പുനരാരംഭിച്ചത്. രണ്ടാഴ്ച പ്രവർത്തിക്കാനാണ് കോടതി അനുമതി നൽകിയത്. എന്നാൽ ഈ കാലാവധി മൂന്ന് ദിവസം മുൻപ് കഴിഞ്ഞിരുന്നു. അതിനുശേഷവും പ്രവർത്തിക്കവെയാണ് ഇന്നലെ ദാരുണമായ അപകടം നടന്നത്. ക്വാറിയുടെ ഒരു ഭാഗത്തു നിന്നും പാറയുടെ വലിയൊരു പാളി ഇടിഞ്ഞ് പോന്നതാണ് ഇപ്പോഴത്തെ അപകടത്തിന് കാരണം. നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തി പ്രവർത്തിക്കുന്ന ഡയമണ്ട് അഗ്രിഗേറ്റ്‌സ് ക്വാറിക്കെതിരെ സമരവുമായി മുന്നോട്ട് പോകാനാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം.

Read Also: പിറവം പാറമടയിലെ അപകടം; പൊലീസ് കേസെടുത്തു

വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് സമുച്ചയം ഉൾപ്പടെയുള്ള സർക്കാർ ഓഫീസുകളും എൽപി സകൂൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവയും ഒരു പ്രൈമറി ഹെൽത്ത് സെന്ററും ഇതിന് ചുറ്റിലുമായി പ്രവർത്തിക്കുന്നുണ്ട്. ഇതുവരെ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ ക്വാറിക്ക് പ്രവർത്തനാനുമതി നിഷേധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മണീട് വില്ലേജ് ഓഫീസിന് സമീപമുള്ള പാറമടയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് ഒരു ഇതര സംസ്ഥാന തൊഴിലാളി അടക്കം രണ്ട് പേർ മരിച്ചു. ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു കൂറ്റൻ പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നും തൊഴിലാളികളെ പുറത്തെടുത്തത്. ഇരുവരും ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണപെട്ടത്. അപകടത്തിൽ മരിച്ച മണീട് സ്വദേശിയുടെയും പശ്ചിമബംഗാൾ സ്വദേശിയുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ട് നൽകും.

 

pravam, maneedu, quarry accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top