കാട്ടാനയുടെ കൊലപാതകം; എസ്റ്റേറ്റ് സൂപ്പർ വൈസർ കസ്റ്റഡിയിൽ

പാലക്കാട് മണ്ണാർക്കാട് കാട്ടാനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. ആനയ്ക്ക് പരുക്കേറ്റതായി കരുതുന്ന അമ്പലപ്പാറയിലെ എസ്റ്റേറ്റ് സൂപ്പർവൈസറാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ സഹായിക്കുവേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. രണ്ട് പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ആകെ ഞെട്ടിച്ച സംഭവം നടന്നത്. ഭക്ഷണം തേടി നാടിറങ്ങിയ പിടിയാനയ്ക്കാണ് ദാരുണാനുഭവമുണ്ടായത്. ഭക്ഷണം തേടി എസ്റ്റേറ്റിലെത്തിയ ആനയ്ക്ക് പന്നിപ്പടക്കം പൊട്ടി പരുക്കേൽക്കുകയായിരുന്നു. പൈനാപ്പിളിൽ പന്നിപ്പടക്കം വച്ചു നൽകിയെന്നായിരുന്നു വിവരം പുറത്തുവന്നത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത കുറവുണ്ട്.
read also: കാട്ടുപന്നിയെ പിടികൂടാൻ ഒരുക്കിയ സ്ഫോടക വസ്തു കെണിയിൽപെട്ട കാട്ടാനയ്ക്ക് ദാരുണാന്ത്യം
ആനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്‌ഫോടക വസ്തുക്കൾ കൈവശം വച്ചു എന്ന കേസ് പൊലീസും വന്യജീവിയെ പരുക്കേൽപ്പിച്ചു എന്ന നിലയ്ക്ക് വനംവകുപ്പും കേസെടുത്തിട്ടുണ്ട്. രണ്ട് കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.
story highlights- elephant death