മരണമടഞ്ഞ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുടെ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് 50 ലക്ഷം വീതമുള്ള പിഎംജികെപി ഇന്‍ഷുറന്‍സ് ക്ലൈം എത്തി
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ അപകടത്തിൽ മരണമടഞ്ഞ രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കേന്ദ്ര സര്‍ക്കാരിന്റെ 50 ലക്ഷം വീതമുള്ള പിഎംജികെപി ഇന്‍ഷുറന്‍സ് ക്ലൈം ബന്ധുക്കളുടെ അക്കൗണ്ടില്‍ എത്തി. സ്റ്റാഫ് നഴ്സായിരുന്ന ആസിഫിന്റെയും ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ആയിരുന്ന ഡോണയുടെയും കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മാര്‍ത്ഥയോടെയും അര്‍പ്പണ മനോഭാവത്തോടെയും പ്രവര്‍ത്തിച്ചിരുന്ന ആസിഫിന്‍റെയും ഡോണയുടേയും മരണം ആരോഗ്യ വകുപ്പിന് തീരാനഷ്ടമാണ്. കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശൂര്‍ എന്‍എച്ച്എം വഴി ഇക്കഴിഞ്ഞ മാര്‍ച്ച് 16നാണ് എ.എ. ആസിഫ് സ്റ്റാഫ് നഴ്‌സായി കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ആശുപത്രിയില്‍ കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത സമയത്ത് രോഗിയെ പരിചരിക്കുന്നതിലും അവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിലും അതിനുശേഷം ഐസൊലേഷന്‍ വാര്‍ഡ്, ആംബുലന്‍സ് എന്നിവ അണുവിമുക്തമാക്കുന്നതിനും മറ്റുള്ളവര്‍ ഭയന്ന് നില്‍ക്കുന്ന സമയത്ത് ആത്മധൈര്യത്തോടെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച സ്റ്റാഫ് നഴ്‌സായിരുന്നു ആസിഫ്. എന്നാല്‍ ഏപ്രില്‍ 10ന് ആസിഫ് ഓടിച്ച് പോയ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മരണം സംഭവിക്കുകയായിരുന്നു.ജനറല്‍ നഴ്‌സിംഗും പോസ്റ്റ് ബേസിക് പഠനവും പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ഫെബ്രുവരി 24നാണ് ഡോണ 108 ആംബുലന്‍സിന്റെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആയി ജോലിയില്‍ പ്രവേശിച്ചത്. കൊവിഡുമായി ബന്ധപ്പെട്ട് രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ കൃത്യനിഷ്ഠയോടെയും അര്‍പ്പണ മനോഭാവത്തോടെയും ഡോണ പ്രവര്‍ത്തിച്ചിരുന്നു. മെയ് നാലിന് രാത്രി ഏഴിന് കൊവിഡുമായി ബന്ധപ്പെട്ട രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് 108 ആംബുലന്‍സ് അപകടത്തില്‍പ്പെടുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ ഡോണ മരണമടയുകയായിരുന്നു.
മരണമടഞ്ഞ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം വീതമുള്ള കേന്ദ്ര സര്‍ക്കാരിന്റെ പിഎംജികെപി ഇന്‍ഷുറന്‍സ് ക്ലൈം അവരുടെ ബന്ധുക്കളുടെ അക്കൗണ്ടില്‍ എത്തി. കുടുംബാംഗങ്ങളുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ഡോ. കൃഷ്ണ പ്രസാദിൽ നിന്ന് ഏറ്റുവാങ്ങി.
കുടുംബത്തിന് അല്‍പമെങ്കിലും സ്വാന്ത്വനമേകാൻ ആരോഗ്യ വകുപ്പിനും ആരോഗ്യ കേരളത്തിനുമായി എന്നത് ആശ്വാസകരമാണ്. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ മുമ്പാകെ 50ലേറെ ക്ലെയിമുകള്‍ വന്നതില്‍ ആദ്യമായി പാസായത് കേരളത്തില്‍ നിന്നുള്ള ഈ രണ്ട് ക്ലെയിമുകളാണ്. കേരള ആരോഗ്യ വകുപ്പിന്റെ ഭാഗമായി എന്‍എച്ച്എം മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, എച്ച്ആര്‍ മാനേജര്‍ കെ. സുരേഷ്, കൊവിഡ്-19 സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍, തൃശൂര്‍ ഡിഎംഒ ഡോ. കെ.ജെ. റീന, ഡിപിഎം ഡോ. സതീശന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ എത്തിക്കുന്നതിന് നടത്തിയ കൂട്ടായ പരിശ്രമങ്ങളും ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ഡോ. കൃഷ്ണ പ്രസാദ് ഡല്‍ഹിയിലിടപെട്ട് ക്ലെയിം പാസാക്കുന്നതിന് നടത്തിയ പരിശ്രമങ്ങളും അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി അറിയിച്ചു.
Story Highlights: prime minister, Health Insurance,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here