ലൈഫ്മിഷന്‍; ജില്ലയിലെ നിര്‍ധനരായ കൂടുതല്‍ പേരെ പദ്ധതിയിൽ ഉള്‍പ്പെടുത്തുമെന്ന് പത്തനംതിട്ട ജില്ലാ കോ -ഓർഡിനേറ്റർ

life mission

പട്ടികജാതി, പട്ടിക വര്‍ഗ, മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട വീടില്ലാത്തവരെയും ഭൂമി ഇല്ലാത്തവരെയും ഇളവുകള്‍ നല്‍കി ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി. സുനില്‍ അറിയിച്ചു. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ നിലവില്‍ വീട് നല്‍കിയിട്ടുള്ളവരുടെ ലിസ്റ്റ് 2017 ല്‍ തയാറാക്കിയതാണ്. ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബാംഗങ്ങള്‍ക്ക് ആര്‍ക്കെങ്കിലും വീടുണ്ടെങ്കില്‍ മറ്റൊരാളിന് അര്‍ഹതയില്ല, 25 സെന്റില്‍ അധികം ഭൂമിയുണ്ടാകരുത് എന്നീ വ്യവസ്ഥകള്‍ മൂലം അര്‍ഹരായ ഒട്ടേറെ പട്ടികജാതി, പട്ടിക വര്‍ഗ കുടുംബങ്ങള്‍ ലൈഫ് പദ്ധതിതിയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നു കണ്ടതിനെ തുടര്‍ന്ന് അങ്ങനെയുള്ളവരെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി.

Read Also:കൊവിഡ് ബോധവത്കരണം; പത്തനംതിട്ടയിൽ കാർട്ടൂൺ മതിൽ തയാർ

ഇപ്രകാരം ഉള്‍പ്പെടുത്തേണ്ടവരുടെ പട്ടിക ബന്ധപ്പെട്ട വകുപ്പുകള്‍ തയാറാക്കി ലൈഫ് മിഷന്‍ മുഖേന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെത്തിച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗത്തില്‍ 2770 ഭവനരഹിതരും 1134 ഭൂരഹിതരും, പട്ടികവര്‍ഗ വിഭാഗത്തില്‍ 462 ഭവനരഹിതരും 335 ഭൂരഹിതരും മത്സ്യതൊഴിലാളി വിഭാഗത്തില്‍ 15 ഭവനരഹിതരും അഞ്ചു ഭൂരഹിതരുമടക്കം ജില്ലയില്‍ 4721 പേരാണ് പട്ടികയില്‍ ഉള്ളത്. ഈ പട്ടിക ജൂണ്‍ അഞ്ചിനു മുമ്പ് ഗ്രാമപഞ്ചായത്ത്/നഗരസഭകളില്‍ പ്രസിദ്ധീകരിക്കും. തുടര്‍ന്ന് പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍ അപേക്ഷകരുടെ വീടുകളിലെത്തി അര്‍ഹത ഉറപ്പാക്കും. ജൂണ്‍ 20 നു മുമ്പ് ഇത് പൂര്‍ത്തിയാക്കും. പരിശോധനയുടെ അടിസ്ഥാനത്തില്‍ അര്‍ഹരുടെയും അനര്‍ഹരുടെയും കരട് പട്ടിക ജൂലൈ അഞ്ചിന് അകം പ്രസിദ്ധീകരിക്കും.

ഇപ്രകാരം പ്രസിദ്ധീകരിക്കുന്ന പട്ടികയെ കുറിച്ച് ആക്ഷേപമുള്ളവര്‍ക്ക് പഞ്ചായത്ത്തല അപ്പീല്‍ കമ്മിറ്റിക്ക് അപ്പീല്‍ നല്‍കാം. ജൂലൈ 15 വരെ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാം. ജൂലൈ 25ന് അകം ആക്ഷേപങ്ങള്‍ തീര്‍പ്പാക്കും. പഞ്ചായത്തുതല അപ്പീല്‍ കമ്മിറ്റിയുടെ അധ്യക്ഷന്‍ തദ്ദേശസ്ഥാപനത്തിലെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായിരിക്കും. തദ്ദേശസ്ഥാപന സെക്രട്ടറി, ബ്ലോക്ക് പട്ടികജാതിവികസന ഓഫീസര്‍, ഫിഷറീസ് ഇന്‍സ്പക്ടര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, പട്ടികജാതി /പട്ടികവര്‍ഗത്തില്‍പ്പെട്ട തദ്ദേശസ്ഥാപന ജനപ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കും.
പഞ്ചായത്തുതല അപ്പീല്‍ കമ്മിറ്റിയുടെ തീരുമാനത്തിന്മേല്‍ ആക്ഷേപമുള്ളവര്‍ക്ക് ഓഗസ്റ്റ് അഞ്ചിന് അകം ജില്ലാതല അപ്പീല്‍ കമ്മിറ്റിക്ക് അപേക്ഷ നല്‍കാം. ഓഗസ്റ്റ് 15-ന് അകം ഈ അപ്പീലുകള്‍ തീര്‍പ്പാക്കും. ജില്ലാതല അപ്പീല്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ ജില്ലാ കളക്ടറും, കണ്‍വീനര്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറുമായിരിക്കും. ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.

Read Also:പത്തനംതിട്ടയിൽ ഹോം ക്വാറന്റീനിൽ കഴിയുന്നവരുടെ വീടിന് നേരെ കല്ലേറ്

അപ്പീല്‍ കമ്മിറ്റികളുടെ തീരുമാനപ്രകാരം പുതുക്കിയ ഗുണഭോക്തൃ പട്ടിക തദ്ദേശ സ്ഥാപനങ്ങള്‍ പരിഗണിച്ച ശേഷം ഓഗസ്റ്റ് 25ന് മുമ്പായി ഗ്രാമസഭകളുടെ അംഗീകാരം തേടണം. ഗ്രമസഭകള്‍ അംഗീകരിച്ച അന്തിമ മുന്‍ഗണനാപട്ടിക ഓഗസ്റ്റ് 31ന് അകം പ്രസിദ്ധപ്പെടുത്തണം. തുടര്‍ന്ന് ഭവനനിര്‍മാണത്തിന് ധനസഹായം അനുവദിക്കും.

Story Highlights – LifeMission, Pathanamthitta District

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top