വിക്ടേഴ്സ് ചാനൽ തുടക്കം, വളർച്ച; മുൻ ചാനൽ മേധാവിയുടെ ഫേസ്ബുക്ക് കുറിപ്പ്

വിക്ടേഴ്സ് ചാനലുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ തർക്കം തുടരുന്നതിനിടെ ചാനലിൻ്റെ ആദ്യകാല മേധാവി അജിത്ത് കുമാറിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ആദ്യം 6 മണിക്കൂർ മാത്രമായിരുന്നു സംപ്രേഷണം എന്നും മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസുകളും ചാനൽ സംപ്രേഷണം ചെയ്തിരുന്നു എന്നും അദ്ദേഹം കുറിയ്ക്കുന്നു.

Read Also: ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കെതിരെ സൈബര്‍ ബുള്ളിയിംഗ്; നിയമനടപടികളുമായി മുന്നോട്ടു പോവും-കൈറ്റ് വിക്ടേഴ്സ് സിഇഒ

അജിത്ത് കുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

വിക്ടേഴ്‌സ് ചാനല്‍ വിവാദം ആദ്യകാലം നേതൃത്വം കൊടുത്തയാള്‍ എന്ന നിലയില്‍ ചിലത് പറയാനുണ്ട് —-

ഐടി@സ്‌കൂള്‍ ആരംഭിക്കുന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. ബിജു പ്രഭാകര്‍, അന്നദ്ദേഹം ഐഎഎസ് അല്ല, അദ്ദേഹത്തോടൊപ്പം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു അധ്യാപക കൂട്ടായ്മ. ഇതായിരുന്നു നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ ഐടി ഇടപെടലിന്റെ തുടക്കം. അത് വലിയ വിജയവുമായിരുന്നു. സോഫ്‌റ്റ്വെയര്‍ സംബ്ബന്ധിച്ചുമൊക്കെ ഇടതുപക്ഷത്തുനിന്നും ഒട്ടേറെ വിവാദങ്ങളും ഇക്കാലത്ത് വന്നിരുന്നു.

ഞാനന്ന് ഐടി മിഷനില്‍ ഡപ്യൂട്ടേഷനിലാണ്. അന്‍വര്‍ സാദത്തും നാരായണ സ്വാമിയും വിനോദും ബിന്‍സിയും ഒക്കെ ചേര്‍ന്ന ഒരു സംഘം. പലപ്പോഴും ഐടി@സ്‌കൂളുമായി പല കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ഐഎസ്ആര്‍ഒ എഡ്യൂസാറ്റ് വിക്ടേഴ്‌സ് ചാനല്‍ തുടങ്ങിയത് ഗോര്‍ക്കി സെന്ററിലായിരുന്നു. അന്ന് നടന്ന ഏക ദിന സെമിനാറില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഈയിടെ അടുക്കിപ്പെറുക്കലിനിടെ കണ്ടിരുന്നു.

വിദൂര പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ ROT ( റീസീവ് ഒണ്‍ലി ടെര്‍മിനല്‍) വച്ച് ഗോര്‍ക്കി ഭവനില്‍ നിന്നും പ്രഗത്ഭര്‍ ക്ലാസെടുക്കുന്നതായിരുന്നു തുടക്കം. അച്യുത് ശങ്കറിനെപോലുള്ള പ്രഗത്ഭര്‍ ക്ലാസെടുക്കും. അത് തത്സമയം ROT വഴി കാണാം. 2 മണിക്കൂറായിരുന്നു സംപ്രേക്ഷണം എന്നു തോന്നുന്നു. ആകെ 6 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ചാനല്‍. ആന്ധ്രയിലും മറ്റും സമാനമായ പരിപാടികള്‍ ഉണ്ടായിരുന്നു. SIET തയ്യാറാക്കിയ മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസുകളും സംപ്രേഷണം ചെയ്തിരുന്നു. യൂത്ത് ഫെസ്റ്റിവല്‍ സംപ്രേഷണം ചെയ്തപ്പോള്‍ താത്ക്കാലികമായി ചില കേബിളുകാര്‍ അത് കാണിച്ചിരുന്നു. ചേര്‍ത്തലയിലെ ഒരു കേബിള്‍ നെറ്റ്വര്‍ക്കും വിക്ടേഴ്‌സ് കാണിക്കാന്‍ തുടങ്ങിയിരുന്നു. ജോസഫ് ആന്റണിയുടെയും മറ്റും ശ്രമഫലമായിരുന്നു അതെന്നു തോന്നുന്നു.

ഇതിനിടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഐടി മിഷനില്‍ നിന്നും വിദ്യാഭ്യാസ വകുപ്പു മന്ത്രി എം.എ.ബേബി അന്‍വര്‍ സാദത്തിനെ ഐടി@സ്‌കൂളിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. അവിടെ നിന്നും നാരായണ സ്വാമിയും ഒപ്പം പോയി. ഞാന്‍ അക്ഷയ ഡയറക്ടറുടെ ചുമതല ഒഴിഞ്ഞ് ഡപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് പിആര്‍ഡിയില്‍ നിയമനം കാത്തുനില്‍ക്കുകയാണ്. അന്നത്തെ ഡയറക്ടര്‍ ജൂനിയര്‍ മോസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ റിവേര്‍ഷന്‍ ഒഴിവാക്കാന്‍ ഒരു മാസത്തിലേറെ നിയമനം നല്‍കാതെ എന്നെ പുറത്തുനിര്‍ത്തി. ഈ സമയമാണ് അന്‍വര്‍ എന്നെ വിക്ടേഴ്‌സിന്റെ ചുമതലയിലേക്ക് ക്ഷണിക്കുന്നത്. സാങ്കേതികമായി യാതൊരു ധാരണയുമില്ലാത്ത രംഗമാണെങ്കിലും പരീക്ഷിച്ചുനോക്കാം എന്ന് തീരുമാനിച്ചു.

ഗോര്‍ക്കി ഭവനില്‍ വിക്ടേഴ്‌സും പൂജപ്പുരയില്‍ ഐടി@സ്‌കൂളും എന്നതായിരുന്നു അവസ്ഥ. ROT സംബ്ബന്ധിച്ച അന്വേഷണം ഒരു കാര്യം ഉറപ്പാക്കി. 33 കേന്ദ്രങ്ങളില്‍ രണ്ടോ മൂന്നോ മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളു. ഈ നിലയില്‍ ഇത് മുന്നോട്ടുപോകുന്നതില്‍ അര്‍ത്ഥമില്ല. ഒരു വിദ്യാഭ്യാസ ചാനലാക്കി മാറ്റണം, ക്രമേണ മുഴുവന്‍ സമയവും സംപ്രേഷണം നടക്കുന്ന ചാനല്‍. ഇതായിരുന്നു ഞങ്ങളുടെ സ്വപ്നം. ആകെ ഒരു പ്രൊഡ്യൂസറും ക്യാമറാമാനും മാനേജരും ഓപ്പറേറ്ററുമൊക്കെയുളള സംവിധാനം. പരിപാടികള്‍ റെക്കോര്‍ഡ് ചെയ്ത് ടെലികാസ്റ്റ് ചെയ്യുക എന്നതായിരുന്നു തുടക്കത്തിലെ തീരുമാനം. ‘അതിഥിയോടൊത്ത് അല്‍പ്പനേരം’ , അറിവ് പകരുന്ന ക്ലാസുകള്‍ ഉള്‍പ്പെടുന്ന ‘തുള്ളികള്‍ ‘ -ഇങ്ങനെ രണ്ട് പരമ്പരകള്‍ ആരംഭിച്ചു. ഒരു മാസത്തേക്കുള്ള കണ്ടന്റ് തയ്യാറാക്കി വച്ചശേഷം പരസ്യം ചെയ്തു. വിക്ടേഴ്‌സ് കേബിള്‍ ശ്രംഖലയില്‍ കിട്ടാത്തവര്‍ നിങ്ങളുടെ കേബിള്‍ ദാതാവിനോട് ചോദിച്ചു വാങ്ങുക എന്നതായിരുന്നു പരസ്യത്തിലെ നിര്‍ദ്ദേശം. സ്‌കൂളുകളില്‍ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

മികച്ച പ്രതികരണമായിരുന്നു. ഏഷ്യാനെറ്റൊഴികെ ബാക്കിയുള്ളവര്‍ വിക്ടേഴ്‌സ് കാണിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ ആറു മണിക്കൂറും പിന്നീട് 12 മണിക്കൂറും 18 മണിക്കൂറും എന്ന നിലയില്‍ നിന്നും 24X7 ലേക്ക് ചാനല്‍ മാറി. കണ്ടന്റിന്റെ ക്ഷാമം പരിഹരിക്കാന്‍ SIET തയ്യാറാക്കിയ മുഴുവന്‍ വീഡിയോകളും വാങ്ങി. കേരളത്തില്‍ അക്കാലത്ത് തയ്യാറാക്കിയ വീഡിയോകളെല്ലാം വിലകൊടുത്തുവാങ്ങി. ഡോക്യുമെന്ററികളുടെ വലിയ കളക്ഷനുണ്ടായി. 5 ജീവനക്കാരുടെ നിലയില്‍ നിന്നും 30-ലേറെ ജീവനക്കാരായി. മികച്ച സ്റ്റുഡിയോ പൂജപ്പുരയില്‍ തയ്യാറായി. ഗോര്‍ക്കി ഭവനില്‍ നിന്നും ചാനല്‍ പൂജപ്പുരയിലേക്ക് മാറി.സംപ്രേഷണത്തിന് വര്‍ഷം 10 ലക്ഷം രൂപ ആവശ്യപ്പെട്ട ഏഷ്യാനെറ്റിനും ഒടുവില്‍ പ്രേക്ഷകരുടെ ഡിമാന്‍ഡിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.

