പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ച സ്‌കൂളുകളില്‍ അധിക ടോയ്‌ലറ്റുകൾ നിർമിക്കും

2018 – 2019 വര്‍ഷങ്ങളിലെ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ച പത്തനംതിട്ട ജില്ലയിലെ 63 സ്‌കൂളുകളില്‍ അധിക ടോയ്‌ലറ്റ് നിര്‍മിക്കുന്നതിന് ശുചിത്വകേരളം (റൂറല്‍ ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കി ഉത്തരവായി. പത്തനംതിട്ട ജില്ലയില്‍ പ്രളയദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ച സര്‍ക്കാര്‍/എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 63 സ്‌കൂളുകളിലാണ് അധിക ടോയ്‌ലറ്റ് നിര്‍മിക്കുന്നത്.
സംസ്ഥാന ശുചിത്വമിഷന്‍ തയാറാക്കിയ പ്ലാനും എസ്റ്റിമേറ്റും പ്രകാരം നിര്‍മിക്കുന്ന ടോയ്‌ലറ്റുകള്‍ക്ക് രണ്ടെണ്ണം ഉള്‍ക്കൊള്ളുന്ന ഒരു യൂണിറ്റിന് രണ്ടു ലക്ഷം രൂപയാണ് ലഭിക്കുക. അധികമായി വേണ്ടിവരുന്ന തുക തദ്ദേശസ്ഥാപനത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നോ ഇതര ഫണ്ടുകളില്‍ നിന്നോ കണ്ടെത്തണം. തദ്ദേശസ്ഥാപനത്തിലെ എന്‍ജിനീയറിംഗ് വിഭാഗത്തിനാണ് നിര്‍മാണ ചുമതല.
നിലവില്‍ തെരഞ്ഞെടുത്തിട്ടുള്ള സ്‌കൂളുകള്‍ സംബന്ധിച്ച വിവരം ഗ്രാമപഞ്ചായത്തുകളില്‍ അറിയിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകള്‍ ഇതിനാവശ്യമായ പ്രോജക്ടുകള്‍ രൂപീകരിച്ച് എത്രയും പെട്ടെന്ന് ആസൂത്രണ സമിതി അംഗീകാരം നേടേണ്ടതും പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിക്കേണ്ടതുമാണെന്ന് ജില്ലാ ശുചിത്വമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
Story Highlights – Additional toilets will be set up in schools
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here