നാഷണല്‍ ഫിലിം ഡവലപ്പമെന്റ് കോര്‍പ്പറേഷനില്‍ നിന്നും മികച്ച സിനിമകള്‍ വാങ്ങി. ജര്‍മ്മനിയിലെ DW -ല്‍ നിന്നും മികച്ച അന്താരാഷ്ട്ര നിലവാരമുളള കണ്ടന്റുകള്‍ വാങ്ങി. രാവും പകലും ഷൂട്ടിംഗും (ഇന്‍ഡോറും ഔട്ട്‌ഡോറും) ആരംഭിച്ചു. ആദ്യ ടെലിഫിലിം നിര്‍മ്മിച്ചത് പതിനായിരം രൂപ ചിലവിലായിരുന്നു. പിന്നീട് ടെലിഫിലിമുകളും ഡോക്യുമെന്ററികളും ധാരാളം നിര്‍മ്മിച്ചു. ആദ്യ ലൈവ് വിഷുദിനത്തിലായിരുന്നു. മുരുകന്‍ കാട്ടാക്കടയായിരുന്നു ലൈവില്‍ പങ്കെടുത്തത്.യുവജനോത്സവം മറ്റേതൊരു ചാനലിനേക്കാളും മികച്ച രീതിയില്‍ ടെലികാസ്റ്റു ചെയ്യാനും കഴിഞ്ഞു. പല സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വീഡിയോ കോണ്‍ഫറന്‍സും വിക്ടേഴ്‌സ് സ്റ്റുഡിയോയില്‍ നടന്നു. രണ്ട് വര്‍ഷത്തെ ഡപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയത് തികഞ്ഞ സംതൃപ്തിയോടെയായിരുന്നു.

ഇതിനൊക്കെയും കാരണമായത് അന്‍വര്‍ സാദത്ത് എന്ന വ്യക്തിയില്‍ എം.എ.ബേബി അര്‍പ്പിച്ച വിശ്വാസമായിരുന്നു. രാഷ്ട്രീയ ഇടപെടല്‍ ഒരു നിയമനത്തിലോ ഒരു കണ്ടെന്റ് പര്‍ച്ചേയ്‌സിലോ പോളിസിയിലോ ഉണ്ടായില്ല. ഡിപിഐ മുഹമ്മദ് ഹനീഷ് ഐഎഎസ് അന്‍വറിന് നല്‍കിയ ശക്തമായ പിന്‍തുണ, അത്യാവശ്യം ഒരു ഡിക്‌റ്റേറ്റര്‍ രീതിയിലുള്ള അന്‍വറിന്റെ അഡ്മിനിസ്‌ട്രേഷന്‍, ഐടി@സ്‌കൂള്‍ പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ അകമഴിഞ്ഞ സാമ്പത്തിക സഹായം , ടീമിന്റെ അര്‍പ്പണബോധം എന്നിവയായിരുന്നു മറ്റ് ഘടകങ്ങള്‍. ഭരണം യുഡിഎഫിനായപ്പോള്‍ ചിലരുടെ കുശുമ്പും കുന്നായ്മയും കാരണം അന്‍വറിന് മാറേണ്ടിവന്നു. തുടര്‍ന്ന് പ്രസ്ഥാനം ഏത് നിലയില്‍ ഉയര്‍ന്നോ അതേ നിലയില്‍ തകര്‍ന്നു. അവിടെനിന്നും അതിനെ വീണ്ടും ഉയര്‍ന്ന നിലയിലേക്ക് തിരികെ കൊണ്ടുവരാനും അയാള്‍ തന്നെ വരേണ്ടി വന്നു. 2010 വരെയുള്ള കഥകളാണ് ഞാന്‍ പറഞ്ഞത്. മറ്റുള്ളവര്‍ക്കും ഇതുപോലെ പലതും പറയാനുണ്ടാകും.

എന്തായാലും കേരളം ഒരു വല്ലാത്ത ഇടമാണ്. എന്തിലും ഏതിലും രാഷ്ട്രീയം കാണുകയും നല്ലതിന്റെയെല്ലാം ക്രഡിറ്റ് എടുക്കുകയും ചെയ്യാനുളള ശ്രമങ്ങള്‍ കഷ്ടമാണ്. അവനവന്റെ കാലത്ത് നടന്നതിന്റെ ക്രഡിറ്റില്‍ ഒതുങ്ങാന്‍ ശ്രമിക്കുക. എല്ലാറ്റിനും ഞാനാണ് അധികാരി എന്ന തോന്നല്‍ ഒരു പാര്‍ട്ടിക്കും ഒരു വ്യക്തിക്കും ഭൂഷണമല്ല തന്നെ. ചാനലുകളും പത്രങ്ങളും ഈ രാഷ്ട്രീയനാടകങ്ങളുടെ പിന്നാലെ നടക്കുന്നിടത്തോളം കാലം ഇത്തരം വിലകുറഞ്ഞ ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്നതിന് സംശയമില്ല.

Story Highlights: victers channel history

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top